തിരുവനന്തപുരം: കേന്ദ്രം നിർദേശിച്ച പ്രകാരം ജി.എസ്.ടി നഷ്ടപരിഹാരം സ്വീകരിക്കാൻ കേരളം സമ്മതിച്ചു. ഇതു പ്രകാരം കേരളത്തിന് 5700 കോടിരൂപ കിട്ടും. കൂടാതെ പിരിച്ച സെസിൽ നിന്ന് 3300 കോടിരൂപയും കിട്ടും. അതിൽ 917 കോടി രൂപ കിട്ടിക്കഴിഞ്ഞു.
എല്ലാ സംസ്ഥാനങ്ങൾക്കുമായി നൽകാനുള്ള നഷ്ടപരിഹാരത്തുകയായ 2.65 ലക്ഷം കോടി രൂപയിൽ 1.10ലക്ഷം കോടി കേന്ദ്രം റിസർവ് ബാങ്കിന്റെ പ്രത്യേക വിൻഡോ വഴി വായ്പ എടുത്ത് സംസ്ഥാനങ്ങൾക്ക് നൽകാനും ബാക്കി തുക പിന്നീട് കൈമാറാനുമുള്ള കേന്ദ്ര തീരുമാന പ്രകാരമാണിത്.
ഓപ്ഷൻ സ്വീകരിക്കാനും നിരസിക്കാനും സംസ്ഥാനങ്ങൾക്ക് സ്വാതന്ത്ര്യമുണ്ടായിരുന്നു.
2.65 ലക്ഷം കോടി രൂപയും കേന്ദ്രം നേരിട്ട് വായ്പ എടുത്തു നൽകണമെന്നായിരുന്നു കേരളത്തിന്റെയും ബംഗാൾ അടക്കമുള്ള മറ്റു ചില സംസ്ഥാനങ്ങളുടെയും ആദ്യ നിലപാട്. എന്നാൽ, കേന്ദ്രം വഴങ്ങിയില്ല. കേരളത്തിന്റെ കൂടെ നിന്നിരുന്ന മഹാരാഷ്ട്രയും രാജസ്ഥാനും നേരത്തെ തന്നെ നിലപാട് മാറ്രിയിരുന്നു. കേരളത്തിനൊപ്പം ബംഗാളും ഓപ്ഷൻ സ്വീകരിച്ചു.