gold-ornaments

കൊല്ലം: മുക്കുപണ്ടം പണയപ്പെടുത്തി പണംതട്ടാൻ ശ്രമിച്ച കേസിൽ കുണ്ടറ പൊലീസിന്റെ പിടിയിലായ കുണ്ടറ മുളവന പള്ളിയറ പ്രതീക്ഷാഭവനിൽ റജീസ് (43)​ ഇരവിപുരത്തും തട്ടിപ്പ് നടത്തി. ഇരവിപുരത്തെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വച്ച് പണം തട്ടിയത് ഇയാളാണെന്ന് തിരിച്ചറിഞ്ഞതോടെ ഇരവിപുരം പൊലീസെത്തി പ്രതിയെ തിരിച്ചറിഞ്ഞു. ഒരുമാസം മുമ്പായിരുന്നു സംഭവം. കുണ്ടറയിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് തെളിവെടുപ്പിനായി കുണ്ടറ പൊലീസിന്റെ കസ്റ്റഡിയിൽ കഴിയുന്ന ഇയാളെ ഉടൻ കസ്റ്റഡിയിലാവശ്യപ്പെടുമെന്ന് ഇരവിപുരം പൊലീസ് അറിയിച്ചു. കുണ്ടറ പള്ളിമുക്കിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ 25. 9 ഗ്രാം തൂക്കം വരുന്ന മുക്കുപണ്ടം പണയപ്പെടുത്തി 98,​000 രൂപ തട്ടിയെടുക്കാൻ ശ്രമിച്ച കേസിലാണ് കുണ്ടറ സി.ഐയുടെ നേതൃത്വത്തിലുള്ള സംഘം ഇയാളെ അറസ്റ്റ് ചെയ്തത്. ഈടായി നൽകിയ ഉരുപ്പടികളിൽ സംശയം തോന്നിയ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാ‌ർ വിശദമായി പരിശോധിച്ചപ്പോഴാണ് മുക്കുപണ്ടമാണെന്ന് തെളിഞ്ഞത്. തുടർന്ന് വിവരം രഹസ്യമായി പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് കുണ്ടറ പൊലീസെത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.