തിരുവനന്തപുരം: ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത ദേശീയ പൊതുപണിമുടക്ക് സംസ്ഥാനത്ത് ഹർത്താലായി. പൊതുഗതാഗതം നിലച്ചു. കടകളും സർക്കാർ ഓഫീസുകളും ബാങ്കുകളും അടഞ്ഞുകിടന്നു. ട്രെയിനുകളും കൊച്ചി മെട്രോയും മാത്രമാണ് സർവ്വീസ് നടത്തിയത്. സ്വകാര്യവാഹനങ്ങൾ നിരത്തിലിറങ്ങി.
വ്യവസായശാലകൾ സ്തംഭിച്ചു.സർക്കാർ ഓഫീസുകളിൽ ഹാജർ നാമമാത്രമായിരുന്നു. 4800ലേറെ ജീവനക്കാരുളള സെക്രട്ടേറിയറ്റിൽ ഇന്നലെ 17 പേരാണ് ജോലിക്കെത്തിയത്. തദ്ദേശ തിരഞ്ഞെടുപ്പായതിനാൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണറുടെ ഒാഫീസ് പൂർണ്ണതോതിൽ പ്രവർത്തിച്ചു. കളക്ടറേറ്റുകളും അത്യാവശ്യ ജീവനക്കാരെ ഉപയോഗിച്ച് പ്രവർത്തിച്ചു.
ഐ.ടി മേഖലയെ പണിമുടക്ക് കാര്യമായി ബാധിച്ചില്ല. വർക്ക് ഫ്രം ഹോം സംവിധാനത്തിൽ വീടുകളിലിരുന്ന് ജോലി ചെയ്തു. സംസ്ഥാനത്ത് ഒരിടത്തും അക്രമങ്ങൾ നടന്നതായി റിപ്പോർട്ടില്ല. കേന്ദ്രസർക്കാർ സ്ഥാപനങ്ങളായ ഏജീസ് ഓഫീസ്, തപാൽ ഓഫീസുകൾ,റിസർവ്വ് ബാങ്ക് , ബി.എസ്. എൻ.എൽ, ഇൻകംടാക്സ്, സെൻട്രൽ എക്സൈസ്, ഐ.എസ്.ആർ.ഒ തുടങ്ങിയവയെ പണിമുടക്ക് ബാധിച്ചു. .
കേന്ദ്രസർക്കാരിന്റെ കർഷക,തൊഴിലാളി ദ്രോഹ നയങ്ങളിൽ പ്രതിഷേധിച്ചാണ് ബി.എം.എസ്. ഒഴികെയുള്ള 13 കേന്ദ്രട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ 24 മണിക്കൂർ പണിമുടക്കിയത്. സമരസമിതിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് നടത്തിയ സംസ്ഥാനതല പ്രതിഷേധ പരിപാടികളുടെ ഉദ്ഘാടനം സി.ഐ.ടി.യു.സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ നിർവ്വഹിച്ചു..
തിരുവനന്തപുരത്തെയും കൊച്ചിയിലെയും റിസർവ് ബാങ്ക്മേഖലാ ഒാഫീസിൽ പണിമുടക്ക് പൂർണ്ണമായിരുന്നു. ജീവനക്കാർ പ്രകടനം നടത്തി. സംസ്ഥാനത്തെ പൊതുമേഖല, സ്വകാര്യമേഖല, സഹകരണ,ഗ്രാമീണബാങ്കുകളിലെ ജീവനക്കാർ സമരത്തിൽ പങ്കെടുത്തു. തപാൽ, ആർ എം എസ് മേഖല സ്തംഭിച്ചു. . തപാൽ മേഖല സ്തംഭിപ്പിച്ച ജീവനക്കാരെ എൻ എഫ് പി ഇ സംസ്ഥാന കൺവീനർ പി കെ മുരളീധരൻ അഭിവാദ്യം ചെയ്തു.