സുൽത്താൻ ബത്തേരി: നിങ്ങളുടെ സ്ഥാനാർത്ഥി ഇതാ ഈ രാജവീഥികളെ പുളകമണിയിച്ചുകൊണ്ട് കാളവണ്ടിയിൽ... നിങ്ങളുടെ ഓരോ വിലയേറിയ വോട്ടും അദേഹത്തിന് നൽകി വമ്പിച്ച ഭൂരിപക്ഷത്തോടു കുടി വിജയിപ്പിക്കണമേ എന്ന് അപേക്ഷിക്കുകയാണ്... ഇത് പതിറ്റാണ്ടുകൾക്ക് മുമ്പ് നടന്ന ഒരു അനൗൺസ്‌മെന്റ് ആണ്. കാളവണ്ടിയിൽ അനൗൺസ് ചെയ്ത് വന്നതാകട്ടെ സാക്ഷാൽ സ്ഥാനാർത്ഥിയും. കടുവ എന്ന് പേരിട്ട് ജനങ്ങൾ വിളിച്ചുകൊണ്ടിരുന്ന കുപ്പാടി അമ്പുകുത്തിയിൽ ദാമോദരനാണിത്.
സുൽത്താൻ ബത്തേരി ഗ്രാമ പഞ്ചായത്തിലെ കുപ്പാടി വാർഡിൽ നിന്നാണ് ദാമോദരൻ മത്സരിക്കാനിറങ്ങിയത്. എതിർ സ്ഥാനാർത്ഥിയായ സി.പി.എമ്മിലെ സി. ഭാസ്‌ക്കരനും കോൺഗ്രസിന്റെ റാത്തപ്പിള്ളി കുര്യനുമായിരുന്നു . ഇവരോടാണ് സ്വതന്ത്രനായി മത്സര രംഗത്തേക്ക് വന്നത്. ഒരു പാർട്ടിയുടെ പിന്തുണ പോലുമില്ലാതിരുന്ന ദാമോദരന് ആളും ആരവുമൊന്നും ഇല്ലായിരുന്നു. എന്തിനധികം സ്വന്തം വീട്ടുകാരുടെ പന്തുണ പോലുമില്ലായിരുന്നു. ഈ സമയത്താണ് ജനശ്രദ്ധ പിടിച്ചുപറ്റുന്നതിന് വേണ്ടി കുപ്പാടിയെ രാജവീഥിയാക്കി മാറ്റികൊണ്ട് കാളവണ്ടിയിൽ സ്വന്തം പേരിൽ വോട്ട് അഭ്യർത്ഥിച്ച് അനൗൺസ്‌മെന്റ് നടത്തിയത്.
തെരഞ്ഞെടുപ്പിൽ സി.പി.എമ്മിലെ സി. ഭാസ്‌ക്കരൻ വിജയിച്ചു. 30-ൽ താഴെ വോട്ട് മാത്രമാണ് അന്ന് ദാമോദരന് കിട്ടിയത്. യോഗ്യരായ ആളുകൾ തെരഞ്ഞെടുക്കപ്പെടുന്നില്ലെന്നുള്ള പരാതിയാണ് അദേഹത്തിനുള്ളത്. ഏറ്റവും ചുരുങ്ങിയത് മത്സരാർത്ഥികൾക്ക് പ്രദേശിക ഭാഷയിൽ എഴുതാനും വായിക്കാനും അറിയണം. തന്റെ പ്രതിഷേധം ജനശ്രദ്ധയിൽ കൊണ്ടു വരുന്നതിനായി തന്റെ തെരഞ്ഞടുപ്പ് ചിഹ്നമായ ഉദയസൂര്യനുമായി നിയമസഭയിലേക്ക് മത്സരിക്കാനിറങ്ങി. ബത്തേരി നിയോജക മണ്ഡലത്തിൽ നിന്നായിരുന്നു തന്റെ രണ്ടാം അങ്കം. കോൺഗ്രസിലെ പി.ടി. ജോണും സി.പി.എമ്മിലെ വർഗ്ഗീസ് വൈദ്യരുമായിരുന്നു എതിർ സ്ഥാനാർത്ഥികൾ സ്വതന്ത്രനായി നിന്ന തനിക്ക് വിവേകശാലികളായ 3852 പേർ വോട്ട് നൽകി.വർഗ്ഗീസ് വൈദ്യരാണ് ജയിച്ചത്.
ഇലക്ഷൻ കമ്മീഷനായി ടി.എൻ. ശേഷൻ നിയമിതനായതോടെ തന്റെ പ്രതിഷേധം കമ്മീഷനെ കത്തിലൂടെ അറിയിച്ചു. കത്തിന്റെ ഉള്ളടക്കം സ്ഥാനാർത്ഥികൾ യോഗ്യരായിരിക്കണം ഏറ്റവും ചുരുങ്ങിയത് എഴുതാനും വായിക്കാനും അറിയണം ഇതായിരുന്നു. കത്തിന് കമ്മീഷന്റെ മറുപടി വന്നു. നല്ല നിർദേശമാണ് രാഷ്ട്രീയ പാർട്ടികൾക്ക് ഇതിന്റെ കോപ്പി അയച്ചുകൊടുക്കാനാണ് മറുപടിയിൽ പ്രതിപാദിച്ചിരുന്നത്. തെരഞ്ഞെടുപ്പിൽ ഇപ്പോൾ വിശ്വസമില്ലെന്ന് പറയുന്ന ദാമോദരന് അടുത്ത നിയമസഭ തെരഞ്ഞടുപ്പിൽ ഒന്നുകൂടി മത്സരിച്ച് തന്റെ പ്രതിഷേധം അറിയിക്കണമെന്നാണ് ആഗ്രഹം. പ്രായം തൊണ്ണൂറിലേക്ക് എത്തിയെങ്കിലും ഒരു അങ്കത്തിനുള്ള ബാല്യമുണ്ടെന്നാണ് പറയുന്നത്. മക്കളെല്ലാം വെറെയാണ് താമസിക്കുന്നത് കൂടെ ഭാര്യ മാത്രമാണുള്ളത്.