പാലോട്. ശുദ്ധമായ കുടിവെള്ളം ജനങ്ങളിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെ 2009ൽ അന്നത്തെ ജലസേചന വകുപ്പ് മന്ത്രിയായിരുന്ന എൻ.കെ.പ്രേമചന്ദ്രൻ പ്രഖ്യാപിച്ച നന്ദിയോട് ആനാട് കുടിവെള്ള പദ്ധതി 60 കോടയോളം ചെലവഴിച്ച് പതിനൊന്നു വർഷം കഴിയുമ്പോഴും കാടുകയറി നശിച്ച് സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രമാകുന്നു. പദ്ധതി തുടങ്ങുന്നതിലേക്കായി വസ്തു വാങ്ങിയതു മുതൽ അഴിമതി കഥകളാണ് ഈ കുടിവെള്ള പദ്ധതിക്ക് പറയാനുള്ളത്. സ്റ്റോറേജ് പ്ലാന്റ് നിർമ്മിച്ച സ്ഥലത്തേക്കുള്ള വഴി റോഡ് നിർമ്മാണത്തിനായി ഇടിച്ചു മാറ്റിയതതോടെ ഇങ്ങോട്ടുള്ള യാത്രയ്ക്ക് പുതിയ സംവിധാനം ഒരുക്കേണ്ട ഗതകേടിലാണ്. പ്രമാണത്തിൽ വില കൂട്ടി കാണിച്ച് വസ്തു ഉടമകളിൽ നിന്നും കമ്മീഷൻ തട്ടിയെന്ന ആക്ഷേപവും ശക്തമാണ്. നിലവിലെ പഞ്ചായത്ത് ഭരണസമിതി നന്ദിയോട്ടെ കുടിവെള്ള പ്ലാന്റിലെ ഓവർ ഹെഡ് ടാങ്ക് നിർമ്മാണ പദ്ധതിയിലേക്കായി സ്ഥലം വാങ്ങി നൽകിയെങ്കിലും പദ്ധതിയിൽ പുരോഗതിയുണ്ടായില്ല. ആലുങ്കുഴിയിൽ 15 സെന്റ് സ്ഥലം ഏഴു ലക്ഷത്തിനും താന്നിമൂട് 15 സെന്റ് 15 ലക്ഷത്തിനും ആനക്കുഴിയിൽ 10 സെന്റ് സ്ഥലം 5 ലക്ഷത്തിനും പഞ്ചായത്ത് വാങ്ങി വാട്ടർ അതോറിട്ടിക്ക് കൈമാറിയിരുന്നു. നിരവധി സമര പരമ്പരകൾക്ക് ശേഷം പദ്ധതി പൂർത്തീകരണത്തിനായ് 16 കോടി രൂപ കൂടി അനുവദിച്ച് ടെന്റർ നടപടിയായെങ്കിലും ജോലി ഏറ്റെടുക്കാൻ ആരും തയ്യാറാകാത്തതിനാൽ വീണ്ടും ടെന്റർ നൽകാനുള്ള നടപടി സ്വീകരിച്ചു വരുന്നതായാണ് അധികൃതർ നൽകുന്ന വിശദീകരണം. സെപ്തംബറിൽ നിർമ്മാണം പുനഃരാരംഭിക്കും എന്ന് അറിയിച്ചിരുന്നെങ്കിലും ഒന്നും നടപ്പായില്ല. ആനക്കുഴിയിൽ പത്തുലക്ഷം ലിറ്റർ ടാങ്കും, പാലോട്ടെ മെയിൻ ടാങ്കിനോടനുബന്ധിച്ച് 630 കെ.വി, 250 കെ.വി. എന്നിങ്ങനെ രണ്ട് ട്രാൻസ്‌ഫോർമറുകളും ഗാർഹിക ശുദ്ധജലവിതരണത്തിന് പൈപ്പുകളും 80 എച്ച്.പി പമ്പും സ്ഥാപിച്ചാൽ നന്ദയോട് പഞ്ചായത്തിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമാകും. സ്റ്റോറേജ് പ്ലാന്റ്, എയർ ക്ലാരയേറ്റർ, രണ്ട് ഫ്ളാഷ് മിക്സർ, ക്ലാരി ഫയർഫോക്കുലേറ്റർ, എന്നിവയുടെ നിർമ്മാണം ഏകദേശം പൂർത്തിയായെങ്കിലും ഈ പ്രദേശം മുഴുവൽ കാടുകയറിയ നിലയിലാണ്. കാടുകയറിയ പാലോട്ടെ പമ്പ് ഹൗസിലേക്ക് വൈദ്യുതിയും ലഭിച്ചിട്ടില്ല. ആലംപാറ, വലിയ താന്നിമൂട്, ആലുങ്കുഴി, ചുള്ളിമാനൂർ, കൈതക്കാട് എന്നിവിടങ്ങളിലാണ് ഓവർ ഹെഡ് ടാങ്കുകൾ ഇനി നിർമ്മിക്കാനുള്ളത്. ഇതിനുള്ള നടപടി ക്രമങ്ങളും ഒന്നും ആയിട്ടില്ല. എത്രയും വേഗം നന്ദിയോട്ടെ കുടിവെള്ളപ്രശ്നത്തിന് പരിഹാരം കാണണമെന്ന ആവശ്യം ശക്തമാണ്.