melpalam

വക്കം: കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷന് സമീപത്തെ വക്കം തോപ്പിക്ക വിളാകത്ത് റെയിൽവേ ഓവർ ബ്രിഡ്ജ് വേണമെന്ന ആവശ്യം ശക്തം. ഇവിടത്തെ റെയിൽവേ ഗേറ്റ് പലപ്പോഴായി അടച്ചിടുമ്പോഴുണ്ടാകുന്ന തിരക്കാണ് ജനങ്ങളുടെ ആവശ്യത്തിന് പിന്നിൽ. ഓവർ ബ്രിഡ്ജ് യാഥാർത്ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് മുൻ എം.പിയായിരുന്ന എ. സമ്പത്തിന് നിവേദനം നൽകിയിരുന്നു. ഇത് റെയിൽവേ മന്ത്രാലയത്തിന് കൈമാറിയെങ്കിലും വർഷങ്ങൾ കഴിഞ്ഞും തുടർനടപടി ഉണ്ടായില്ല. വക്കം ഗ്രാമ പഞ്ചായത്തിന്റെ മദ്ധ്യഭാഗത്ത് കൂടി പോകുന്ന റോഡിലാണ് തോപ്പിക്കവിളാകം റെയിൽവേ ഗേറ്റ് സ്ഥിതി ചെയ്യുന്നത്. പാസഞ്ചർ ട്രെയിനുകളും ഗുഡ്സ് ട്രെയിനുകളും കടന്ന് പോകുന്നതിനായി ദിവസവും ഇരുപത് തവണയിലധികമാണ് ഗേറ്റ് അടച്ചിടുന്നത്. തിരക്കേറിയ റോഡായതിനാൽ ഈ സമയത്തെല്ലാം വാഹനങ്ങളുടെ നീണ്ട നിരയാണ് റോഡിനിരുവശവും രൂപപ്പെടുന്നത്. ഗേറ്റ് തുറക്കുന്നതോടെ പാളം മുറിച്ചുകടക്കുന്നതിനുള്ള തത്രപ്പാടാണ്. ഇതും ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നതിന് കാരണമാണ്. ഇത് പരിഹരിക്കുന്നതിന് ഓവർ ബ്രിഡ്ജ് നിർമ്മാണം മാത്രമാണ് ഏക പോംവഴി.

തീരാദുരിതം

ഇടുങ്ങിയ റോഡായതിനാൽ ഗേറ്റ് തുറക്കുന്ന സമയത്ത് വാഹനങ്ങൾക്ക് കടന്നുപോകാൻ ഏറെ ബുദ്ധിമുട്ട് സഹിക്കണം. ഏറെ സമയമെടുത്ത് വാഹനങ്ങൾ പാളം മുറിച്ചുകടന്നാൽ ഉടൻ അടുത്ത ട്രെയിനായി ഗേറ്റ് വീണ്ടും അടയ്ക്കും. ഇതോടെ കാര്യങ്ങൾ വീണ്ടും പഴയപടിയാകും. ചിലപ്പോൾ യന്ത്രത്തകരാറും ഗേറ്റ് തുറക്കുന്നതിന് തടസമാകാറുണ്ട്. പിന്നെ വാഹനങ്ങൾക്ക് ഊടുവഴികൾ താണ്ടിവേണം മെയിൻ റോഡിലെത്താൻ. സ്വകാര്യ മെഡിക്കൽ കോളേജും ഹയർ സെക്കൻഡറി സ്കൂൾ അടക്കം നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇവിടെയുണ്ട്. മെഡിക്കൽ കോളേജിൽ നിന്ന് റഫർ ചെയ്യുന്ന രോഗികളുമായി എത്തുന്ന ആംബുലൻസുകൾ പോലും അടഞ്ഞ ഗേറ്റിൽ കുടുങ്ങാറുണ്ട്.

"വക്കത്തെ യാത്രാക്ലേശത്തിന് പരിഹാരമായി തോപ്പിക്കവിളാകത്ത് റെയിൽവേ മേൽപ്പാലം നിർമ്മിക്കൻ ബന്ധപ്പെട്ടവർ അടിയന്തര നടപടി സ്വീകരിക്കണം. "

സി.വി.സുരേന്ദ്രൻ, പ്രസിഡന്റ്, സൗഹൃദ വേദി വക്കം