പോത്തൻകോട്: കഴക്കൂട്ടം കൃഷിഭവന് സമീപം മണ്ണുമായി എത്തിയ ടിപ്പർ ലോറി നിയന്ത്രണം തെറ്റി തോട്ടിലേക്ക് മറിഞ്ഞു. ആളപായമില്ല. ഇന്നലെ രാവിലെ 9.30ന് തെറ്റിയാർ തോട്ടിലാണ് അപകടം. തോടിന് സമീപം പ്രവർത്തിക്കുന്ന മണ്ണ് ചില്ലറ വില്പന കേന്ദ്രത്തിലേക്ക് ചിതറയിൽ നിന്നെത്തിയതാണ് ലോറി. പാർശ്വഭിത്തികളില്ലാത്ത തോടിന്റെ ഒരു വശം ഇടിഞ്ഞു താഴ്ന്നാണ് അപകടമുണ്ടായത്. ഡ്രൈവർക്ക് നിസാര പരിക്കേറ്റു. പൗഡിക്കോണം സ്വദേശിയായ രാജേഷിന്റെ ഉടമസ്ഥതയിലുള്ള ടിപ്പർ ലോറിയാണ് അപകടത്തിൽപ്പെട്ടത്. ഈ ഭാഗത്ത് അടിയന്തരമായി പാർശ്വഭിത്തി നിർമ്മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.