പോത്തൻകോട്: തിരഞ്ഞെടുപ്പിൽ പലതരത്തിലുള്ള അഭ്യർത്ഥനകൾ സ്ഥാനാർത്ഥികൾ പുറത്തിറക്കാറുണ്ടെങ്കിലും ഇതിൽ നിന്നെല്ലാം വ്യത്യസ്ഥയാകുകയാണ് പോത്തൻകോട് ഗ്രാമപഞ്ചായത്തിലെ പുലവീട് വാർഡിൽ മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാർത്ഥി അംബിക ടീച്ചർ. ഓരോ വോട്ടറെയും വീട്ടിലെത്തി നേരിട്ട് സന്ദർശിച്ച് വോട്ട് അഭ്യർത്ഥിക്കുന്നതോടൊപ്പം വോട്ടർക്ക് നൽകുന്ന നോട്ടീസിലെ ക്യു.ആർ കോഡ് സ്കാൻ ചെയ്താൽ തന്നെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ നിങ്ങൾക്ക് മനസിലാകും എന്നു പറഞ്ഞാണ് മടങ്ങുന്നത്.
ക്യു.ആർ കോഡ് സ്കാൻ ചെയ്താൽ ടീച്ചറുടെ വോട്ട് അഭ്യർത്ഥിച്ചു കൊണ്ടുള്ള വീഡിയോകളും ചിത്രങ്ങളും തിരഞ്ഞെടുപ്പ് ഗാനവും മൊബൈൽ സ്ക്രീനിൽ തെളിഞ്ഞുവരും. കൊവിഡ് പശ്ചാത്തലത്തിൽ മുൻകാലങ്ങളിലെ പതിവ് പ്രചാരണ രീതികൾക്ക് നിയന്ത്രണങ്ങൾ ഉള്ളതിനാൽ സ്മാർട്ട്ഫോൺ വഴിയുള്ള പ്രചാരണത്തിലൂടെ വിജയം നേടാമെന്ന പ്രതീക്ഷയിലാണ് സ്ഥാനാർത്ഥി. സ്മാർട് ഫോൺ സർവസാധാരണമായതിനാൽ ഈ അഭ്യർത്ഥനയ്ക്ക് നാട്ടിൽ നല്ല വരവേൽപ്പാണ് ലഭിക്കുന്നത്. പുതുതലമുറ പ്രചാരണ തന്ത്രത്തിന് പിന്നിൽ ടീച്ചറിന്റെ ബന്ധുവും കണിയാപുരം മുസ്ലിം ഹൈസ്‌കൂളിലെ ഡ്രോയിംഗ് അദ്ധ്യാപകനുമായ ആർ. ലതീഷ്‌കുമാറാണ്.