paa

തിരുവനന്തപുരം: സംവരണ സീറ്റുകൾ മാത്രമേ വനിതകൾക്കും,പട്ടിക ജാതിക്കാർക്കും ലഭിക്കൂവെന്ന പതിവ് മാറ്റി, ജനറൽ സീറ്റുകളിൽ ഇവർക്ക് അവസരം ലഭിച്ച തിരഞ്ഞെടുപ്പായി മാറുകയാണ് 2020 തദ്ദേശ തിരഞ്ഞെടുപ്പ്.
മുൻകാലങ്ങളിൽ പുരുഷാധിപത്യമായിരുന്നെങ്കിൽ ഇക്കുറി 50 ശതമാനം സംവരണത്തിനപ്പുറം സ്ത്രീകളുടെ എണ്ണം പുരുഷന്മാരെക്കാൾ ഏറെയാണ്. കഴിഞ്ഞ തവണ കഴിവ് തെളിയിച്ച വനിതകളെ സിറ്റിംഗ് വാർഡുകളിൽ രംഗത്തിറക്കിയത് പ്രത്യേകതയാണ്. നെടുമങ്ങാട്ട് ഇക്കുറി സംവരണ വാർഡുകൾക്ക് പുറമെ എട്ടു ജനറൽ വാർഡുകളിൽ വനിതകൾ സ്ഥാനാർത്ഥികളായി മത്സര രംഗത്തുണ്ട്.എതിരാളികളായ മറ്റു മുന്നണികളിലെ പുരുഷന്മാരോട് മത്സരിക്കാൻ പാർട്ടി ചുമതല ഏൽപ്പിക്കുമ്പോൾ വിജയത്തെ കുറഞ്ഞതൊന്നും ഇവർ പ്രതീക്ഷിക്കുന്നില്ല. ഇത് കേവലം ഒരിടത്ത് മാത്രം ഒതുങ്ങുന്നില്ല. ജില്ലയിലെ മിക്ക തദ്ദേശ സ്ഥാപനങ്ങളിലും ജനറൽ വാർഡുകളിൽ വനിതകൾ മത്സരിക്കുന്ന തിരഞ്ഞെടുപ്പായി മാറി ഇക്കുറി.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനാർത്ഥിയായി സി.പി.എം ആലോചിച്ചിട്ടുള്ള പട്ടികജാതി വിഭാഗക്കാരനെ ജനറൽ സീറ്റിലാണ് മത്സരിപ്പിക്കുന്നത്. സംവരണത്തിനപ്പുറം വിശാലമായ കാഴ്ചപ്പാടിലേക്ക് സ്ഥാനാർത്ഥികളെ കൊണ്ടുവരാൻ മുന്നണികൾ ശ്രമിക്കുന്നത് ശ്രദ്ധേയമായി. എന്നാൽ ഇതിനിടയിലും പിന്നാക്കക്കാരന് സീറ്റ് നൽകാതെ ഒതുക്കുന്നെന്ന പരാതി കോൺഗ്രസിൽ ജില്ലയിലാകെ ഉയരുന്നുണ്ട്.ആരോപണത്തിന്റെ മുനയൊടിക്കാനായി പരിഗണന നൽകുമെന്ന് കരുതിയവരെ നിരാശരാക്കി കോൺഗ്രസ് നേതൃത്വമെടുത്ത നിലപാടിനെതിരെ അണികൾക്കിടയിലും പൊതുസമൂഹത്തിലും ചർച്ചകൾ തുടരുകയാണ്.


യുവാക്കൾ നയിക്കട്ടെ, വികസനം വരട്ടെ
ജില്ലയിലെ അങ്ങോളമിങ്ങോളമുള്ള തദ്ദേശ സ്ഥാപനങ്ങളിൽ മത്സരിക്കുന്നതിൽ കൂടുതലും യുവാക്കളാണെന്നതാണ് പ്രത്യേകത. അതിൽ എല്ലാ മുന്നണികളും ഒരുപോലെ വിജയിച്ചിട്ടുണ്ട്. അഭ്യസ്തവിദ്യരായ യുവാക്കൾ വന്നാൽ അഴിമതി കുറയുമെന്ന പൊതുസമൂഹത്തിന്റെ കാഴ്ചപ്പാടിന്റെ ചുവടുപിടിച്ചാണ് യുവാക്കളെ കൂടുതലായി രംഗത്തിറക്കിയിട്ടുള്ളത്. അതിനിടയിലും സംശുദ്ധ പൊതുപ്രവർത്തനത്തിന്റെ മാതൃകയായി നാട്ടുകാർ അംഗീകരിക്കുന്ന ചില തലമുതിർന്ന നേതാക്കൾക്കും സീറ്റ് ലഭിച്ചിട്ടുണ്ട്.


വിമതശല്യം കുറഞ്ഞ് മുന്നണികൾ

സ്ഥാനാർത്ഥികളുടെ ചിത്രം തെളി‍ഞ്ഞപ്പോൾ മുന്നണികളെ റിബൽ ശല്യം കാര്യമായി അലട്ടിയിട്ടില്ല.എന്നാൽ സ്വതന്ത്ര സ്ഥാനാനാർത്ഥികളും ചിലയിടങ്ങളിൽ റിബലുകളും രംഗത്തുണ്ട്. കോൺഗ്രസിൽ അവസാന നിമിഷം വരെ സ്ഥാനാർത്ഥിത്വത്തിന് വേണ്ടി മത്സരിച്ച് നോമിനേഷൻ സമർപ്പിച്ചിരുന്നവർ നേതൃത്വത്തിന്റെ അംഗീകാരമില്ലാതെ വന്നതോടെ നോമിനേഷനുകൾ പിൻവലിച്ചു. എന്നാൽ ഇവർ വരും ദിവസങ്ങളിൽ ഏതു നിലപാടെടുക്കും എന്നത് കാത്തിരുന്ന് കാണേണ്ടതാണ്.