മുക്കം: പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റ തണലിൽ ഒരു സർക്കാർ വിദ്യാലയം ഇത്ര വളരുമോ എന്ന് അത്ഭുതം കൂറുകയാണ് നീലേശ്വരം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിനു മുന്നിലൂടെ പോകുന്നവർ. മുക്കം നഗരസഭയിൽ ഓമശ്ശേരിക്കും അഗസ്ത്യൻമുഴിക്കുമിടയിൽ സംസ്ഥാന പാതയോരത്തെ വിദ്യാലയം 1924 ൽ സ്ഥാപിച്ചതാണ്. അധികൃതരുടെ അവഗണനയും അൺ എയ്ഡഡ് ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളുടെ പെരുപ്പവും മൂലം തകർച്ച നേരിട്ട വിദ്യാലയമായിരുന്നു. 2015 ആയപ്പോഴേക്കും 800 ൽ താഴെ കുട്ടികളായി ചുരുങ്ങി. ആറ് അദ്ധ്യാപക തസ്തികകൾ ഒറ്റയടിക്ക് നഷ്ടപ്പെടുകയും ചെയ്തു.
ഭൗതിക സാഹചര്യങ്ങളുടെ അപര്യാപ്തതയായിരുന്നു കുട്ടികൾ മറ്റ് സ്‌കൂളുകൾ തേടി പോകാൻ പ്രധാനകാരണം. ഷീറ്റു കൊണ്ട് നിർമ്മിച്ച മേൽക്കൂരയ്ക്ക് കീഴിൽ ചൂട് കാലത്ത് വിയർത്തൊലിക്കുന്ന കുട്ടികൾക്ക് തല വേദനയും പനിയും പതിവായിരുന്നു. ഏതാനും ഓലഷെഡ്ഡുകളുമുണ്ടായിരുന്നു. ഈ ഘട്ടത്തിലാണ് പൊതു വിദ്യാലയ സംരക്ഷണ യജ്ഞം ആരംഭിച്ചത്.
2016 ൽ ഇംഗ്ലീഷ് മീഡിയം ക്ലാസുകൾക്ക് അനുമതി ലഭിച്ചു. സ്റ്റുഡന്റ് പൊലീസ് കേഡറ്റ് യൂണിറ്റ്, സ്‌കൗട്ട് ആൻഡ് ഗൈഡ്സ്, ജെ.ആർ.സി തുടങ്ങിയവ സജീവമായി. തിരുവമ്പാടി നിയോജക മണ്ഡലത്തിലെ മികവിന്റെ കേന്ദ്രമായി ജോർജ്ജ് എം. തോമസ് എം.എൽ.എ നീലേശ്വരം സ്‌കൂളിനെ നിർദ്ദേശിച്ചതോടെ 5 കോടി രൂപ ചെലവിൽ 24 ക്ലാസ് മുറികളുള്ള കെട്ടിടം നിർമ്മിച്ചു. 40 ക്ലാസ് മുറികൾ ഹൈ ടെക് ആക്കി മാറ്റി.
സി.സി.ടി.വി കാമറകൾ സ്ഥാപിച്ചതോടെ സാമൂഹ്യ വിരുദ്ധ ശല്യം ഇല്ലാതായി. മുക്കം നഗരസഭ ലൈബ്രറിയും ലാബുകളും നവീകരിച്ചു. സ്‌കൂളിനു ആവശ്യമായ ഫർണിച്ചർ അനുവദിച്ചു. സ്‌കൂളിനു ബാൻഡ് സെറ്റ് അനുവദിച്ചതോടെ മുക്കം ഉപജില്ലയിൽ സ്വന്തമായ ബാൻഡ് ട്രൂപ്പ് ഉള്ള ഏക സർക്കാർ വിദ്യാലയമായി. ഇതോടെ കുട്ടികളുടെ എണ്ണം 1750 ആയി വർദ്ധിച്ചു. നഷ്ടപ്പെട്ട അദ്ധ്യാപക തസ്തികൾ തിരിച്ച് കിട്ടിയതിനു പുറമെ പത്തോളം പുതിയ തസ്തികകളിൽ നിയമനവും നടന്നു. കായിക രംഗത്തും മികവ് പ്രകടമാണ്. അന്താരാഷ്ട്ര നിലവാരം ഉള്ള കളിക്കളം നിർമ്മിക്കുന്നതിനുള്ള പ്രോജക്ട് റിപ്പോർട്ട് സർക്കാരിന്റെ പരിഗണനയിലാണ്.