നന്ദിയോട് - ചെറ്റച്ചൽ റോഡിന് ഫണ്ട് അനുവദിച്ചത് 2018ൽ
പാലോട്: 2018ലെ സർക്കാർ ബഡ്ജറ്റിൽ ഉൾപ്പെടുത്തി 9.86 കോടി ചെലവഴിച്ച് ഏഴ് കിലോമീറ്റർ ദൂരത്തിൽ റോഡ് വീതി കൂട്ടി ടാറിംഗ് പൂർത്തിയാക്കണം എന്ന നിബന്ധനയോടെ ആരംഭിച്ച നന്ദിയോട് - ചെറ്റച്ചൽ റോഡ് നിർമ്മാണം രണ്ട് വർഷം പിന്നിട്ടിട്ടും ഇഴഞ്ഞു നീങ്ങുന്ന അവസ്ഥയാണുള്ളത്. 2019 അവസാനത്തോടെ പണി പൂർത്തിയാക്കും എന്ന ഉറപ്പിൽ ആരംഭിച്ച റോഡ് നിർമ്മാണം 2020 ഡിസംബർ ആകാറായിട്ടും പൂർത്തിയായിട്ടില്ല. റോഡിന്റെ വീതി കൂട്ടുന്നതിന്റെ ഭാഗമായി പുറമ്പോക്കിലെ മണ്ണ് അശാസ്ത്രീയമായി ഇടിച്ചുമാറ്റിയതിനെ തുടർന്ന് വീടുകൾ തകരാവുന്ന നിലയിലാണ്. പലർക്കും വീടുകളിലേക്കുള്ള വഴി സൗകര്യം പോലും ഇല്ലാതായി ഓട നിർമ്മാണവും ഇതുവരെ പൂർത്തിയായിട്ടില്ല. ചിലയിടങ്ങളിൽ ഓടനിർമ്മാണം പൂർത്തിയായെങ്കിലും സ്ലാബുകൾ സ്ഥാപിച്ചിട്ടില്ല. 6800 മീറ്റർ ഓടയാണ് നിർമ്മിക്കാനുള്ളത്. ഓട നിർമ്മാണത്തിനും വീതികൂട്ടുന്നതിനുമായി സ്ഥലം വിട്ട് നൽകിയവരും വഴിയില്ലാത്ത അവസ്ഥയിലായി. സാമ്പത്തിക ശേഷിയുള്ള ചുരുക്കം ചിലർ സ്വന്തമായി വഴി നിർമ്മിച്ച് യാത്രാസൗകര്യം ഒരുക്കിയിട്ടുണ്ട്. അതിന് കഴിയാത്തവർക്ക് മരക്കഷണങ്ങളും പലകകളും കൊണ്ട് താത്കാലികമായി വഴി നിർമ്മിച്ചിരിക്കുകയാണ്.
പണി പൂർത്തിയാകാനുള്ള കാലതാമസം കരാർ കമ്പനിയുടേതാണെന്ന് പരക്കെ ആക്ഷേപമുണ്ട്. പച്ച ആലുമ്മൂട് ഭാഗത്ത് മണ്ണിടിച്ച് മാറ്റിയതുമൂലം മണ്ണിടിച്ചിൽ രൂക്ഷമാണ്. ടാറിംഗിന് മുന്നേതന്നെ പച്ച ജംഗ്ഷനിലെ തോടിനോടനുബന്ധിച്ച് കെട്ടിയ സൈസ് വാൾ പൊളിഞ്ഞ് വീണിരുന്നു. 7 കിലോമീറ്റർ റോഡ് വീതികൂട്ടി ടാറിംഗ്, സൈഡ് വാൾ നിർമ്മാണം, 6800 മീറ്റർ ഓട നിർമ്മാണം, സ്ലാബ് നിർമ്മാണം. പച്ച ജംഗ്ഷനിൽ 6 മീറ്റർ, 3 മീറ്റർ വീതം നീളമുള്ള പാലം നിർമ്മാണം എന്നതാണ് പദ്ധതി.
അപകടങ്ങൾ തുടർക്കഥ
കഴിഞ്ഞ ദിവസം ഫാം ജംഗ്ഷനിൽ നിർമ്മാണം നടക്കുന്ന ഭാഗത്ത് റബർ കയറ്റി വന്ന ലോറി തെന്നിമാറി വീടിന് മുകളിലേക്ക് വീണ് ഷെഡിൽ ഉണ്ടായിരുന്ന കാർ പൂർണ്ണമായും തകർന്നു. ഡ്രൈവറുടെ കൈ ഒടിയുകയും ചെയ്തു. സൈഡ് വാൾ നിർമ്മാണത്തിനായ് ജെ.സി.ബി ഉപയോഗിച്ച് കുഴിയെടുത്തതിനെ തുടർന്ന് കുടിവെള്ള പൈപ്പ് ലൈനുകൾ പൊട്ടിയിരുന്നു. ഇതോടെ കുടിവെള്ളവും കിട്ടാക്കനിയായി. 2020 ജൂൺ 30ന് തടസങ്ങൾ മാറ്റി റോഡ് ഗതാഗതയോഗ്യമാക്കുമെന്ന് റോഡ്സ് എ.ഇ അറിയിച്ചിരുന്നെങ്കിലും ഇനിയും നിർമ്മാണം പൂർത്തിയാകാൻ മാസങ്ങളെടുക്കും.
റോഡ് നിർമ്മാണത്തിന് അനുവദിച്ചത് 9.86 കോടി
പ്രതികരണം.
കരാർ വ്യവസ്ഥകൾ പൂർണമായും ലംഘിച്ച് നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങളെ കുറിച്ച് അന്വേഷിക്കുന്നതിനോടൊപ്പം എത്രയുംവേഗം ഗതാഗതയോഗ്യമാക്കാനുള്ള നടപടികളും അധികാരികളുടെ ഭാഗത്ത് നിന്നു ഉണ്ടാകണം.
രാകേഷ് ബി. നായർ
പൊതുപ്രവർത്തകൻ.