സന്തോഷത്തിന്റെയും ആഘോഷത്തിന്റെയും ദിവസങ്ങളാണ് ഡിസംബർ-ജനുവരി മാസങ്ങൾ. എന്നാൽ, ചിലർക്കെങ്കിലും അത് വേദനയുടെയും വിഷമതകളുടെയും ഓർമ്മകൾ നൽകുന്ന നാളുകളാണ്. ഈ കാലയളവിലെ കടുത്ത തണുപ്പും അത് കാരണമുള്ള വാതവർദ്ധനയുമാണ് ഇഷ്ടപ്പെടാത്ത ഓർമ്മകൾക്ക് കാരണം.
വേദന ,ഉളുക്ക് ,പെരുപ്പ്, കോച്ചിവലിക്കൽ, സന്ധികൾ അനക്കാൻ കഴിയായ്ക തുടങ്ങിയ ലക്ഷണങ്ങളുള്ള വാതരോഗങ്ങളാണ് തണുപ്പുകാലത്ത് പൊതുവേ പിടിമുറുക്കുന്നത്. അക്കൂട്ടത്തിൽ പാദത്തിലെ കട്ടിയുള്ള ത്വക്കിന്റെ വേദനയെ വർദ്ധിപ്പിച്ച് വെടിച്ച്കീറലും അനുബന്ധ ബുദ്ധിമുട്ടുകളും ഉണ്ടാക്കുന്നു. ഈ വാതരോഗമാണ് വിപാദിക അഥവാ ഉപ്പൂറ്റിയിലെ വെടിച്ചുകീറൽ.
താരതമ്യേന ഗുരുതരമല്ലെന്നോ വളരെ നിസാരമെന്നോ തോന്നിക്കുന്ന ഒന്നാണ് വെടിച്ചുകീറൽ
എങ്കിലും, അതുകാരണം ബുദ്ധിമുട്ടുന്നവർക്കേ അതിന്റെ പ്രയാസമറിയൂ. പ്രമേഹരോഗികളും കാൽമുട്ട് വേദനയോ ഇടുപ്പ് വേദനയോ കാരണം അസ്വസ്ഥത അനുഭവിക്കുന്നവരും വല്ലാതെ പാടുപെടേണ്ടി വരും.
ഈ രോഗമുള്ളവർ അഡ്ജസ്റ്റ് ചെയ്ത് നടക്കാൻ ശീലിക്കുന്നത് പാദത്തിലെ സന്ധികളിൽ വേദന യുണ്ടാക്കുകയും നിലവിലെ മുട്ട് വേദനയും നടുവേദനയും വർദ്ധിക്കുകയും ചെയ്യും.
പ്രമേഹരോഗികളിൽ പലപ്പോഴും അണുബാധകാരണം പാദത്തെ കൂടുതൽ കുഴപ്പത്തിലേക്ക് എത്താറുമുണ്ട്.
വിള്ളലുള്ള ഭാഗം കൊണ്ട് തറയിൽ തൊടുമ്പോഴുള്ള വേദന കാരണം, നടക്കുന്ന രീതിയിൽ വരുത്തുന്ന വ്യത്യാസം നട്ടെല്ലിനെ ആശ്രയിച്ചുണ്ടാകുന്ന രോഗങ്ങൾ വർദ്ധിക്കാൻ കാരണമാകുന്നു. ചിലരിൽ ഇത് ദീർഘകാലം നിലനിൽക്കുകയോ, എല്ലാവർഷവും വർദ്ധിക്കുകയോ ചെയ്യുന്നതായി കാണാം.
കാലിലിലെ വെടിച്ചുകീറലുകൾ വലുതാവുകയും ക്രമേണ വർദ്ധിച്ച് കാല് തറയിൽവച്ചാൽ ചോരപൊടിയുന്ന അവസ്ഥയിലും രോഗികൾ എത്താറുണ്ട്. വിരലുകളെയും നഖങ്ങളെയും ഇത് ക്രമേണ ബാധിക്കാം.
ശരീരത്തിൽ പൊതുവേയുള്ള രൂക്ഷതയും വാതവർദ്ധനയും പാദസംരക്ഷണത്തിലെ അപാകതകളും രോഗത്തെ വർദ്ധിപ്പിക്കും. എണ്ണമയം തീരെ കുറവുള്ള ഭക്ഷണവും എരിവുള്ള ആഹാരത്തിന്റെ അമിതമായ ഉപയോഗവും തണുത്തതും തൈരും സ്ഥിരമായി ഉപയോഗിക്കുന്നതും തണുപ്പടിക്കുന്നതും വെടിച്ചുകീറൽ വർദ്ധിക്കാൻ കാരണമാകുന്നു.
പ്രമേഹം, പൊണ്ണത്തടി, കരൾ സംബന്ധമായ രോഗങ്ങൾ, വാതരോഗങ്ങൾ, ത്വക്കിന്റെ രൂക്ഷത തുടങ്ങിയവയുള്ളവർക്ക് ഉപ്പൂറ്റി വെടിച്ചു കീറാനുള്ള സാദ്ധ്യത കൂടുതലാണ്. ഇപ്പറഞ്ഞ രോഗങ്ങളിൽ പലതും പരസ്പരം വർദ്ധിപ്പിക്കുന്നവയാണ്. കരളിന്റെ ആരോഗ്യത്തെ കുറയ്ക്കുന്ന മരുന്നുകളും ഇത്തരം അവസ്ഥകളെ വർദ്ധിപ്പിക്കാനിടയുണ്ട്.
ഡോക്ടറുടെ നിർദ്ദേശമനുസരിച്ചുള്ള ലേപനങ്ങളോ, വെളിച്ചെണ്ണയോ പുരട്ടി ത്വക്കിന്റെ രൂക്ഷത കുറയ്ക്കേണ്ടതാണ്. പാദങ്ങൾ ഇടയ്ക്കിടെ വെള്ളം നനച്ച് കുതിർത്ത് വച്ചാൽ പോലും വേദനയും നീറ്റലും മാറി കുറെയൊക്കെ സമാധാനം കിട്ടാറുണ്ട്. ആയതിനാൽ എപ്പോഴും കാൽവെള്ളയിൽ ഒരു ചെറിയ നനവ് ലഭിക്കുന്ന തരത്തിൽ സൂക്ഷിക്കുന്നത് നല്ലതാണ്. ഒന്നും പുറമേ പുരട്ടാതെ ത്വക്കിന്റെ രൂക്ഷത കുറയ്ക്കുവാനാകില്ല.അതേസമയം, പുറമേ പുരട്ടുന്ന മരുന്നുകൾ കൊണ്ട് മാത്രം വെടിച്ചു കീറൽ നിയന്ത്രിക്കാനുമാകില്ല. ഉള്ളിലേക്കും മരുന്ന് കഴിക്കേണ്ടതുണ്ട്.
പാദങ്ങൾ ഈർപ്പമുള്ളതാക്കി വയ്ക്കുകയും ഉരച്ചു കഴുകി തുടച്ച് ആയുർവേദ ലേപനങ്ങൾ പുരട്ടുകയും, രോഗത്തിന്റെ തീവ്രതയനുസരിച്ച് ഉള്ളിലേക്ക് മരുന്ന് കഴിക്കുകയും ചെയ്താൽ പരിപൂർണ്ണമായും ഭേദമാക്കാവുന്നതാണ്.
പാദങ്ങൾ കരിങ്കല്ലിൽ സാവധാനം ഉരച്ചു കഴുകുകയോ, ഫാൻസി സ്റ്റോറുകളിൽ നിന്ന് വാങ്ങാൻ കിട്ടുന്ന പ്യുമിസ് സ്റ്റോൺ അഥവാ കാലുരച്ച് കഴുകാനുള്ള ബ്രഷ് ഉൾപ്പെടെയുള്ള പ്രത്യേക തരം കല്ല് ഉപയോഗിച്ച് ഉരയ്ക്കുകയോ ചെയ്തശേഷം കഴുകി വൃത്തിയാക്കി തുടച്ച് ഉടനെ ചെറിയ ഈർപ്പമുള്ളപ്പോൾ തന്നെ മരുന്ന് പുരട്ടുന്നതാണ് നല്ലത്. പ്രമേഹരോഗമുള്ളവർ വളരെ ശ്രദ്ധയോടെ മാത്രമേ പാദങ്ങൾ ഉരച്ചു കഴുകാവൂ.
കാര്യമായ രീതിയിൽ കാലിൽ വെടിച്ചിലുള്ളവർ മാലിന്യ സമ്പർക്കമുണ്ടാകാതെ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ചെരുപ്പ് ഉപയോഗിക്കാതെയുള്ള നടത്തം ഒഴിവാക്കണം.
അലർജിക്ക് കാരണമായ സിന്തറ്റിക് മെറ്റീരിയലുകൾ ഉപയോഗിച്ചുണ്ടാക്കുന്ന ചെരുപ്പുകൾ, രാസവളം, ചേറ്, ചാണകം, ക്ലേ തുടങ്ങിയവയുമായുള്ള സമ്പർക്കവും രോഗത്തെ വർദ്ധിപ്പിക്കും.
മരുന്നു പുരട്ടിയ കാലുകളിൽ മണ്ണും പൊടിയും അടിച്ചുകയറ്റി അണുബാധയ്ക്ക് സാദ്ധ്യത കൂട്ടരുത്.
കാലിൽ പറ്റിപ്പിടിച്ചിരിക്കാനുപയോഗിക്കുന്ന വാക്സ് ബേസുകളിൽ മണ്ണോ പൊടിയോ പറ്റാൻ സാദ്ധ്യത കൂടുതലായിരിക്കും. ഇവ രോഗത്തെ വർദ്ധിപ്പിക്കും. ശരീരത്തിന് ശരിയായ പോഷണമില്ലായ്മയും നെയ്യ് ചേർത്ത ഭക്ഷണങ്ങൾ തീരെ കുറച്ചു മാത്രം കഴിക്കുന്നതും ഇത്തരം രോഗങ്ങൾ ഉണ്ടാകുന്നതിന് കാരണമാണ്.
പ്രായഭേദമോ ലിംഗഭേദമോയില്ലാതെ എല്ലാവരെയും ബാധിക്കുന്ന ഈ രോഗം അത്ര വിരളമല്ല എന്ന് അറിയുക. യഥാസമയം ചികിത്സിക്കാതെ ക്രമേണ മാറിക്കൊള്ളുമെന്ന് കരുതി നിസാര വൽക്കരിക്കുന്നവർക്ക് ക്രമേണ രോഗം തീവ്രമാകാൻ സാദ്ധ്യതയുണ്ട്.
ശ്രദ്ധിക്കാൻ ചിലത്...
കുട്ടിക്കാലം മുതൽ തലയിൽ തേയ്ക്കുന്നതുപോലെതന്നെ പാദങ്ങളിലും എണ്ണതേച്ച് ശീലിക്കുന്നത് ത്വക്കിന്റെ കട്ടി കുറയ്ക്കുവാൻ വളരെ നല്ലതാണ്. ഇങ്ങനെ ചെയ്താൽ പാദങ്ങളിൽ ഉണ്ടാകാവുന്ന പ്രശ്നങ്ങൾ ഒഴിവാക്കാം എന്നുമാത്രമല്ല, ഇപ്രകാരം ചെയ്യുന്നവർക്ക് നല്ല ഉറക്കം ലഭിക്കുന്നതിനും കാഴ്ചശക്തി വർദ്ധിക്കുന്നതിനും കൂടി നല്ലതാണെന്ന് ആയുർവേദം പറയുന്നു.
കാലിന്റെ കട്ടിയുള്ള ത്വക്കിനെ മൂർച്ചയുള്ള വസ്തുക്കൾ ഉപയോഗിച്ച് ചുരണ്ടുന്നവരും മുറിക്കുന്നവരുമുണ്ട്. അത് അപകടസാദ്ധ്യത വർദ്ധിപ്പിക്കും. പകരം കാലുകൾ വെള്ളത്തിൽ കുതിർത്തി മെല്ലെ ഉരച്ചാൽ, പൊട്ടാൻ സാദ്ധ്യത കൂടുതലുള്ള ഭാഗത്ത് അത് ഒഴിവാക്കാനും സാധിക്കും.
ആയുർവേദത്തിൽ ഉപയോഗിക്കുന്ന ചില ലേപനങ്ങൾ ഒരുകാരണവശാലും ആഹാരത്തോടൊപ്പം ഉള്ളിൽ പ്രവേശിക്കാനോ സ്വർണ്ണാഭരണങ്ങളിൽ പുരളുവാനോ പാടില്ലെന്ന് ഡോക്ടർമാർ നിർദ്ദേശിക്കുന്നുണ്ട്. മരുന്ന് ഉപയോഗിക്കുന്നതുവഴി രോഗികൾക്ക് ചെറിയൊരു അപകടം പോലും സംഭവിക്കരുതെന്ന മുൻകരുതലിന്റെ ഭാഗം കൂടിയാണിത്. സ്വർണാഭരണങ്ങളിൽ പുരണ്ടാൽ അവയുടെ നിറം മങ്ങാൻ ഇടയാക്കും. എങ്കിലും ആയുർവേദ മരുന്നുകൾ മറ്റ് പല മരുന്നുകളെയും അപേക്ഷിച്ച് കൂടുതൽ സുരക്ഷിതമാണ്. എന്നാൽ മരുന്നുകൾ സുരക്ഷിതമായിരിക്കുന്നത് ശരിയായ ഒരു ഡോക്ടറിൽ നിന്ന് ചികിത്സ സ്വീകരിക്കുമ്പോൾ മാത്രമാണെന്ന കാര്യം മറക്കരുത്.