കൊട്ടിയൂർ: ബഹുവർണ്ണ പോസ്റ്ററുകളും ബാനറുകളുമൊക്കെയായി നാടെങ്ങും പ്രചാരണം മുന്നേറുന്നതിനിടയിൽ അമ്പായത്തോട്ടിലെ ചില വീടുകൾക്ക് മുമ്പിൽ വ്യത്യസ്തമായ ബാനർ ഉയരുന്നു. 'വന്യമൃഗശല്യത്തിന് പരിഹാരം കാണാൻ ഇതുവരെ കഴിയാത്തവർക്ക് ഇവിടെ വോട്ടില്ല' എന്നെഴുതിയ ബാനറാണ് നാട്ടുകാർ ഉയർത്തുന്നത്. വർഷങ്ങളായി വന്യമൃഗശല്യം കൊണ്ട് പൊറുതിമുട്ടിയ കർഷകരുടെ പ്രതിഷേധമാണ് പ്രതികരണവേദി പ്രവർത്തകരുടെ പേരിൽ ഉയർന്നത്. കാട്ടാനകളും, കാട്ടുപന്നി, കുരങ്ങ്, മാൻ,മലയണ്ണാൻ തുടങ്ങിയ വന്യമൃഗങ്ങൾ രാപകൽ വ്യത്യാസമില്ലാതെ ജനവാസ കേന്ദ്രത്തിലെത്തി കൃഷി നശിപ്പിക്കുകയും കർഷകരുടെ ജീവന് ഭീഷണിയുയർത്തുകയും ചെയ്യാൻ തുടങ്ങിയിട്ട് ഏറെ നാളുകളായി.
കൊട്ടിയൂർ, കേളകം, കണിച്ചാർ, പേരാവൂർ, ആറളം, മുഴക്കുന്ന് തുടങ്ങിയ പഞ്ചായത്തുകളിലെല്ലാം കാട്ടാന ശല്യം രൂക്ഷമാണ്. വിവരമറിഞ്ഞെത്തുന്ന വനം വകുപ്പ് ഉദ്യോഗസ്ഥർ കാട്ടാനകളെ വനത്തിലേക്ക് തുരത്തിയാലും തൊട്ടടുത്ത ദിവസം തന്നെ അവ കൂട്ടത്തോടെ ജനവാസ കേന്ദ്രങ്ങളിലെത്തി നാശം വിതയ്ക്കുന്നത് പതിവാകുന്നു. ആനമതിൽ ഉൾപ്പെടെയുള്ള പ്രതിരോധ സംവിധാനങ്ങൾ ഒരുക്കാൻ പദ്ധതിയുണ്ടെങ്കിലും നിലവിൽ നടപ്പായിട്ടില്ല. ആറു വർഷത്തിനിടെ എട്ടു പേർക്കാണ് കാട്ടാനയുടെ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടത്. പരിക്കുപറ്റിയവർ നിരവധിയാണ്.
ഒരു വർഷം മുമ്പാണ് കൊട്ടിയൂർ പന്ന്യാംമലയിലെ കർഷകനായിരുന്ന മേല്പനാംതോട്ടത്തിൽ ആഗസ്തി കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
കാട്ടാന ആക്രമണത്തെത്തുടർന്ന് ഗുരുതരമായി പരിക്കേറ്റ പന്ന്യാംമലയിലെ വേലിക്കകത്ത് മാത്യു ഇപ്പോഴും ചികിത്സയിലാണ്. അഞ്ചു ശസ്ത്രക്രിയകൾ കഴിഞ്ഞ അദ്ദേഹത്തിന് ഇതിനോടകം 10 ലക്ഷത്തിലധികം രൂപ ചെലവായിട്ടുണ്ട്.
വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം വേണമെന്ന കർഷകരുടെ മുറവിളിക്ക് വർഷങ്ങളുടെ പഴക്കമുണ്ട്. ഈ സാഹചര്യത്തിലാണ് കർഷകർ ആശയ പ്രചാരണത്തിന് പുതിയ മാർഗ്ഗം കണ്ടെത്തിയത്.
സുനിൽ മലങ്കോട്ടയ്ക്കൽ, ജോസ് പള്ളിക്കാമഠം, ജോയി നമ്പുടാകം തുടങ്ങിയ കർഷകരുടെ വീടുകൾക്ക് മുമ്പിലാണ് ഇപ്പോൾ ബാനറുകൾ സ്ഥാപിച്ചിട്ടുള്ളതെങ്കിലും പ്രദേശത്തെ നിരവധി കർഷകരുടെ പിന്തുണ തങ്ങൾക്കുണ്ടെന്ന് സുനിൽ മലങ്കോട്ടയ്ക്കൽ പറഞ്ഞു.
അധികൃതർ വാഗ്ദ്ധാനങ്ങൾ നൽകുന്നതല്ലാതെ പാലിക്കാത്തതിലാണ് കർഷകർക്ക് പ്രതിഷേധം. കണ്ണൂർ ജില്ലയിൽ ഒരു ആന പ്രതിരോധമതിൽ പണിയുകയാണെങ്കിൽ ആദ്യ പരിഗണന കൊട്ടിയൂരിനായിക്കുമെന്ന അധികൃതരുടെ ഉറപ്പ് ഇതുവരെ പാലിക്കപ്പെട്ടില്ല. ജനവാസ കേന്ദ്രത്തിലേക്ക് കാട്ടാനയിറങ്ങാതിരിക്കാനായി സ്ഥാപിച്ച നിലവിലെ വൈദ്യുത വേലിക്ക് പുറമെ രണ്ടാമതൊന്നും കൂടി സ്ഥാപിക്കുമെന്ന് ഉറപ്പു നൽകിയിരുന്നെങ്കിലും നടപ്പായില്ല. റാപ്പിഡ് റെസ്‌പോൺസ് ടീമിന്റെ ഒരു യൂണിറ്റ് എപ്പോഴും കണ്ടപ്പുനം ഫോറസ്റ്റ് ഓഫീസ് കേന്ദ്രീകരിച്ച് കർഷകർക്ക് തുണയായി പ്രവർത്തിക്കുന്ന് പറഞ്ഞതും പാഴ് വാക്കായെന്നും കർഷകർ പറയുന്നു.
രാഷ്ട്രീയ പാർട്ടികളുടെ ശ്രദ്ധയിൽ ഈ പ്രശ്നം അവതരിപ്പിക്കാനും പരിഹാരം കാണാമെന്നും ഉറപ്പ് നൽകുന്നവർക്ക് മാത്രമാണ് ഇത്തവണ വോട്ടു നൽകുക
സുനിൽ മലങ്കോട്ടയ്ക്കൽ
പ്രതികരണവേദി പ്രവർത്തകൻ