sheela

വെഞ്ഞാറമൂട്:ഒന്നിടവിട്ട് എൽ.ഡി.എഫിനും യു.ഡി.എഫിനും അവസരം നൽകിയ വെഞ്ഞാറമൂട്ടിൽ ഇക്കുറി വനിതകളുടെ ത്രികോണ പോരാട്ടമാണ്.വെഞ്ഞാറമൂട് ജില്ലാ ഡിവിഷൻ നിലനിറുത്താൻ എൽ.ഡി.എഫ് നിയോഗിച്ചിരിക്കുന്നത് വാമനപുരം ബ്ലോക്ക് പ്രസിഡന്റായിരുന്ന കെ.ഷീല കുമാരിയെയാണ്.നിലമേൽ എൻ.എസ്.എസ് കോളേജിൽ കെ.എസ്.യു യൂണിറ്റ് സെക്രട്ടറിയായി വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതു പ്രവർത്തനത്ത് എത്തിയ ദീപ അനിലാണ് യു.ഡി.എഫ് സ്ഥാനാർത്ഥി.വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതു പ്രവർത്തന രംഗത്ത് എത്തിയ അഞ്ജനയാണ് .കെ.എസ് ആണ് എൻ.ഡി.എ സ്ഥാനാർത്ഥി. ഷീലകുമാരി പുല്ലമ്പാറ ഗ്രാമപഞ്ചായത്ത് അംഗം,ജനാധിപത്യ മഹിളാ അസോസിയേഷന്റെ വെഞ്ഞാറമൂട് ഏരിയ പ്രസിഡന്റ്,സി.പി.എം തേമ്പാമൂട് ലോക്കൽ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.

യു.ഡി.എഫ് സ്ഥാനാർത്ഥി ദീപ.എ.അനിൽ വിദ്യാർത്ഥി രാഷട്രീയത്തിലൂടെയായിരുന്നു രംഗപ്രവേശം. പിന്നീട് കോളേജ് യൂണിയൻ വനിതാ പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടു. കോൺഗ്രസിന്റെ പ്രവാസി സംഘടനയായിരുന്ന ഇൻകാസിന്റെ വനിതാ പ്രവാസി വിഭാഗം രൂപീകരിക്കാൻ മുൻകൈയെടുത്തു. ദുബൈ വനിത ഇൻകാസിന്റെ പ്രഥമ പ്രസിഡന്റായി പ്രവാസികൾക്കിടയിൽ പ്രവർത്തിച്ചു.

അഞ്ജന എം.ജി കോളേജിലെ എ.ബി.വി.പി പ്രവർത്തനത്തിലൂടെയാണ് സംഘടനാ രംഗത്ത് കടന്നുവന്നത്.1990ൽ കോളേജിലെ വൈസ് ചെയർപേഴ്സണായി. 2011-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു.മാതൃക ക്ഷീരകർഷക കൂടിയാണ്. മൂന്ന് സ്ഥാനാർത്ഥികളും സജീവമായി പ്രചാരണ രംഗത്ത് ഇറങ്ങിക്കഴിഞ്ഞു.

പുല്ലമ്പാറ,നെല്ലനാട്,മാണിക്കൽ,നന്ദിയോട് പഞ്ചായത്തുകളിലെ 54 വാർഡുകൾ ചേർന്നതാണ് വെഞ്ഞാറമൂട് ജില്ലാ ഡിവിഷൻ. ഡി.വൈ.എഫ്.ഐ നേതാവായ വൈ.വി.ശോഭ കുമാർ 5200 വോട്ടുകൾക്ക് കോൺഗ്രസിലെ വാസുവിനെ തോൽപ്പിച്ചാണ് കഴിഞ്ഞതവണ ജില്ലാ പഞ്ചായത്ത് പ്രതിനിധിയായത്. അതിനു മുമ്പ് കെ.പി.സി.സി അംഗമായിരുന്ന രമണി പി.നായർ നാലായിരത്തിലധികം വോട്ടുകൾക്ക് ജനപ്രതിനിധിയായി. അതിനുമുമ്പ് എം.എസ്.രാജുവായിരുന്നു ജില്ലയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. കോൺഗ്രസിലെ കൊപ്പം അനിൽകുമാറാണ് ആദ്യമായി ജില്ലാ ഡിവിഷൻ പിടിച്ചെടുത്ത് കോൺഗ്രസിന് നൽകിയത്.സി.പി.ഐയിലെ വെഞ്ഞാറമൂട് ശശിയാണ് ഡിവിഷനിലെ ആദ്യത്തെ ജനപ്രതിനിധി.