മാള: കാൽപന്ത് കളിയിലെ ഇതിഹാസത്തിന്റെ വേർപാടിൽ മാളയിലുള്ള ഡിയാഗോ മറഡോണയുടെ കുടുംബവും സങ്കടത്തിലാണ്. മാളയ്ക്കടുത്തുള്ള മാളപള്ളിപ്പുറത്തെ ഈ ഡിയാഗോ മറഡോണയ്ക്കും കുടുംബത്തിനും മൈതാനത്തിന് പുറത്തെ ബന്ധം മാത്രമാണ് കാൽപന്ത് കളിയുമായി ഉണ്ടായിരുന്നത്. പക്ഷേ, കാൽപന്ത് കളിയോടും ഇതിഹാസമായ ഡിയാഗോ മറഡോണയോടുമുള്ള ആരാധനയാണ് മാള പള്ളിപ്പുറം കൊടിയൻ തോമസ് മകന് അദ്ദേഹത്തിന് പേരിടാൻ തീരുമാനിച്ചത്.
1990 ജൂലൈ 2 ന് മാള പള്ളിപ്പുറം കൊടിയൻ തോമസിന്റേയും ആനിയുടേയും മകന്റെ ജനനം. മകന് പള്ളിയിൽ നൽകിയിരുന്ന ആന്റണിയെന്ന പേരിടാനാണ് അമ്മ ആനിയും ചില ബന്ധുക്കളും മനസിൽ കരുതിയിരുന്നത്. എന്നാൽ പേര് വിളിക്കാൻ പള്ളിയിലെ അച്ഛൻ ആവശ്യപ്പെട്ടപ്പോൾ തൃശൂർ സർക്കാർ എൻജിനീയറിംഗ് കോളേജിലെ അഡ്മിനിസ്ട്രേറ്റിവ് അസിസ്റ്റന്റായ തോമസ് ഒന്നും ആലോചിക്കാതെ മനസിൽ നിധിപോലെ സൂക്ഷിച്ചിരുന്ന ആ പേര് പുറത്ത് വിട്ടു, 'ഡിയാഗോ മറഡോണ'!.
കാൽപ്പന്ത് കളിയോട് ഇഷ്ടമുണ്ടെങ്കിലും ഒരിക്കലും കളിക്കാരനായിരുന്നില്ല മാളയിലെ മറഡോണ. പേര് കേട്ടപ്പോൾ ഫുട്‍ബോൾ കളിക്കാരൻ ആയിരിക്കുമെന്ന് കരുതിയ സ്‌കൂളിലെ കൂട്ടുകാരുടെ പ്രതീക്ഷയും തെറ്റിച്ചു. ഇപ്പോൾ സിവിൽ എൻജിനീയറിംഗ് സൂപ്പർവൈസറായി ജോലി ചെയ്യുകയാണ് ഇവിടുത്തെ മറഡോണ. ഏക മകനായ മറഡോണയ്ക്ക് മാത്രമല്ല അദ്ദേഹത്തിന്റെ മകനും തോമസ് ആണ് പേരിട്ടത്. പേരക്കിടാവിന് ലിയോ മെസി എന്ന് പേരിട്ട് വൈകാതെ തോമസ് ഈ ലോകത്തോട് വിട പറഞ്ഞു. ഏഴ് മാസം പ്രായമായ ഇളയ മകന് ഇനി സമാനമായ രീതിയിൽ പേരിടണമെന്നാണ് മറഡോണയുടെ ആഗ്രഹം. ഭാര്യ ജിൻസിയുമായി ഇക്കാര്യം ആലോചിക്കുകയാണ്.
'ലോക ഫുട്‍ബോൾ ഇതിഹാസത്തിന്റെ പേര് ലഭിച്ചതിൽ സന്തോഷമുണ്ട്. അദ്ദേഹത്തിന്റെ വിയോഗത്തിൽ ദുഃഖമുണ്ട്.'
ഡിയാഗോ മറഡോണ.
'മകന് ഡിയാഗോ മറഡോണ എന്ന പേരിടാൻ ഭർത്താവും എന്റെ സഹോദരനും ഒരുമിച്ചാണ് തീരുമാനിച്ചിരുന്നതെന്ന് പിന്നീട് മനസിലായി. പള്ളിയിൽ വച്ച് ഇത്തരത്തിലൊരു പേരിട്ടപ്പോൾ ആദ്യമൊന്ന് ഞെട്ടി.പിന്നീട് ഭർത്താവിന്റെയും സഹോദരന്റെയും ഇഷ്ടം മനസിലായപ്പോൾ സന്തോഷമേ തോന്നിയുള്ളൂ'
ആനി