sc

തിരുവനന്തപുരം: ഗസറ്റഡ് റാങ്കിലുള്ള ഹയർ സെക്കൻഡറി അദ്ധ്യാപകർക്കും കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് (കെ.എ.എസ്) പരീക്ഷയെഴുതാമെന്ന ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവച്ചു. ഇതോടെ,ഇവർക്കായി പി.എസ്.സി വീണ്ടും പ്രാഥമിക പരീക്ഷ നടത്തും. ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ നൽകിയ പ്രത്യേകാനുമതി ഹർജി ജസ്റ്റിസ് എസ്. അബ്ദുൾ നസീർ അദ്ധ്യക്ഷനായ ബെഞ്ചാണ് തള്ളിയത്. ഭരണപരിചയമില്ലെന്ന് പറഞ്ഞാണ് ഗസറ്റഡ് റാങ്കിലുള്ള ഹയർ സെക്കൻഡറി അദ്ധ്യാപകരെ കെ.എ.എസ് പരീക്ഷ എഴുതുന്നതിൽ നിന്ന് സർക്കാർ ഒഴിവാക്കിയത്. ഈ തീരുമാനം ഹൈക്കോടതി റദ്ദാക്കുകയായിരുന്നു.
സുപ്രീംകോടതി വിധിയുടെ വിശദാംശങ്ങൾ പരിശോധിച്ച ശേഷമാവും തുടർനടപടിയെന്നാണ് പി.എസ്.സിയുടെ വിശദീകരണം.കെ.എ.എസ് ഒന്നും രണ്ടും സ്ട്രീമുകളിലെ രണ്ടു പരീക്ഷകളും പൂർത്തിയായെങ്കിലും മൂന്നാം സ്ട്രീമിലെ നടപടികൾ കേസ് കാരണം തടസപ്പെട്ടിരുന്നു.
മൂന്നാം സ്ട്രീമിലേക്ക് 1500ഓളം പേരാണ് അപേക്ഷിച്ചിരുന്നത്. എന്നാൽ 900ത്തിനകത്തുള്ളവർക്ക് മാത്രമേ പ്രാഥമിക പരീക്ഷ എഴുതാൻ സാധിച്ചിരുന്നുള്ളൂ. വീണ്ടും പരീക്ഷ നടത്തുന്നതോടെ, നേരത്തെ പരീക്ഷ എഴുതുന്നവരുടെ മാർക്കുകൾ സമീകരിച്ച ശേഷമായിരിക്കും ഷോർട്ട്ലിസ്റ്റ് പ്രസിദ്ധീകരിക്കുക. ഇതിന്റെ അടിസ്ഥാനത്തിൽ ഈ വിഭാഗത്തിന് മാത്രമായി പിന്നീട് മെയിൻ പരീക്ഷയും നടത്തും.ഇത് സംബന്ധിച്ച് കാര്യങ്ങൾ തിങ്കളാഴ്ച നടക്കുന്ന പി.എസ്.സി യോഗത്തിൽ ചർച്ച ചെയ്യും.