തിരുവനന്തപുരം:ശില്പി കാനായി കുഞ്ഞിരാമനെയും ശംഖുംമുഖത്തെ സാഗര കന്യക ശില്പത്തെയും സർക്കാർ അവഹേളിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പേപ്പർ പബ്ലിക്ക പ്രസിദ്ധീകരിച്ച ബാബു കുഴിമറ്റത്തിന്റെ 'അഞ്ച് അശ്ലീലകഥകൾ' കഥാസമാഹാരം സാഗരകന്യക ശില്പത്തിന് മുന്നിൽ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. സാഗരകന്യക ശില്പത്തിന്റെ നിർമാണ സമയത്തുതന്നെ സി.പി.എം ശില്പത്തെ അശ്ലീമെന്ന് മുദ്രകുത്തി എതിർത്തതാണ്. ശില്പത്തിനൊപ്പം കാനായി നിർമിച്ച കുന്നിടിച്ചു നിരത്തിയാണ് ഹെലികോപ്ടർ സ്ഥാപിച്ചിരിക്കുന്നത്. ഈ അവഹേളനം നീതീകരിക്കാനാവില്ല. ഹെലികോപ്ടർ അടിയന്തരമായി അവിടെ നിന്ന് നീക്കം ചെയ്യാൻ സർക്കാർ തയ്യാറാകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
ശില്പിയെ അവഹേളിക്കുന്ന സർക്കാർ സമീപനത്തിൽ പ്രതിഷേധിച്ചാണ് പുസ്തക പ്രകാശനം ശില്പത്തിന് മുന്നിൽ സംഘടിപ്പിച്ചത്.പ്രതിപക്ഷ നേതാവിൽ നിന്ന് കാനായി കുഞ്ഞിരാമൻ പുസ്തകം സ്വീകരിച്ചു.
ശില്പത്തിന്റെ സൗന്ദര്യത്തെ ഇല്ലാതാക്കാനുള്ള നടപടികൾ സർക്കാരിന്റെ സംസ്‌കാരമില്ലായ്മയാണെന്ന് കാനായി കുഞ്ഞിരാമൻ പറഞ്ഞു. പ്രകൃതിയുടെ പുസ്തകത്തിൽ അശ്ലീലമെന്ന ഒന്നില്ല. മനുഷ്യ മനസിലാണ് അശ്ലീലമുള്ളത്.ഇത്തരം അശ്ലീലമുള്ളവരാണ് സാഗരകന്യകയെയും വേളിയിലെ ശില്പങ്ങളെയും അവഹേളിക്കുന്നത്. ഇതിൽ ദുഃഖവും പ്രതിഷേധവുമുണ്ടെന്നും ശില്പി പറഞ്ഞു.
കഥാകൃത്ത് ബാബു കുഴിമറ്റം,കവി അൻസാർ വർണന, ഡോ.എം.രാജീവ് കുമാർ, സുനിൽ സി.ഇ, ഡോ.എം.ആർ തമ്പാൻ, ഹരിദാസ് ബാലകൃഷ്ണൻ,വിനു എബ്രഹാം, വി.എസ് അജിത്ത്,ജഗദീഷ് കോവളം,സുദർശൻ കാർത്തികപ്പറമ്പ് തുടങ്ങിയവർ പങ്കെടുത്തു.