പൂവച്ചൽ: ജില്ലാ പഞ്ചായത്ത് പൂവച്ചൽ ഡിവിഷനിൽ സീറ്റ് നിലനിറുത്താൻ യു.ഡി.എഫും പിടിച്ചെടുക്കാൻ എൽ.ഡി.എഫും കഠിന പരിശ്രമത്തിൽ. അട്ടിമറി വിജയം പ്രതീക്ഷിച്ച് എൻ.ഡി.എയും രംഗത്തെത്തിയതോടെ ഇക്കുറി കടുത്ത മത്സരമാകും അരങ്ങേറുക. നിയമസഭാ, ലോ‌ക്‌സഭാ തിരഞ്ഞെടുപ്പുകളിൽ ലഭിക്കുന്ന മേൽക്കൈ ജില്ലാ ഡിവിഷനിലും പ്രതീക്ഷിക്കുകയാണ് യു.ഡി.എഫ്. ജനപ്രതിനിധിയായി കഴിവ് തെളിയിച്ച ആളാണ് യു.ഡി.എഫ് സ്ഥാനാർത്ഥി സൗമ്യ റോബിൻ. 2010ലും 2015ലും പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്തിലെ വാഴിച്ചൽ ഡിവിഷനിൽ നിന്നുള്ള വിജയത്തിന്റെ ആത്മവിശ്വാസം വാനോളമുണ്ട്. പൂവച്ചൽ, ഒറ്റശേഖരമംഗലം, അമ്പൂരി പഞ്ചായത്തുകളിലെ വിവിധ സ്‌കൂളുകളിൽ താത്കാലിക അദ്ധ്യാപികയായിരുന്ന അനുഭവസമ്പത്തും കൈമുതലായുണ്ട്. അമ്പൂരി ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് ബിനു തങ്കപ്പനാണ് ഭർത്താവ്.

പൂവച്ചൽ പുളിങ്കോട് സ്വദേശിയായ എൽ.ഡി.എഫ് സ്ഥാനാർത്ഥി വി. രാധിക എം.എ ബി.എഡ് ബിരുദധാരിയാണ്. നിലവിൽ കുന്നുംപുറം ചിന്മയ വിദ്യാലയത്തിൽ ഹിന്ദി അദ്ധ്യാപികയാണ്. വിവിധ സ്കൂളുകളിലും പാരലൽ കോളേജുകളിലും അദ്ധ്യാപികയായിരുന്നു. കഴിഞ്ഞ തവണ നേരിയ വോട്ടിന് കൈവിട്ട ഡിവിഷൻ ഇക്കുറി തിരിച്ചുപിടിക്കാമെന്ന ആത്മവിശ്വാസവും രാധികയ്ക്കുണ്ട്. സി.പി.ഐ പൂവച്ചൽ ലോക്കൽ കമ്മിറ്റിയംഗം എം.പി. രാജീവ് കുമാറാണ് ഭർത്താവ്.

എൻ.ഡി.എ സ്ഥാനാർത്ഥി സിനി നോബിളിന് ജില്ലാ പഞ്ചായത്തിലേക്കുള്ള രണ്ടാം മത്സരമാണിത്. 2015ൽ മലയിൻകീഴ് ഡിവിഷനിൽ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. എന്നാൽ രാഷ്ട്രീയ പ്രവർത്തനവുമായി ബന്ധപ്പെട്ട് മണ്ഡലത്തിലെ സജീവ സാന്നിദ്ധ്യം ഇത്തവണ വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ്. അമ്പൂരി വാഴിച്ചൽ സ്വദേശിയാണ്. വി.എസ്.ഡി.പി വനിതാ വിഭാഗം ജില്ലാ ജനറൽ സെക്രട്ടറി, ബി.ജെ.പി ഒ.ബി.സി മോർച്ച പാറശാല മണ്ഡലം ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നോബിളാണ് ഭർത്താവ്.

 പൂവച്ചൽ ഡിവിഷൻ

പൂവച്ചൽ പഞ്ചായത്തിലെ 22, കാട്ടാക്കട-13, കള്ളിക്കാട്- 13, ഒറ്റശേഖരമംഗലം - ആറ്, അമ്പൂരി - മൂന്ന് എന്നിങ്ങനെ 57 വാർഡുകൾ ചേർന്നതാണ് പൂവച്ചൽ ജില്ലാ ഡിവിഷൻ. ഇതിൽ പൂവച്ചൽ, കള്ളിക്കാട്, കാട്ടാക്കട, അമ്പൂരി പഞ്ചായത്തുകൾ എൽ.ഡി.എഫും ഒറ്റശേഖരമംഗലം പഞ്ചായത്ത് യു.ഡി.എഫുമാണ് ഭരിച്ചിരുന്നത്.