road

വെള്ളരിക്കുണ്ട്: തിരഞ്ഞെടുപ്പ് കാലത്തെല്ലാം റോഡ് നവീകരണം വാഗ്ദാനം ചെയ്ത് പറ്റിക്കുന്ന രാഷ്ട്രീയക്കാർക്കും സ്ഥാനാർത്ഥികൾക്കും വേറിട്ട മാർഗ്ഗത്തിലൂടെ മറുപടി നൽകുകയാണ് മുടന്തേൻപാറ പട്ടിക ജാതി കോളനിയിലെ ജനം.

വോട്ട് ചോദിച്ചെത്തുന്ന സ്ഥാനാർത്ഥികൾ കുഴിയിൽ വീഴാതിരിക്കാൻ സ്വന്തമായി റോഡ് നന്നാക്കിയാണ് വേറിട്ട പ്രതിഷേധം.

കാലങ്ങളായി പറഞ്ഞു പറ്റിച്ചു വോട്ട് വാങ്ങി പോകുന്നവർ ഇത്തവണയും വരുമെന്നും, കുഴിയിൽ വീണാൽ ഞങ്ങൾക്കാണ് അതിന്റെ നാണക്കേടെന്നും കോളനിക്കാർക്ക് ഒരു മര്യാദ ഉണ്ടല്ലോയെന്നും ഉമേഷ് എന്ന യുവാവ് പറയുന്നു. കോളനിക്കാരുടെ മുഖത്തെല്ലാം രാഷ്ട്രീയക്കാരോടുള്ള പുച്ഛവും പ്രതിഫലിക്കുന്നുണ്ട്.

വെസ്റ്റ് എളേരി പഞ്ചായത്തിലെ എട്ടാം വാർഡിലാണ് മുടന്തേൻപാറ പട്ടിക ജാതി കോളനി. കോളനിയിലേക്ക് പഞ്ചായത്ത് റോഡ് ഉണ്ടെങ്കിലും എളുപ്പത്തിൽ എത്താനുള്ള മുടന്തൻപാറ-കരുവങ്കയം റോഡ് നിർമ്മാണമാണ് പൂർത്തിയാകാത്തത്. 15 വർഷം ഈ വാർഡിനെ പ്രതിനിധീകരിച്ചവർ കുടിവെള്ളവും വാഗ്ദാനം ചെയ്തിരുന്നു. നാങ്ക ദ്രാവിഡ കൾച്ചറൽ സൊസൈറ്റി എന്ന കൂട്ടായ്മയുടെ നേതൃത്വത്തിലാണ് പ്രവർത്തകർ ബുധനാഴ്ച കരുവങ്കയം റോഡിലെ കുഴികൾ കല്ലും മണ്ണുംനിറച്ചു മിനുക്കിയത്. പി.കെ. ഉമേഷ്, രാഘവൻ, മനോജ്, കുഞ്ഞിരാമൻ, ഉഷ തുടങ്ങിയവർ റോഡ് നവീകരണത്തിന് നേതൃത്വം നൽകി.