കാസർകോട്: എൻഡോസൾഫാൻ വിഷമഴ ദുരന്തഭൂമിയാക്കിയ എൻമകജെയിൽ ഭരണം തിരിച്ചു പിടിക്കാൻ ഇറങ്ങിയിരിക്കുകയാണ് രൂപവാണി ആർ ഭട്ട്. മൂന്ന് വർഷം പ്രസിഡന്റ് പദവിയിലിരുന്ന് കേന്ദ്രത്തിന്റെ വികസന പദ്ധതികൾ അതിർത്തി കടന്നെത്തിച്ച ഇടപെടൽ തുണയ്ക്കുമെന്നാണ് രൂപവാണിയുടെ പ്രതീക്ഷ. എൻമകജെ പഞ്ചായത്തിലെ കജംപാടിയിലെ (എട്ടാം വാർഡ്) ജനറൽ സീറ്റിലാണ് ഇത്തവണത്തെ അങ്കം.
വനിതാ സംവരണമായിരുന്ന ഈ വാർഡിൽ നിന്നാണ് 2015 ൽ ജയിച്ചു കയറി പഞ്ചായത്ത് പ്രസിഡന്റ് ആയത്. മൂന്നാം തവണയും അങ്കത്തട്ടിൽ പൊരുതുന്ന ബി.ജെ.പി നേതാവ് ജനസേവനത്തിൽ ഒരിക്കലും വിട്ടുവീഴ്ച കാണിക്കാറില്ല. 2005ൽ എൻമകജെ ഡിവിഷനിൽ നിന്ന് 1500 വോട്ടിന് യു.ഡി.എഫിനെ അട്ടിമറിച്ചു ജില്ലാ പഞ്ചായത്ത് മെമ്പറായതോടെയാണ് ഈ വനിതാ നേതാവ് ശ്രദ്ധാകേന്ദ്രമായി തുടങ്ങിയത്. ദക്ഷിണ കർണ്ണാടകക്കാരിയായ രൂപവാണി 1995 ൽ വിവാഹിതയായി പെർള എടമലയിൽ താമസമാക്കി പൊതുപ്രവർത്തനം തുടങ്ങിയതാണ്. മഹിളാമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ്, ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ സജീവമായിരുന്ന രൂപവാണിക്ക് കേന്ദ്രനേതാക്കളുമായുണ്ടായ സൗഹൃദമാണ് എൻമകജെ പഞ്ചായത്ത് പ്രസിഡന്റായപ്പോൾ ഗുണകരമായത്.
റോഡ് വികസനത്തിനുള്ള ലോകബാങ്കിന്റെ സ്‌പെഷ്യൽ ഗ്രാന്റ് രണ്ടുകോടിയും വർഷംതോറും 54 വീടുകൾ വീതം നൽകിയ 1.10 കോടിയുടെ കേന്ദ്ര ഭവനപദ്ധതിയും കേന്ദ്ര ഫിനാൻസ് കമ്മീഷന്റെ അഞ്ചു കോടിയും സമ്പൂർണ്ണ വൈദ്യുതീകരണത്തിനുള്ള സൗഭാഗ്യ പദ്ധതി, 360 കുടുംബങ്ങളിൽ ശൗചാലയം പണിത സ്വച്ഛ് ഭാരത് മിഷൻ, മറാഠി വിഭാഗത്തിനുള്ള ഒന്നര കോടി ഉൾപ്പെടെ നിരവധി കേന്ദ്ര പദ്ധതികൾ നടപ്പിലാക്കിയ കേരളത്തിലെ ചുരുക്കം ചില പഞ്ചായത്തുകളിൽ ഒന്നായി എന്മകജെയെ മാറ്റി. ഒപ്പം കേരളപദ്ധതികളും നടപ്പിലാക്കി.
250 കുടുംബങ്ങൾക്ക് കേന്ദ്ര പദ്ധതിയുടെ പ്രത്യേക അനുകൂല്യവും നൽകി. ഏഴ് കോടിയുടെ വികസന പദ്ധതികൾ സ്വന്തം വാർഡിന് മാത്രമായി ചിലവഴിക്കാൻ കഴിഞ്ഞുവെന്നാണ് രൂപവാണിയുടെ അവകാശവാദം. നൂറു ശതമാനം ഫണ്ട് ചിലഴിച്ചു സംസ്ഥാന അവാർഡ് വാങ്ങിയിട്ടുണ്ട്. ലീഗൽ സർവീസ് അതോറിറ്റിയുടെ സോഷ്യൽ വർക്കറായി കുടുംബ വഴക്കുകൾ, തർക്കങ്ങൾ തീർക്കുന്നതിൽ മുഖ്യപങ്കു വഹിച്ചിട്ടുണ്ട്. 'നാട്ടുമദ്ധ്യസ്ഥ' റോളിലും തിളങ്ങി നാട്ടുകാർക്ക് പ്രിയങ്കരിയായി. അതിർത്തി പഞ്ചായത്തിലെ 17 വാർഡുകളിൽ ബി.ജെ.പിക്കും യു.ഡി.എഫിനും ഏഴ് വീതവും സി.പി.എമ്മിന് രണ്ടും സീറ്റുകളാണ് ഉണ്ടായിരുന്നത്. യു.ഡി.എഫും സി.പി.എമ്മും ഒരുമിച്ച് അവിശ്വാസ പ്രമേയം പാസാക്കിയതോടെയാണ് ഭരണം നഷ്ടപ്പെട്ടത്. ഭരണം തിരിച്ചുപിടിക്കാനുള്ള ബി.ജെ.പി ശ്രമത്തിനൊപ്പമാണ് രൂപവാണിയും പൊരുതുന്നത്.