തിരുവനന്തപുരം: ഹൈക്കോടതി ഉത്തരവ് അനുസരിച്ച് തദ്ദേശ തിരഞ്ഞെടുപ്പിൽ ഹരിതചട്ടം ഉറപ്പാക്കേണ്ടത് ജില്ലാകളക്ടർമാരാണെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ വി.ഭാസ്കരൻ ഉത്തരവിട്ടു. സംസ്ഥാന പൊലീസ് മേധാവി ഇതിന് മേൽനോട്ടം വഹിക്കണം.
തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് പ്രകൃതിക്ക് ദോഷകരമായ വസ്തുക്കൾ ഒഴിവാക്കി പുനരുപയോഗ സാധ്യതയുള്ള പ്രകൃതി സൗഹൃദ വസ്തുക്കൾ ഉപയോഗിക്കണം. പരിസ്ഥിതി സൗഹൃദവും മണ്ണിൽ അലിഞ്ഞുചേരുന്നതും പുനഃചംക്രമണം ചെയ്യാവുന്നതുമായ വസ്തുക്കൾ മാത്രമേ പ്രചാരണത്തിന് ഉപയോഗിക്കാവൂ. തിരഞ്ഞെടുപ്പ് പരസ്യം സ്ഥാപിക്കാൻ പ്ലാസ്റ്റിക് നിർമ്മിതമായ പേപ്പറുകൾ, നൂലുകൾ, റിബണുകൾ, പ്ലാസ്റ്റിക്, പിവിസി ബോർഡുകൾ, ബാനറുകൾ, കൊടിതോരണങ്ങൾ തുടങ്ങിയവ ഉപയോഗിക്കരുത്. ഔദ്യോഗിക ആവശ്യങ്ങൾക്ക് കോട്ടൺ തുണി, പേപ്പർ, പോളി എത്തലീൻ തുടങ്ങിയ പ്രകൃതി സൗഹൃദ വസ്തുക്കൾ ഉറപ്പാക്കണം.
വോട്ടെടുപ്പിന് ശേഷം പോളിംഗ് സ്റ്റേഷനുകളിൽ അവശേഷിക്കുന്ന പേപ്പറുകളും മറ്റ് വസ്തുക്കളും നീക്കാനും നശിപ്പിക്കാനും നടപടി എടുക്കേണ്ടത് തദ്ദേശ സ്ഥാപന സെക്രട്ടറിമാരാണ്. പോളിംഗ് സ്റ്റേഷനുകളിലും വോട്ടെണ്ണൽ കേന്ദ്രങ്ങളിലും വോട്ടെടുപ്പ്, വോട്ടെണ്ണൽ ദിവസങ്ങളിൽ ജൈവ, അജൈവ പാഴ് വസ്തുക്കൾ വെവ്വേറെ നിക്ഷേപിക്കാൻ ഓരോ കാരിബാഗ് സ്ഥാപിക്കണം. വോട്ടെടുപ്പ് അവസാനിച്ചാലുടൻ സ്ഥാനാർത്ഥികളും രാഷ്ട്രീയ കക്ഷികളും പരസ്യങ്ങൾ നശിപ്പിക്കുകയോ പുനഃചംക്രമണം ചെയ്യാൻ ബന്ധപ്പെട്ട ഏജൻസികൾക്ക് കൈമാറുകയോ ചെയ്യണം. ഇവ നീക്കിയില്ലെങ്കിൽ വോട്ടെടുപ്പ് അവസാനിച്ച് അഞ്ച് ദിവസത്തിനുള്ളിൽ തദ്ദേശ സ്ഥാപന സെക്രട്ടറി അതിന് നടപടി സ്വീകരിക്കേണ്ടതും അതിന്റെ ചെലവ് സ്ഥാനാർത്ഥികളിൽ നിന്ന് ഈടാക്കേണ്ടതുമാണെന്ന് ഉത്തരവിൽ പറയുന്നു.