kuppam

തളിപ്പറമ്പ്: കുപ്പം പുഴ ഇനി തളിപ്പറമ്പിന്റെ സ്വന്തം സൗന്ദര്യ റാണിയാകും. ഇതിനു വേണ്ടിയുള്ള പദ്ധതികൾ മലനാട് മലബാർ റിവർ ക്രൂയിസ് പദ്ധതിയുടെ ആർക്കിടെക്ട് മധുകുമാറിന്റെ നേതൃത്വത്തിൽ തുടങ്ങി. സെവൻ വിംഗ്സ് ഹോളിഡെയ്സ് & റിസോർട്സ് ചെയർമാൻ പി.വി. വത്സരാജൻ, ആമന്ത്ര ലക്ഷ്മണൻ പരിയാരം, ഹോംസ്റ്റേ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ഇ.വി. ഹാരിസ് ആദികടലായി, ഉത്തരവാദിത്വ ടൂറിസം പദ്ധതി ജില്ലാ കോ ഓർഡിനേറ്റർ സരീഷ്, എം.സി. പ്രശാന്ത്, സി.വി. സതീഷ് എന്നിവരും ഈ പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുകയാണ്.
സ്വദേശി ദർശൻ സ്‌കീമിലുൾപ്പെടുത്തി കേന്ദ്ര വിനോദ സഞ്ചാര മന്ത്രാലയം ഭരണാനുമതി നൽകിയ മലനാട് മലബാർ റിവർ ക്രൂസ് ടൂറിസം പദ്ധതിയുടെ ഭാഗമായി കുപ്പം നദിയിൽ കാട്ടാമ്പള്ളിക്കടവ് മുതൽ പഴയങ്ങാടി വരെയുള്ള കണ്ടൽ ക്രൂസിന്റെ ഭാഗമായി 17.60കോടി രൂപയുടെ പ്രവർത്തനങ്ങളാണ് വിഭാവനം ചെയ്തിട്ടുള്ളത്.

കുപ്പം, പട്ടുവം മംഗലശ്ശേരി, മുതുകുട തുടങ്ങി ഏഴോളം കേന്ദ്രങ്ങളിൽ ബോട്ട് ജെട്ടി/ ടെർമിനൽ, പട്ടുവം മംഗലശ്ശേരിയിലും പഴയങ്ങാടി മുട്ടുകണ്ടിയിലും ബോട്ട് റേസ് ഗ്യാലറി, കുപ്പം പട്ടുവം ഏഴോം മുതുകുട എന്നിവിടങ്ങളിൽ ഏറുമാടങ്ങൾ, കോട്ടക്കീലിൽ നാടൻ ഭക്ഷണശാല, കുപ്പത്ത് പാർക്കിംഗ് യാർഡും ശൗചാലയവും, കുപ്പം പുഴതീരങ്ങളിൽ കണ്ടൽ നടീൽ, പുഴകളിൽ പക്ഷികൾക്കിരിക്കാൻ പക്ഷിത്തൂണുകൾ, ഫ്ലോട്ടിംഗ് റസ്റ്റോറന്റ്, വൈഫൈ സൗകര്യം, സി.സി.ടി.വി സുരക്ഷയൊരുക്കൽ, ദിശാ സൂചികകൾ തുടങ്ങിയവയാണ് കണ്ടൽ ക്രൂസിന്റെ ഭാഗമായി വരുന്ന സൗകര്യങ്ങൾ.

ബോട്ട് ജെട്ടി/ ടെർമിനൽ എന്നിവയുടെ നിർമ്മാണ പ്രവർത്തനങ്ങളുടെ ചുമതല ഉൾനാടൻ ജലഗത വകുപ്പിനെയും മറ്റു അനുബന്ധ സൗകര്യങ്ങളുടേത് കേരള ഇലക്ട്രിക്കൽസ് & അലൈഡ് എൻജിനീയറിംഗ് ലിമിറ്റഡ് (കെൽ) നെയും ആണ് ചുമതലപ്പെടുത്തിയിട്ടുള്ളത്.

സംസ്ഥാന ഗവൺമെന്റ് ഭരണാനുമതി നൽകിയ പഴങ്ങാടി ബോട്ട് ടെർമിനൽ പ്രവർത്തന സജ്ജമായതിനോടൊപ്പം കണ്ടൽ ക്രൂസ് ആരംഭിക്കുന്നതിനായി മറ്റു ബോട്ട് ജെട്ടി/ ടെർമിനലിന്റെ പ്രവർത്തനങ്ങൾ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്.

കുപ്പം, പട്ടുവം മംഗലശ്ശേരി എന്നിവിടങ്ങളിൽ ഒന്നരക്കോടി രൂപയുടെ ബോട്ട് ടെർമിനലിന്റെ പൈലിംഗ് പൂർത്തീകരിച്ചു. ചെറുകുന്ന് ബോട്ട് ടെർമിനലിന്റെ പ്രാഥമിക സൈറ്റ് പ്രവൃത്തികൾ രണ്ട് ദിവസത്തിനകം ആരംഭിക്കും. കാട്ടാമ്പള്ളിക്കടവ്, മുതുകുട, ചെറുകുന്ന്, താവം, മുട്ടിൽ എന്നിവിടങ്ങളിലെ പ്രവൃത്തികൾ എത്രയും പെട്ടെന്ന് തന്നെ ആരംഭിക്കും.

ബോട്ട് ജെട്ടി/ ടെർമിനൽ എന്നിവയ്ക്ക് പുറമേയുള്ള മറ്റു സൗകര്യങ്ങളുടെ നിർമ്മാണത്തിനായി ടെൻഡർ നടപടികൾ പൂർത്തീകരിച്ചിട്ടുണ്ടെങ്കിലും പ്രവൃത്തികൾ ആരംഭിക്കുന്നതേ ഉള്ളു.