തിരുവനന്തപുരം: സംസ്ഥാനത്തെ പത്ത്, പ്ളസ്ടു ക്ളാസുകളിലെ അദ്ധ്യാപകർ ഡിസംബർ 17 മുതൽ സ്കൂളുകളിലെത്തണമെന്ന് സർക്കാർ നിർദ്ദേശം. ജനുവരിയോടെ സ്കൂളുകളിൽ വിദ്യാർത്ഥികളെത്താൻ സാഹചര്യമൊരുങ്ങുമെന്ന പ്രതീക്ഷയിലാണ് വിദ്യാഭ്യാസ മന്ത്രി പങ്കെടുത്ത യോഗത്തിലെ തീരുമാനം.
10, പ്ലസ് ടു ക്ലാസിലെ അധ്യാപകർ ഒരു ദിവസം പകുതിപ്പേരെന്ന രീതിയിൽ ഹാജരാകാനാണ് നിർദ്ദേശം..കുട്ടികൾക്ക് പഠന പിന്തുണ ശക്തമാക്കുക, റിവിഷൻ ക്ളാസുകൾക്ക് തയ്യാറെടുക്കുക തുടങ്ങിയവയാണ് അദ്ധ്യാപകർ സ്കൂളിലെത്തി നിർവ്വഹിക്കേണ്ടത്.ജനുവരി 15ന് പത്തിലെയും, ജനുവരി 30 ഒാടെ പ്ളസ്ടുവിലെയും ഡിജിറ്റൽ ക്ളാസുകൾ പൂർത്തിയാക്കണം. തുടർന്ന് സ്കൂളിൽ വിദ്യാർത്ഥികൾക്ക് എത്താനായാൽ പ്രാക്ടിക്കൽ പരീക്ഷകളും പാഠഭാഗങ്ങളുടെ റിവിഷൻ ക്ളാസുകളും നടത്തും.
കൈറ്റും എസ്. സി.ഇ.ആർ.ടിയും നൽകുന്ന പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഒന്നു മുതൽ പന്ത്രണ്ട് വരെയുള്ള ക്ളാസുകൾ ക്രമീകരിക്കും. എല്ലാ വിഷയങ്ങളിലും ഡിജിറ്റൽ ക്ളാസുകൾ സമയബന്ധിതമായി പൂർത്തീകരിച്ച് പൊതുപരീക്ഷയ്ക്ക് തയ്യാറെടുക്കാൻ ക്രമീകരണങ്ങളേർപ്പെടുത്തും.. കോളേജുകളിലും പ്രൊഫഷണൽ സ്ഥാപനങ്ങളിലും നിലവിൽ ഒാൺലൈൻ വിദ്യാഭ്യാസമാണുള്ളത്. സംസ്ഥാനത്തെ ട്യൂഷൻ സെന്ററുകൾ തുറന്ന് പ്രവർത്തിക്കാൻ കഴിഞ്ഞ ദിവസം സർക്കാർ അനുമതി നൽകിയിരുന്നു.