തിരുവനന്തപുരം : പ്രചാരണ പ്രവർത്തനങ്ങൾ സജീവമായിരിക്കെ കോർപറേഷനിലെ ഭൂരിഭാഗം വാർഡുകളിലും വിധി പ്രവചനാതീതമാണ്. കഴിഞ്ഞ കൗൺസിലിൽ പയറ്റിത്തെളിഞ്ഞ 10 പേർ പരസ്‌പരം ഏറ്റുമുട്ടുന്ന അഞ്ചുവാർഡുകളിൽ തീപാറും മത്സരത്തിനാണ് സാക്ഷ്യം വഹിക്കുന്നത്. ജഗതി,തിരുമല,പൊന്നുമംഗലം,ശാസ്തമംഗലം,നെടുങ്കാട് എന്നിവിടങ്ങളിലാണ് സിറ്റിംഗ് കൗൺസിലർമാർ പരസ്‌പരം പടവെട്ടുന്നത്. ഇതിൽ ജഗതി ഒഴികെ മറ്റു നാലും ജനറൽ സീറ്റുകളാണ്. എല്ലായിടത്തും എൽ.ഡി.എഫും ബി.ജെ.പിയും തമ്മിലാണ് ഏറ്റുമുട്ടൽ.
ജഗതി
ബി.ജെ.പിയിലെ ഷീജാ മധുവും തൈക്കാട് വാർഡിൽ നിന്നെത്തിയ എൽ.ഡി.എഫിലെ വിദ്യാമോഹനും തമ്മിലാണ് പോരാട്ടം.പത്തുവർഷമായി ഷീജാമധുവാണ് വാർഡിനെ പ്രതിനിധീകരിക്കുന്നത്. 2010ൽ വനിതവാർഡായിരിക്കെയാണ് ഷീജ രംഗത്തിറങ്ങി എൽ.ഡി.എഫിൽ നിന്ന് വാർഡ് പിടിച്ചെടുത്തത്. 2015ൽ ജനറൽ വാർഡായപ്പോഴും ഷീജ ജഗതി വിട്ടില്ല.കഴിഞ്ഞവണ 262 വോട്ടിന് വിജയിച്ചു. ഇക്കുറി വനിതാവാർഡാകുമ്പോഴും ഷീജയിലൂടെ ചരിത്രം ആവർത്തിക്കുമെന്നാണ് ബി.ജെ.പി കണക്കുകൂട്ടൽ. എന്നാൽ യുവമുഖമായ വിദ്യാമോഹനിലൂടെ വാർഡ് പിടിച്ചെടുക്കാമെന്നാണ് എൽ.ഡി.എഫിന്റെ പ്രതീക്ഷ. 416വോട്ടിനാണ് വിദ്യ കഴിഞ്ഞതവണ തൈക്കാട് വിജയക്കൊടി പാറിച്ചത്.
തിരുമല
കഴിഞ്ഞവണ ബി.ജെ.പിയിലെ പി.വി.മഞ്ജു 468വോട്ടിന് വിജയിച്ച വാർഡാണിത്.ഇക്കുറി ഏറ്റുമുട്ടന്ന രണ്ടുപേരും സമീപ വാർഡുകളിൽ കഴിഞ്ഞവട്ടം വിജയിച്ചവരാണ്.പുന്നയ്ക്കാമുകളിലെ എൽ.ഡി.എഫ് കൗൺസിലർ ആർ.പി.ശിവജിയും തൃക്കണ്ണാപുരത്തെ ബി.ജെ.പി കൗൺസിലർ കെ.അനിൽകുമാറുമാണ് പോരാടുന്നത്. ഇരുവരും കഴിഞ്ഞ കൗൺസിലിൽ നിരവധി രാഷ്ട്രീയ വിഷയങ്ങളുടെ ചർച്ചയിൽ പരസ്‌പരം കൊമ്പുകോർത്തവരാണ്. കൗൺസിലിൽ ഇരുവിഭാഗങ്ങളിലെയും നിർണായ ശക്തികൾ തമ്മിലുള്ള മത്സരം ഇരുമുന്നണികൾക്കും അഭിമാനപോരാട്ടമാണ്. ശിവജി 1549വോട്ടിനും അനിൽ 308വോട്ടിനുമാണ് കഴിഞ്ഞതവണ വിജയിച്ചത്.
പൊന്നുമംഗലം
നിലവിലെ കൗൺസിലറായ സി.പി.എമ്മിലെ സഫീറാബീഗമാണ് എൽ.ഡി.എഫിന് വേണ്ടി ഇക്കുറിയും രംഗത്തുള്ളത്. 844വോട്ടിനായിരുന്നു കഴിഞ്ഞതവണ വിജയം.നേമത്തെ കൗൺസിലറും ബി.ജെ.പി പാർലമെന്ററി പാർട്ടി ലീഡറുമായ എം.ആർ.ഗോപനാണ് മറുവശത്ത്. 2002ലെ ഉപതിരഞ്ഞെടുപ്പിൽ ഗോപനിലൂടെ ബി.ജെ.പി വാർഡ് പിടിച്ചു. 2005ൽ പട്ടിജാതി സംവരണമായപ്പോൾ വാർഡ് ഇടത്പക്ഷത്തേക്ക് മാറി. 2010ൽ വീണ്ടും ഗോപൻ ജയിച്ചു. ഇക്കുറി ഗോപൻ വീണ്ടുമെത്തുമ്പോൾ എന്തുവിലകൊടുത്തും സീറ്റ് നിലനിറുത്താൽ എൽ.ഡി.എഫും പിടിച്ചെടുക്കാൻ ബി.ജെ.പിയും തന്ത്രം മെനയുകയാണ്. 254വോട്ടിനാണ് കഴിഞ്ഞതവണ ഗോപൻ നേമത്ത് ജയിച്ചത്.
ശാസ്തമംഗലം
സി.പി.എമ്മിന്റെ ബിന്ദു ശ്രീകുമാറാണ് വീണ്ടും എൽ.ഡി.എഫിന് വേണ്ടി കളത്തിലുള്ളത്. മുൻ മേയർ സി.ജയൻബാബുവിനെ പരാജയപ്പെടുത്തി കഴിഞ്ഞതവണ പാങ്ങോട് വാർഡ് പിടിച്ചെടുത്ത ആത്മവിശ്വാസവുമായി മധുസൂദനൻ നായരാണ് ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്. കഴിഞ്ഞ തവണ 125വോട്ടിനാണ് ബിന്ദു ശ്രീകുമാർ ശാസ്തമംഗലത്ത് വിജയിച്ചത്. 48വോട്ടിനായിരുന്നു പാങ്ങോട് വാർഡിൽ മധുസൂദനൻ നായരുടെ വിജയം.
നെടുങ്കാട്
സി.പി.എം വാർഡായ നെടുങ്കാടിൽ നിന്ന് കഴിഞ്ഞ രണ്ടുതവണയായി പുഷ്പലതയാണ് കോർപ്പറേഷനിലെത്തുന്നത്. 2015ൽ 743 വോട്ടിനായിരുന്നു വിജയം. ഇക്കുറി കരമന വാർഡിലെ ബി.ജെ.പി കൗൺസിലറായ കരമന അജിത്ത് നെടുങ്കാട് എത്തിയതോടെ മത്സരം കടുത്തു. സി.പി.എമ്മിൽ നിന്ന് കരമന വാർഡ് കഴിഞ്ഞ തവണ 1198 വോട്ടിന് പിടിച്ചെടുത്ത കരുത്താണ് അജിത്തിന് മുതൽകൂട്ട്. നെടുങ്കാട് ഇടതുപക്ഷത്തിന്റെ സുരക്ഷിത താവളമെന്ന പ്രതീക്ഷയാണ് സി.പി.എമ്മിന്റെ കരുത്ത്.