ആറ്റിങ്ങൽ:ആറ്റിങ്ങൽ ദേശീയപാതയിൽ നാലുവരിപ്പാതയുടെ ടാറിംഗ് ആരംഭിച്ചതോടെ നഗരം മണിക്കൂറുകളോളം സ്തംഭിച്ചു. ഗതാഗതം ഇടറോഡുകളിലേക്ക് തിരിച്ചു വിട്ടതോടെ ഇടറോഡുകൾപോലും ചലിക്കാനാവാത്ത അവസ്ഥയിലായി. കിലോമീറ്ററോളമാണ് ലിങ്ക് റോഡുകളിൽ വാഹനം കാത്തു കിടക്കേണ്ടിവന്നത്. ദേശീയപാതയിൽ ടാറിംഗ് നടക്കുന്നതിനാൽ ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്ന് രണ്ടു ദിവസം മുൻപ് അറിയിപ്പുണ്ടായിരുന്നു. എന്നാൽ വാഹനങ്ങൾ ഏതു വഴി കടത്തിവിടുമെന്ന് അറിയിപ്പില്ലായിരുന്നു. ആംബുലൻസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ മണിക്കൂറുകളോളം കുടുങ്ങി. രാവിലെ ആരംഭിച്ച ഗതാഗത സ്തംഭവം ഉച്ചയ്ക്ക് 2 മണിയോടെയാണ് പരിഹരിച്ച് യാത്ര സുഗമാക്കാൻ കഴിഞ്ഞത്. ദേശീയപാത അടച്ചുള്ള ടാറിംഗാണ് പ്രശ്നമായത്.ദേശീയപാതയിൽ ഒരു വശത്തുകൂടി കൊല്ലത്തുനിന്നും തിരുവനന്തപുരത്തേക്ക് ഗതാഗതം അനുവദിച്ചിരുന്നു. അതും കുരുക്ക് കൂടാൻ കാരണമായി. സാധാരണയായി തിരക്കുള്ള ദിവസങ്ങളിൽ ദേശീയപാതയിൽ പണികൾ നടക്കുന്നത് രാത്രി സമയങ്ങളിലാണ്.എന്നാൽ പതിവിന് വിപരീതമായി ആറ്റിങ്ങലിൽ പകൽ സമയത്ത് പണി നടന്നതാണ് പ്രശ്നമായത്.