തിരുവനന്തപുരം: സ്വർണക്കടത്ത് കേസും അനുബന്ധ വിവാദങ്ങളും ഉയർത്തി കടന്നാക്രമിച്ചതിന് മറുപടിയെന്നോണം മുൻകാല കേസുകളെടുത്തിട്ട് തിരിച്ചടിക്കുന്നതിനു പിന്നിലെ സർക്കാരിന്റെ രാഷ്ട്രീയ ലക്ഷ്യം ജനമദ്ധ്യത്തിൽ തുറന്നുകാട്ടാൻ പ്രതിപക്ഷം.

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെയടക്കം പതിന്നാലോളം കേസുകളാണ് അന്വേഷണ ഘട്ടത്തിലേക്ക് എത്തിച്ചിരിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിന് പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പെത്തുമ്പോൾ ഈ കേസുകളുടെ പേരിലുയരുന്ന പുകമറകൾ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് പ്രതിപക്ഷം മനസിലാക്കുന്നു. ഈ തിരിച്ചറിവിലാണ്, കേസുകൾക്ക് പിന്നിലെ രാഷ്ട്രീയ നീക്കങ്ങൾ തുറന്നുകാട്ടാൻ യു.ഡി.എഫ് ക്യാമ്പൊരുങ്ങുന്നത്.

ബാറുടമ ബിജു രമേശിന്റെ പുതിയ വെളിപ്പെടുത്തൽ ആയുധമാക്കിയാണ് പ്രതിപക്ഷനേതാവിനെതിരായ അന്വേഷണനീക്കം. എന്നാൽ, അന്വേഷണ ഭീഷണി മുഴക്കി നിൽക്കുന്ന സർക്കാർ ഇതിന്റെ ഫയൽനീക്കം മുന്നോട്ട് കൊണ്ടുപോകാത്തത് തിരിച്ചടി ഭയന്നാണെന്നാണ് പ്രതിപക്ഷക്യാമ്പുകളുടെ വിലയിരുത്തൽ.

ആദ്യം വിൻസൻ എം.പോളും പിന്നീട് ശങ്കർ റെഡ്ഢിയും ഇടതുസർക്കാരിന്റെ കാലത്ത് ജേക്കബ് തോമസും അന്വേഷിച്ചിട്ടും കഴമ്പില്ലാത്തതെന്ന് തെളിഞ്ഞ കേസിൽ അന്വേഷണ റിപ്പോർട്ട് കോടതിയുടെ പരിഗണനയിലാണ്. അതുകൊണ്ട് റിപ്പോർട്ടിലെ ഉള്ളടക്കത്തിന് അനുബന്ധമായി മറ്റൊരന്വേഷണത്തിന് നിയമപരമായ തടസമുണ്ട്. അന്വേഷണം പ്രഖ്യാപിച്ചാൽ സർക്കാരിനു തന്നെ ബൂമറാംഗ് ആയേക്കാമെന്ന് പ്രതിപക്ഷം കരുതുന്നു.

ആഭ്യന്തര വകുപ്പിന്റെ ചുമതലക്കാരനായി അഡിഷണൽ ചീഫ്സെക്രട്ടറി ടി.കെ. ജോസുള്ളപ്പോൾ, വിജിലൻസ് കേസുകൾ കൈകാര്യം ചെയ്യാൻ മാത്രമായി താരതമ്യേന ജൂനിയറായ സഞ്ജയ് കൗളിനെ വച്ചതും തങ്ങളുടെ നേതാക്കൾക്കെതിരായ കേസുകൾ ഊർജിതമാക്കാനാണെന്ന സംശയമാണ് യു.ഡി.എഫിന്.

പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട് കോൺഗ്രസ് അംഗം വി.ഡി. സതീശനെതിരായുള്ളത് വിദേശ നാണയവിനിമയ ചട്ടലംഘനമെന്ന ആരോപണമാണ്. നിയമസഭയിലടക്കം ഇതിലെ വസ്തുത സതീശൻ തുറന്നു പറഞ്ഞിട്ടും അന്വേഷണത്തെ സ്വാഗതം ചെയ്തിട്ടും ഇപ്പോഴെടുത്തിട്ടത് പുകമറയുണ്ടാക്കാനാണെന്നാണ് ആക്ഷേപം. വിജിലൻസിന്റെ പരിധിയിലിത് വരുമോയെന്ന ചോദ്യവുമുണ്ട്. ലീഗ് നേതാക്കളായ മഞ്ചേശ്വരം എം.എൽ.എ എം.സി. ഖമറുദ്ദീൻ, മുൻ മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് എന്നിവർക്കെതിരെ നടക്കുന്നതും രാഷ്ട്രീയപ്രേരിതമാണെന്നാണ് വാദം.

സോളാർ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരായ ജുഡിഷ്യൽ കമ്മിഷൻ റിപ്പോർട്ടിൽ അരിജിത് പസായത്തിൽ നിന്നടക്കം നിയമോപദേശം തേടിയിട്ടും കേസെടുക്കാനാവില്ലെന്ന് കണ്ടെത്തിയ സർക്കാർ, അതുമിപ്പോൾ കുത്തിപ്പൊക്കാൻ ശ്രമിക്കുന്നത് നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണെന്നും പ്രതിപക്ഷം പറയുന്നു.