സ്വിറ്റ്സർലൻഡ് അറിയപ്പെടുന്നത് ഭൂമിയിലെ സ്വർഗം എന്നാണല്ലോ. എല്ലാവരും ഒരിക്കലെങ്കിലും പോകണമെന്ന് ആഗ്രഹിക്കുന്ന ഒരിടം. എങ്ങോട്ട് തിരിഞ്ഞുനോക്കിയാലും പ്രകൃതിയൊരുക്കിയ വിസ്മയങ്ങൾ കൊണ്ട് സമ്പന്നമാണ് അവിടം. അവിടുത്തെ സ്വർഗീയ കാഴ്ചകൾ ആസ്വദിച്ച് നടക്കുമ്പോൾ കണ്ണഞ്ചിപ്പിക്കുന്നൊരു കാഴ്ചയും സഞ്ചാരികളെ കാത്തിരിക്കുന്നുണ്ട്. വെവെ പട്ടണത്തിലുള്ള തടാകത്തിൽ ഒരു ഫോർക്ക് കുത്തിനിർത്തിയിരിക്കുന്നു!
ഫോർക്ക് എന്നുപറയുമ്പോൾ നമ്മളെപ്പോലെയുള്ള സാധാരണക്കാർക്ക് ഉപയോഗിക്കാനുള്ളതല്ല. അതിന്റെ വലുപ്പം വച്ച് കിംഗ് കോംഗിനെപ്പോലെയുള്ള കൂറ്റന്മാർക്കു വേണ്ടി നിർമ്മിച്ചതാണെന്ന് തോന്നും. സ്വിറ്റ്സർലൻഡിലെ വെവെ പട്ടണത്തിലെ ഏറ്റവും ആകർഷകമായ കാഴ്ചകളിലൊന്നാണ് തടാകത്തിലെ 26 അടി പൊക്കമുള്ള ഭീമൻ ലോഹ ഫോർക്ക്. 2014 ൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഫോർക്കായി ഇത് പ്രഖ്യാപിക്കപ്പെട്ടു.
തടാകത്തിൽ ഭീമാകാരമായ ഫോർക്ക് എങ്ങനെ വന്നു?
വെവെ പട്ടണത്തിലെ ഭക്ഷ്യ തീം മ്യൂസിയമായ അലിമെന്റേറിയത്തിന്റെ പത്താം വാർഷികത്തിന്റെ ഓർമ്മയ്ക്കായി 1995 ലാണ് ഈ വിചിത്രമായ ഇൻസ്റ്റലേഷൻ സ്ഥാപിച്ചത്. ശില്പി ജീൻ പിയറി സോഗ് രൂപകല്പന ചെയ്ത ഈ ഭീമൻ ഫോർക്ക് നഗരവാസികൾക്കും വിനോദ സഞ്ചാരികൾക്കും ഇടയിൽ പ്രശസ്തിയാർജ്ജിച്ചു.
ഈ ഫോർക്ക് വെവെയിൽ തന്നെ നിലനിർത്താനായിരുന്നു പദ്ധതിയെങ്കിലും 1996 ൽ ലൂസെർണിലെ ലിറ്റൗവിലെ ഒരു പൂന്തോട്ടത്തിലേക്ക് കയറ്റി അയച്ചിരുന്നു. പിന്നീട് കട്ട്ലറി പ്രദർശനത്തിനായി 2007 ൽ വെവെയിലേക്ക് തിരികെ കൊണ്ടുവരികയായിരുന്നു. മനോഹരമായ മലനിരകൾ അതിരിടുന്ന തടാകത്തിന്റെ കരയിലേയ്ക്ക് അഭിമുഖമായി നിൽക്കുന്ന ഭീമൻ ഫോർക്ക് സ്വിറ്റ്സർലൻഡ് യാത്രയിലെ ഒഴിച്ചുകൂടാനാവാത്ത കാഴ്ചയായി മാറിയിരിക്കുകയാണിപ്പോൾ.