തിരുവനന്തപുരം: ബി.ജെ.പി സ്ഥാനാർത്ഥികൾക്കെതിരെ ഇടതുപക്ഷം നിറുത്തിയ അപരന്മാർക്ക് ബി.ജെ.പി ചിഹ്നമായ താമരയ്ക്ക് സമാനമായ റോസാപൂവ് ചിഹ്നം നൽകിയെന്നാരോപിച്ച് നഗരസഭയിലെ ബി.ജെ.പി സ്ഥാനാർത്ഥികൾ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്ത് പ്രതിഷേധം സംഘടിപ്പിച്ചു.ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ്, സംസ്ഥാന ജനറൽ സെക്രട്ടറി പി.സുധീർ എന്നിവരുടെ നേതൃത്തിലായിരുന്നു സമരം. സാധാരണ ദേശീയ -സംസ്ഥാന പാർട്ടികളുടെ സ്ഥാനാർത്ഥികൾക്ക് ശേഷമാണ് സ്വതന്ത്രർക്ക് ബാലറ്റ് പട്ടികയിൽ സ്ഥാനം നൽകുക.ഇത്തവണ ബി.ജെ.പി സ്ഥാനാർത്ഥികളുടെ അപരൻമാർക്ക്
ബി.ജെ.പി.സ്ഥാനാർത്ഥികളുടെ തൊട്ടടുത്ത് സ്ഥാനം നൽകിയത് ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് ആരോപണം. ചെമ്പഴന്തി വാർഡിലെ ബി.ജെ.പി സ്ഥാനാർത്ഥി ചെമ്പഴന്തി ഉദയനെതിരെ നിറുത്തിയ ചെന്തേരി ഉദയന് തൊട്ടടുത്ത് റോസാ പൂവ് ചിഹ്നം നൽകി.
ആര്യനാട് ജില്ലാ പഞ്ചായത്ത് ഡിവിഷൻബി.ജെ.പി സ്ഥാനാർത്ഥിക്ക് ചിഹ്നത്തിനായി പാർട്ടി നൽകിയ കത്ത് ഫയലിൽ നിന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ മുക്കിയെന്നും ബി.ജെ.പി ആരോപിച്ചു. പ്രതിഷേധത്തെ തുടർന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ ബി.ജെ.പി നേതാക്കളുമായി ചർച്ച നടത്തി.