കല്ലമ്പലം: തമ്മിലടിയും കാല് വാരലും മൂലം രണ്ട് സീറ്റിൽ ഒതുങ്ങിയ കോൺഗ്രസ് പള്ളിക്കലിൽ ഉയിർത്തെഴുന്നേൽപ്പിനൊരുങ്ങുകയാണ്. കൈവിട്ടു പോയ പഞ്ചായത്ത് ഭരണം തിരിച്ചു പിടിക്കുമെന്ന ഉറച്ച വിശ്വാസത്തിൽ.വിട്ട് കൊടുക്കില്ല എന്ന ആത്മവീര്യത്തോടെ എൽ.ഡി.എഫ് കവചം തീർക്കുമ്പോൾ, വാർഡുകൾ പിടിച്ചെടുക്കാൻ ബി.ജെ.പി ശക്തമായി മുന്നേറുകയാണ്.പള്ളിക്കലിൽ പൊരിഞ്ഞ പോരിനാണ് കളമൊരുങ്ങുന്നത്.13 അംഗ ഭരണസമിതിയിൽ നിലവിൽ പത്ത് സീറ്റും എൽ.ഡി.എഫിനാണ്. കോൺഗ്രസിന് വെറും രണ്ട് സീറ്റിൽ ഒതുങ്ങേണ്ടി വന്നു. ഒരു സീറ്റിൽ കോൺഗ്രസ് വിമതനും. 2010 ലെ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിനായിരുന്നു മുൻതൂക്കം. 13 ൽ എട്ട് സീറ്റും നേടിയെങ്കിലും തമ്മിലടിയും കേസും വഴക്കുമായി. അതിന്റെ പ്രതിഫലനം അടുത്ത തിരഞ്ഞെടുപ്പിലുണ്ടായി. കോൺഗ്രസ് എട്ട് നിലയിൽ പൊട്ടി. അത് പാഠമാക്കിക്കൊണ്ടാണ് പുതിയൊരു ചുവടുവയ്പിന് കോൺഗ്രസ് ഒരുങ്ങുന്നത്.
2010ലെ വിജയം ആവർത്തിക്കുമെന്ന് കോൺഗ്രസ് പറയുന്നു. എന്നാൽ ഇക്കുറിയും തങ്ങളെ കൈവിടില്ലെന്ന വിശ്വാസത്തിലാണ് ഇടതുപക്ഷം. ബി.ജെ.പി വാർഡുകൾ പിടിച്ചെടുക്കാനുള്ള പടപുറപ്പാടിലുമാണ്.
ത്രിതല പഞ്ചായത്ത് സംവിധാനം നിലവിൽ വന്ന 1995 ലെ തിരഞ്ഞെടുപ്പിൽ തലനാരിഴയ്ക്കാണ് എൽ.ഡി.എഫ് അധികാരത്തിലെത്തിയത്. ആകെയുള്ള ഒമ്പത് വാർഡിൽ എൽ.ഡി.എഫ് 4, കോൺഗ്രസ് 3, ബി.ജെ.പി 1, സ്വതന്ത്രൻ 1 എന്നിങ്ങനെയായിരുന്നു കക്ഷിനില. ഭരണം പിടിക്കാനായി സ്വതന്ത്രന് ഏക സ്റ്റാൻഡിംഗ് കമ്മിറ്റി സ്ഥാനം നൽകി എൽ.ഡി.എഫിലെ സുനന്ദകുമാരി പ്രസിഡന്റായി. പ്രസിഡന്റ് സ്ഥാനം വനിതയ്ക്കായിരുന്നിട്ടും ഒരു വനിത സ്ഥാനാർത്ഥിയെപ്പോലും ജയിപ്പിക്കാൻ കോൺഗ്രസിനായില്ല. 10 വാർഡായി ഉയർന്ന 2000 ൽ എട്ട് സീറ്റ് നേടി എൽ.ഡി.എഫ് വീണ്ടും ഭരണത്തിലേറി.
2005 ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിൽ രാഷ്ട്രീയതർക്കം രൂക്ഷമായിരുന്നു. കോൺഗ്രസിൽ നിന്ന് പിരിഞ്ഞ ഒരു വിഭാഗം ഡി.ഐ.സിയിലെത്തി. 12 ൽ രണ്ട് വാർഡുകൾ ഡി.ഐ.സി നേടി. കോൺഗ്രസ് നാലിലും എൽ.ഡി.എഫ് ആറിലും ജയിച്ചു. തിരഞ്ഞെടുപ്പിനുശേഷം ഡി.ഐ.സി കോൺഗ്രസുമായി ചേർന്നു. കക്ഷിനില സമമായതോടെ നറുക്കിട്ടു. പ്രസിഡന്റ് സ്ഥാനം എൽ.ഡി.എഫിനും വൈസ് പ്രസിഡന്റ് യു.ഡി.എഫിനും കിട്ടി.
2010 ൽ സംഗതി മാറി മറിഞ്ഞു. യു.ഡി.എഫ് ഭരണത്തിലേറി. 13 സീറ്റിൽ എട്ട് സീറ്റ് നേടി അധികാരത്തിലെത്തിയിട്ടും ഭരണം കീറാമുട്ടിയായി. ഇതിന്റെ ഫലം 2015 ൽ കോൺഗ്രസിന് അനുഭവിക്കേണ്ടിവന്നു. ഭരണം വീണ്ടും തിരിഞ്ഞ് എൽ.ഡി.എഫിലായി. 13 ൽ 10 സീറ്റും എൽ.ഡി.എഫ് നേടിയപ്പോൾ രണ്ടെണ്ണം കൊണ്ട് കോൺഗ്രസിന് തൃപ്തിപ്പെടേണ്ടിവന്നു. ഭരണം നിലനിറുത്താൻ ഇക്കുറി സി.പി.എം 11 വാർഡിലും സി.പി.ഐ രണ്ടിടത്തുമാണ് മത്സരിക്കുന്നത്. തിരിച്ചു പിടിക്കാൻ കോൺഗ്രസ് മുഴുവൻ സീറ്റിലും മത്സരിക്കുന്നു. ബി.ജെ.പിയും എല്ലാ വാർഡിലും കനത്ത മത്സരം കാഴ്ചവയ്ക്കുകയാണ്.