prabhas

ബാഹുബലി എന്ന ഒറ്റ ചിത്രം കൊണ്ട് ലോക സിനിമാ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് പ്രഭാസ്. രാജമൗലി സംവിധാനം ചെയ്ത ബാഹുബലി ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ചാവിഷയമാണ്. ബാഹുബലിയിലൂടെ ആരാധകഹൃദയങ്ങൾ കീഴടക്കിയ പ്രഭാസ് ഇപ്പോൾ ബിഗ് ബഡ്ജറ്റ് ചിത്രങ്ങളുടെ തോഴനായി മാറിയിരിക്കുകയാണ്. താരത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്ന മൂന്ന് സിനിമകളും ബിഗ് ബഡ്ജറ്റ് ചിത്രങ്ങളാണ്. ആക്ഷൻ ചിത്രമായ സാഹോയ്ക്കു ശേഷം, ആദിപുരുഷ്, രാധേ ശ്യാം, നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന സയൻസ് ഫിക്ഷൻ ചിത്രം എന്നിവയാണ് പ്രഭാസിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. 1000 കോടി രൂപയ്ക്ക് മുകളിലാണ് മൂന്നു ചിത്രങ്ങളും ഒരുങ്ങുന്നതെന്നാണ് പ്രചരിക്കുന്ന റിപ്പോർട്ട്. ഈ മൂന്ന് ചിത്രങ്ങളിലും പ്രഭാസിനോടൊപ്പം ഇന്ത്യൻ സിനിമയിലെ മുൻനിര താരങ്ങളാണ് അണിനിരക്കുന്നത്. പ്രഖ്യാപനം മുതൽ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രഭാസ് ചിത്രമാണ് 'ആദിപുരുഷ്'. നടനോടൊപ്പം ബോളിവുഡ് താരം സെയ്ഫ് അലിഖാനും ചിത്രത്തിലെത്തുന്നുണ്ട്. വില്ലൻ ഗെറ്റപ്പിലാണ് സെയ്ഫ് ചിത്രത്തിലെത്തുന്നത്. രാമ - രാവണ കഥ പറയുന്ന ചിത്രത്തിൽ രാമനായിട്ടാണ് പ്രഭാസ് എത്തുന്നത്. നായികയായി ബോളിവുഡ് താരം അനുഷ്ക ശർമയുടെ പേര് ഉയർന്ന് കേട്ടിരുന്നു. ചിത്രത്തിലെ സെയ്ഫിന്റേയും പ്രഭാസിന്റേയും ക്യാരക്ടർ പോസ്റ്റർ പുറത്ത് വന്നിരുന്നു. കരീനയായിരുന്നു സെയ്ഫിന്റെ രാവണ ഗെറ്റപ്പ് പങ്കുവച്ചത്. 450 കോടി രൂപ ബഡ്ജറ്റിലാണ് ചിത്രം ഒരുങ്ങന്നതെന്നാണ് റിപ്പോർട്ട്. അണിയറയിൽ ഒരുങ്ങുന്ന പ്രഭാസിന്റെ മറ്റൊരു ബിഗ് ബഡ്ജറ്റ് ചിത്രമാണ് രാധേ ശ്യം. പൂജ ഹെഗ്‌ഡെയാണ് ചിത്രത്തിലെ നായിക. റൊമാന്റിക് ഡ്രാമ വിഭാഗത്തിൽപ്പെടുന്ന ചിത്രത്തിൽ .വിക്രമാദിത്യൻ എന്ന കൈനോട്ടക്കാരന്റെ വേഷത്തിലാണ് പ്രഭാസ് എത്തുന്നത്. 250 കോടി രൂപയുടെ ബഡ്‌ജറ്റിൽ ഒരുങ്ങുന്ന രാധേ ശ്യാമിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. മഹാനടി സംവിധാനം ചെയ്ത നാഗ് അശ്വിന്റെ സയൻസ് ഫിക്ഷൻ ചിത്രമാണ് മറ്റൊന്ന്. ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിൽ ബോളിവുഡ് താരം ദീപിക പദുകോണാണ് നായികയായി എത്തുന്നത്. ദീപിക ആദ്യമായി വേഷമിടുന്ന തെലുങ്ക് ചിത്രം കൂടിയാണിത്. 300 കോടി രൂപയ്ക്കു മുകളിലാണ് ബഡ്ജറ്റ്.