dr-varghees-kuryan

മാള: രാജ്യത്തിന്റെ പാൽക്കാരനെന്ന വിശേഷണത്തിൽ അറിയപ്പെട്ടിരുന്ന ഡോ.വർഗീസ് കുര്യന്റെ ജന്മശതാബ്ദി ഇന്ന് ക്ഷീര ദിനമായി ആചരിക്കുന്നു. ഇന്ത്യൻ ധവള വിപ്ലവത്തിന്റെ പിതാവായി അറിയപ്പെടുന്ന ഇദ്ദേഹം രാജ്യത്തെ ഏറ്റവും വലിയ പാൽ ഉൽപ്പാദക കേന്ദ്രമാക്കി മാറ്റുന്നതിൽ മുഖ്യ പങ്കു വഹിച്ചു. ഇന്ത്യൻ ക്ഷീര വികസന ബോർഡിന്റെ സ്ഥാപകനും ആദ്യ ചെയർമാനുമാണ്. ഗുജറാത്ത് സഹകരണ ക്ഷീര വിപണന സംഘത്തിന്റെ ചെയർമാനായി 34 വർഷം പ്രവർത്തിച്ചപ്പോഴാണ് 'ഇന്ത്യയുടെ പാൽക്കാരൻ' എന്ന വിശേഷണം നേടിയത്. കർഷകരുടെ ഉടമസ്ഥതയിൽ മുപ്പതോളം സ്ഥാപനങ്ങൾ ഇദ്ദേഹം ആരംഭിക്കുകയുണ്ടായി. അമുൽ എന്ന തുടക്ക കമ്പനിയെ ലോകവിപണിയുടെ മുൻ നിരയിലെത്തിച്ചത് ഇദ്ദേഹത്തിന്റെ കഠിനപ്രയത്നമാണ്. ഈ വിജയം രാജ്യത്തൊട്ടാകെ ആവർത്തിക്കാൻ പ്രധാനമന്ത്രിയായിരുന്ന ലാൽ ബഹാദൂർ ശാസ്ത്രി കുര്യനെ നാഷണൽ ഡയറി ഡെവലപ്പ്മെന്റ് ബോർഡിന്റെ ചെയർമാനാക്കി. ഗുജറാത്ത് കോഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ ലോകത്തിലെ തന്നെ മികച്ച ഒരു സഹകരണ സംരംഭമായി കണക്കാക്കപ്പെടുന്നു, അതിലുപരി ലക്ഷക്കണക്കിനു കുടുംബങ്ങളെ അത് ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റി നല്ലൊരു ജീവിതമാർഗ്ഗം നൽകുന്നതിന് നേതൃത്വം നൽകി. 2012 സെപ്റ്റംബർ 9ന് ഇദ്ദേഹം മരിക്കുന്നതുവരെ ക്ഷീര കർഷകർക്ക് വേണ്ടിയുള്ള നിരവധി പദ്ധതികളാണ് നടപ്പാക്കിയത്.

മിൽമയുടെ തുടക്കം

ഗുജറാത്തിൽ ആനന്ദ് മിൽക്ക് യൂണിയന്റെ വിജയമാണ് കേരളത്തിൽ മിൽമ പോലൊരു പ്രസ്ഥാനം സഹകരണ അടിസ്ഥാനത്തിൽ കെട്ടിപ്പടുക്കാൻ പ്രചോദനമായത്. വർഗീസ് കുര്യന്റെ സഹായവും മേൽനോട്ടവും മിൽമയുടെ തുടക്കത്തിൽ ഏറെ സഹായിച്ചിരുന്നു. ഓപ്പറേഷൻ ഫ്ലഡിന്റെ രണ്ടാം ഘട്ടത്തിലാണ് കേരളത്തെയും അതിൽ ഉൾക്കൊള്ളിച്ചത്. 1980-1987 കാലഘട്ടത്തിലാണ് കേരളത്തിൽ ഇതിന് തുടക്കം കുറിച്ചത്. തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെയുള്ള എട്ടു ജില്ലകളിലായിരുന്നു പദ്ധതി തുടങ്ങിയത്. 1980 ൽ ആരംഭിച്ച കേരള കോഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ എന്ന സഹകരണ സംഘമായിരുന്നു തുടക്കത്തിൽ കർഷകരിൽ നിന്ന് പാൽ സംഭരിച്ച് വിതരണം നടത്തിയിരുന്നത്. എന്നാൽ പിന്നീട് 1983 ഏപ്രിൽ 1 ന് മിൽമ നിലവിൽ വരുകയും സഹകരണസംഘത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തു. 2012 സെപ്റ്റംബർ 9-ന് ഡോ.വർഗീസ് കുര്യൻ മരിച്ചു. 1999 ൽ പത്മവിഭൂഷൺ, 1966 ൽ പത്മഭൂഷൺ, 1965 ൽ പത്മശ്രീ, 1989 ലെ വേൾഡ് ഫുഡ് പ്രൈസ്,1963 ൽ മാഗ്സസെ അവാർഡ് ലഭിച്ചു.

ഡോ .വർഗീസ് കുര്യന്റെ ജന്മദിനമായ ഇന്ന് മിൽമ എറണാകുളം മേഖലാ യൂണിയന്റെ കീഴിലുള്ള എറണാകുളം,കോട്ടയം,തൃശൂർ,ഇടുക്കി എന്നീ ജില്ലകളിലെ ക്ഷീര സംഘങ്ങളിൽ പ്രത്യേക ചടങ്ങുകൾ സംഘടിപ്പിക്കും.ജന്മ ശതാബ്ദിയുടെ ഭാഗമായി ഒരു വർഷത്തെ പരിപാടികളാണ് നടക്കുന്നത്.

ജോൺ തെരുവത്ത്,

ചെയർമാൻ

എറണാകുളം മേഖല.