കുറ്റ്യാടി: നെൽപ്പാടങ്ങളുടെ നാടായ വേളം ഗ്രാമത്തിൽ നിന്നും നെൽക്കതിർ നെഞ്ചോട് ചേർത്ത് മത്സരിക്കുകയാണ് ഒരു അച്ഛനും മകനും. സി.പി.ഐ. സ്ഥാനാർത്ഥികളായാണ് സി.കെ.ബാബുവും മകൻ സി.കെ.ബിജിത്ത് ലാലും മത്സരിക്കുന്നത്. കുറ്റ്യാടി മണ്ഡലം നിർവാഹക സമിതി അംഗവും എൻ.ആർ.ഇ.ജി. വർക്കേഴ്സ് യൂണിയൻ ജില്ലാ ഭാരവാഹിയുമാണ് സി.കെ.ബാബു. ഇദ്ദേഹം കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് ചേരാപുരം ഡിവിഷനിൽ നിന്നും ജനവിധി തേടുമ്പോൾ എ.ഐ.വൈ.എഫ്. സംസ്ഥാന ഉപാദ്ധ്യക്ഷനും നിയമവിദ്യാർത്ഥിയുമായ മകൻ സി.കെ. ബിജിത്ത് ലാൽ വേളം ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡിൽ നിന്നും മത്സരിക്കുന്നു.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർത്ഥികൾ വിജയിച്ച വാർഡുകളിലാണ് ഇരുവരും മത്സരിക്കുന്നതെങ്കിലും വേളത്തെ രാഷ്ട്രീയ കാലാവസ്ഥ തങ്ങൾക്കനുകൂലമാകുമെന്നാണ് ഇവർ പറയുന്നത്. നാമ നിർദ്ദേശ പത്രിക സമർപ്പണം പൂർത്തിയായിട്ടും പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും വിവാദങ്ങളിൽ ഉഴലുന്ന യു.ഡി.എഫിന് അച്ഛന്റെയും മകന്റെയും ഇടപെടൽ വെല്ലുവിളിയാണ്.
എ.ഐ.എസ്.എഫ്. ജില്ലാ-സംസ്ഥാന ഭാരവാഹിയായിരുന്നപ്പോൾ വിദ്യാർത്ഥി പ്രക്ഷോഭങ്ങളിൽ പങ്കെടുത്ത് പൊലീസ് മർദ്ദനവും ജയിൽ വാസവും അനുഭവിച്ച ബിജിത്ത് ലാൽ ഇതിനകം ഒരു വട്ടം തന്റെ വാർഡിലെ വീടുകളിലെല്ലാം പര്യടനം പൂർത്തിക്കി. വേളത്തെ സന്നദ്ധ ജീവകാരുണ്യ പ്രവർത്തനങ്ങളിലെ നിറസാന്നിധ്യമായ സി.കെ. ബാബു നാട്ടുകാർക്ക് സുപരിചിതനാണ്. എന്തായാലും അച്ഛനും മകനും തെരഞ്ഞെടുപ്പ് ഗോദയിൽ ഇറങ്ങിയതോടെ വേളത്തെ തെരഞ്ഞെടുപ്പാവേശം വർദ്ധിക്കുമെന്നുറപ്പാണ്.