പൂവാർ: പിഴ അടയ്‌ക്കാനെത്തിയ 16കാരനെ കാഞ്ഞിരംകുളം സ്റ്റേഷനിലെ ഉദ്യോഗസ്ഥർ മർദ്ദിച്ചെന്ന് പരാതി. പൂവാർ ചന്തവിളാകം വീട്ടിൽ സെബസ്‌ത്യയുടെ മകൻ ലിജിനാണ് ബാലാവകാശ കമ്മിഷന് പരാതി നൽകിയത്. കഴിഞ്ഞ 25ന് ചപ്പാത്ത് ജംഗ്ഷനിലായിരുന്നു സംഭവം. പൊഴിയൂർ സ്വദേശി പ്രബീഷിന്റെ ബൈക്കിന് പിറകിലിരുന്ന് വിഴിഞ്ഞത്തു നിന്നും പൂവാറിലേക്ക് വരികയായിരുന്നു ലിജിൻ. ബൈക്ക് ഓടിച്ചയാളിന് ലൈസൻസ് ഇല്ലാത്തതിനാൽ ഇരുവരെയും പൊലീസ് സ്റ്റേഷനിൽ കൊണ്ടുപോയി. രണ്ട് ജാമ്യക്കാരെയും പിഴയടയ്ക്കാൻ 1,000 രൂപയും ആവശ്യപ്പെട്ടു. ഉച്ചയോടെ മത്സ്യത്തൊഴിലാളികളായ ജാമ്യക്കാരെത്തിയപ്പോൾ കോടതി ചെലവിന് 500 രൂപ വീണ്ടും ആവശ്യപ്പെട്ടു. പൊലീസുകാരിൽ ഒരാൾ മത്സ്യത്തൊഴിലാളികളോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്‌തപ്പോൾ പ്രബീഷിനെ മർദ്ദിച്ചു. ഈ ദൃശ്യങ്ങൾ മൊബൈലിൽ പകർത്താൻ ശ്രമിച്ചപ്പോൾ ലിജിന്റെ ഫോൺ പിടിച്ചുവാങ്ങുകയും വസ്ത്രങ്ങൾ വലിച്ചുകീറിയ ശേഷം മർദ്ദിക്കുകയുമായിരുന്നെന്ന് പരാതിയിൽ പറയുന്നു. ലിജിൻ പൂവാർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കും പരാതി നൽകിയിട്ടുണ്ട്.