കോവളം: കുടുംബവീട്ടിലെ കിണറ്റിൽ അകപ്പെട്ട 92 കാരിയെ മണിക്കൂറുകൾക്ക് ശേഷം ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് അദ്ഭുതകരമായി രക്ഷപ്പെടുത്തി. വിഴിഞ്ഞം മുല്ലൂർ തോട്ടം രമ്യാഭവനിൽ കൃഷ്ണപ്പണിക്കരുടെ ഭാര്യ ദേവികയെയാണ്(92) രക്ഷപ്പെടുത്തിയത്. പതിനൊന്ന് മക്കളുള്ള ദേവിക കുടുംബ വീട്ടിന് സമീപത്തെ മൂത്ത മകൾ സരോജിനിയോടൊപ്പമായിരുന്നു താമസം. പതിവ് പോലെ പുറത്തേക്കിറങ്ങിയ വൃദ്ധയെ ഇന്നലെ രാവിലെ ഏഴോടെ കാണാതാവുകയായിരുന്നു. നിശ്ചിത സമയം കഴിഞ്ഞും വീട്ടിൽ തിരിച്ചെത്താതായതോടെ ബന്ധുക്കൾ നാട്ടുകാരുടെ സഹായത്തോടെ തെരച്ചിൽ ആരംഭിച്ചു.ഏറെ നേരത്തെ തെരച്ചിലിനൊടുവിൽ ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് നാട്ടുകാരിൽ ഒരാൾ ആൾത്താമസമില്ലാത്ത കുടുംബ വീട്ടിലെ കിണറ്റിൽ വൃദ്ധയുള്ളതായി സംശയം തോന്നിയത്. തുടർന്ന് ഇവർ വിഴിഞ്ഞം ഫയർഫോഴ്സിനെയും പൊലീസിനെയും വിവരമറിയിച്ചു. 25 അടിയോളം താഴ്ചയുള്ള കിണറ്റിൽ പതിനഞ്ചടിയോളം വെള്ളമുണ്ടായിരുന്നു. താഴ്ചയുള്ള കിണറ്റിൽ പമ്പ് സെറ്റിനായി ഉപയോഗിച്ചിരുന്ന കയറിൽ പിടിച്ച് കിടന്ന ദേവികയെ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ കിണറ്റിലിറങ്ങി വലയുടെ സഹായത്തോടെ പുറത്തെത്തിച്ചു.കാര്യമായ പരിക്കില്ലെങ്കിലും വെള്ളത്തിൽക്കിടന്ന് അവശയായ വൃദ്ധയെ മെഡിക്കൽ കോളേജിലേക്ക് ആശുപത്രിയിലേക്ക് മാറ്റി. വിഴിഞ്ഞം അഗ്നി രക്ഷാസേനയിലെ സ്റ്റേഷൻ ഓഫീസർ അജയ്.ടി.കെ. സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ.എസ്.രാജശേഖരൻ നായർ,ഫയർ ഓഫീസർമാരായ സജിൻ ജോസ്,രതീഷ്,രഞ്ചിത്ത്,ബിജിൽ,ഹോംഗാർഡുമാരായ അനിൽ,ശശികുമാർ,വിഴിഞ്ഞം എസ്.ഐ. വിഷ്ണുസജീവ് എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.