ee

തിരുവനന്തപുരം: അരുവിക്കര മണ്ഡലത്തിന് അടുത്തുള്ള രണ്ടു പഞ്ചായത്തുകളിലായി ജനവിധ തേടുന്നത് ഒരു കുടുംബത്തിലെ മൂന്നുപേർ. അച്ഛൻ വെള്ളനാട് പഞ്ചായത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായപ്പോൾ മകളും മരുമകനും ഉഴമലയ്ക്കൽ പഞ്ചായത്തിലെ അടുത്തടുത്ത വാർഡുകളിൽ ബി.ജെ.പിക്കായി രംഗത്തിറങ്ങി.

വെള്ളനാട് ടൗൺ വാർഡിലെ കോൺഗ്രസ് സ്ഥാനാർത്ഥിയായ സുകുമാരൻ നായർ വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറിയും വെള്ളനാട് ഭഗവതി ക്ഷേത്ര സെക്രട്ടറിയുമാണ്. കേരളകൗമുദിയുടെ മുൻ ഏജന്റുമാണ്. വെള്ളനാട് ജംഗ്‌ഷനിൽ പ്രൊവിഷൻ സ്റ്റോർ നടത്തുന്ന സുകുമാരൻ നായരുടെ ആദ്യ മത്സരമാണിത്.
ബി.ജെ.പി അരുവിക്കര നിയോജക മണ്ഡലം ജനറൽ സെക്രട്ടറിയായ മരുമകൻ അനിൽകുമാറിനിത് മൂന്നാം മത്സരമാണിത്. ഉഴമലയ്‌ക്കൽ പഞ്ചായത്തിലെ മഞ്ചംമൂല വാർഡിലാണ് മത്സരിക്കുന്നത്. കഴിഞ്ഞ തവണ മത്സരിച്ചെങ്കിലും 33 വോട്ടുകൾക്ക് പരാജയപ്പെട്ടു. ജനസേവ ചാരിറ്റി സൊസൈറ്റിയുടെ ഡയറക്ടറായ അനിൽ ജീവകാരുണ്യ മേഖലയിലും സജീവമാണ്. പുതുക്കുളങ്ങരയിൽ വ്യാപാര സ്ഥാപനവും നടത്തുന്നുണ്ട്.
ഭാര്യ ദിവ്യ അനിൽ പുതുക്കുളങ്ങര വാർഡിലാണ് ജനവിധി തേടുന്നത്. അഞ്ചുവർഷം മുമ്പ് ഇതേ വാർഡിൽ മത്സരിച്ചെങ്കിലും 13 വോട്ടുകൾക്ക് പരാജപ്പെട്ടിരുന്നു. ഇക്കുറി വിജയിക്കുമെന്ന പ്രതീക്ഷയിലാണിവർ.