തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ കൊവിഡ് ബാധിതർക്കും ക്വാറന്റൈനിലുള്ളവർക്കും സ്‌പെഷ്യൽ തപാൽ വോട്ട് അനുവദിക്കുന്നതിനുള്ള പട്ടിക ജില്ലയിൽ നാളെ മുതൽ തയാറാക്കുമെന്ന് കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ പറഞ്ഞു.പട്ടികയുടെ അടിസ്ഥാനത്തിൽ സ്‌പെഷ്യൽ പോളിംഗ് ഓഫീസർമാർ കൊവിഡ് ബാധിതരുടെയും ക്വാറന്റൈനിൽ കഴിയുന്നവരുടെയും വീടുകളിൽ തപാൽ ബാലറ്റ് എത്തിക്കുമെന്നും കളക്ടർ അറിയിച്ചു. സ്‌പെഷ്യൽ തപാൽ വോട്ട് നൽകുന്ന പ്രക്രിയയ്ക്കായി കളക്ടറേറ്റിൽ പ്രത്യേക സെൽ രൂപീകരിച്ചു.
നാളെ മുതൽ ഡിസംബർ ഏഴിന് വൈകിട്ട് മൂന്നു വരെ കൊവിഡ് പോസിറ്റീവ് ആയിരിക്കുന്നവരുടെയും ക്വാറന്റൈനിലുള്ളവരുടെയും പട്ടികയാകും ഡെസിഗ്നേറ്റഡ് ഹെൽത്ത് ഓഫീസർ തയാറാക്കുക.സർട്ടിഫൈഡ് ലിസ്റ്റിൽ ഉൾപ്പെട്ട വോട്ടർ വോട്ടെടുപ്പ് നടക്കുന്ന ഡിസംബർ എട്ടിനു മുൻപ് കൊവിഡ് മുക്തനായാലും പോളിംഗ് ബൂത്തിലെത്തി വോട്ട് ചെയ്യാനാകില്ല. അവർ തപാൽ വോട്ട് തന്നെ ചെയ്യണം.
ആദ്യ സർട്ടിഫൈഡ് ലിസ്റ്റ് ഡെസിഗ്നേറ്റഡ് ഹെൽത്ത് ഓഫീസർ നാളെ തയാറാക്കി കളക്ടർക്ക് നൽകും.ഇത് സംബന്ധിച്ച് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പരിശീലന പരിപാടിയിൽ സബ് കളക്ടർ എം.എസ്. മാധവിക്കുട്ടി, തിരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടർ ജോൺ വി. സാമുവൽ എന്നിവരും പങ്കെടുത്തു.