nov26a

ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരസഭയിലെ തിരഞ്ഞെടുപ്പ് രംഗത്തും പാരടി ഗാനങ്ങളുടെ തുടികൊട്ട് ഉയരുകയാണ്. ആറാട്ടുകടവ് വാ‌‌‌‌ഡിലെ സി.പി.ഐ സ്ഥാനാർത്ഥി അവനവഞ്ചേരി രാജുവിനും കുന്നത്ത് വാർഡിലെ സി.പി.എം സ്ഥാനാർത്ഥി ടി. ബിജുവിനും വേണ്ടിയാണ് ആറ്റിങ്ങലിൽ ആദ്യമായി പാരടി ഗാനങ്ങൾ പ്രചാരണത്തിനായി തയ്യാറായത്. രാജുവിന് വേണ്ടി മന്ദാര കാവിലെ..എന്ന നാടൻപാട്ടിന്റെ ഈണത്തിലും ബിജുവിനുവേണ്ടി താരകപെണ്ണാളെ എന്ന നാടൻ പാട്ടിന്റെ ഈണത്തിലുമാണ് ഗാനങ്ങൾ ഒരുങ്ങിയത്. കവി വിജയൻ പാലാഴിയാണ് രണ്ടിന്റെയും രചന നിർവഹിച്ചിരിക്കുന്നത്. ഷോർട്ട് ഫിലിം സംവിധായകൻ ഡിങ്കിരി അനിലിന്റെ നേതൃ‌ത്വത്തിലാണ് പാട്ടുകളുടെ ആവിഷ്കാരം നടക്കുന്നത്. അജിൽ മണിമുത്തിന്റെ കലാഭവൻ മണി സേവന സമിതിയുടെ നാടൻപാട്ട് കലാകാരന്മാരും കലാകാരികളുമാണ് ഗായകർ.
എൽ.ഡി.എഫ്, യു.ഡി.എഫ്, ബി.ജെ.പി സ്ഥാനാർത്ഥികളും സ്വതന്ത്രരും ഈ ആവശ്യവുമായി സമീപിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ ഇവർക്കായും പാരടിപാട്ടുകൾ തയ്യാറാവുമെന്ന് അണിയറ പ്രവർത്തകർ പറഞ്ഞു.