തിരുവനന്തപുരം:സർക്കാരിന്റെ വികസന നേട്ടങ്ങളുമായി തദ്ദേശ തിരഞ്ഞെടുപ്പിൽ വിപുലമായ പ്രചാരണത്തിന് സി.പി.എം തീരുമാനിച്ചു. ബി.ജെ.പിയുമായും വെൽഫെയർ പാർട്ടിയുമായും യു.ഡി.എഫ് അവിശുദ്ധ ബാന്ധവമുണ്ടാക്കുന്നുവെന്ന രാഷ്ട്രീയാരോപണവും ഇതോടൊപ്പം ശക്തമാക്കും.
ഇടതുവിരുദ്ധർ സൃഷ്‌ടിക്കുന്നതാണ് സർക്കാരിനെതിരായ വിവാദങ്ങളെന്നും അത് ഇടതുമുന്നണിക്ക് തിരിച്ചടിയാവില്ലെന്നും ഇന്നലെ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള അഭിപ്രായ രൂപീകരണമായാണ് തദ്ദേശ തിരഞ്ഞെടുപ്പിനെ കാണുന്നത്. സർക്കാരിന്റെ നല്ല പ്രവർത്തനത്തോടും ഇടതു രാഷ്ട്രീയത്തോടും എതിർപ്പുള്ള പ്രതിപക്ഷവും ബി.ജെ.പിയും ഇടതുവിരുദ്ധ മാദ്ധ്യമങ്ങളും അവ ആവർത്തിച്ച് പ്രചരിപ്പിക്കുമെങ്കിലും ജനങ്ങൾ വീഴില്ല. ജീവിതാനുഭവങ്ങളുടെ വെളിച്ചത്തിലാണ് ജനങ്ങൾ ഇടതുപക്ഷത്തെ തിരിച്ചറിയുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി മികച്ച വിജയം നേടും.
യു.ഡി.എഫ് പൂർണമായി ശിഥിലമായി. തദ്ദേശ തിരഞ്ഞെടുപ്പിൽ തങ്ങളും ഇടതുമുന്നണിയും തമ്മിലാണ് മത്സരമെന്ന് ബി.ജെ.പി പറഞ്ഞതിന് യു.ഡി. എഫിന് മറുപടിയില്ല. യു.ഡി.എഫിന്റെ പ്രകടനപത്രികയിൽ ബി.ജെ.പി എന്ന വാക്ക് പോലും ഇല്ല. ഇടതുമുന്നണിയെയും സർക്കാരിനെയും ആക്ഷേപിക്കുന്ന പ്രകടനപത്രികയിൽ ഇന്ത്യയിൽ സംഘപരിവാറിന്റെ അപകടകരമായ രാഷ്ട്രീയത്തിനെതിരെ നടക്കുന്ന പ്രക്ഷോഭത്തെക്കുറിച്ചോ ബി.ജെ.പി നാട്ടിലുണ്ടാക്കുന്ന ദുരിതത്തെക്കുറിച്ചോ ഒരു വാക്കില്ല.
അപകടകരമായ രാഷ്ട്രീയ സഖ്യത്തിലേക്കാണ് കോൺഗ്രസ് പോകുന്നത്. ഒരു വശത്ത് മൃദു ഹിന്ദുത്വസമീപനവും മറുവശത്ത് മുസ്ലിം മതമൗലികവാദ ശക്തികളായ വെൽഫെയർ പാർട്ടിയുമായും ജമാഅത്തെ ഇസ്ലാമിയുമായും സഖ്യവുമാണ്. ഈ കൂട്ടുകെട്ട് ഏതുവരെ ആകാമെന്നതിനെ ചൊല്ലിയാണ് കോൺഗ്രസിൽ മുതിർന്ന നേതാക്കളുടെ തർക്കം. ഇത് ബി.ജെ.പിയുടെ പ്രാകൃതനിലപാട് അംഗീകരിക്കുന്നതിന് തുല്യമാണെന്നും വിജയരാഘവൻ പറഞ്ഞു.
@പ്രചാരണ പരിപാടികൾ
ഡിസംബർ മൂന്നിന് സംസ്ഥാന വ്യാപകമായി വികസനവിളംബരം സംഘടിപ്പിക്കും. ഒരു പഞ്ചായത്തിലെ ഒരു കേന്ദ്രത്തിൽ നൂറുകണക്കിന് പേർ ഒത്തുചേർന്ന് ആ പ്രദേശത്തെ വികസന മുന്നേറ്റത്തിന്റെ ബോർഡുകൾ സ്ഥാപിക്കും. സർക്കാരിന്റെ വികസന പ്രവർത്തനങ്ങളുടെ സ്ളൈഡുകൾ പ്രദർശിപ്പിക്കും. വികസനപദ്ധതികളുടെ ഗുണഭോക്താക്കൾ അനുഭവങ്ങൾ വിശദീകരിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെെ അവരെ അഭിവാദ്യം ചെയ്യും. പ്രാദേശിക നേതാക്കൾ രാഷ്ട്രീയകാര്യങ്ങൾ വിശദീകരിക്കും. തദ്ദേശ സ്ഥാപനാടിസ്ഥാനത്തിൽ ഇടതുമുന്നണിയുടെ വികസന കാഴ്ചപ്പാടുകൾ ജനങ്ങളിലെത്തിക്കും.
ഡിസംബർ അഞ്ചിന് വാർഡുകളിൽ വെബ്റാലി സംഘടിപ്പിക്കും.സംസ്ഥാനത്തൊട്ടാകെ 50 ലക്ഷം പേർ ഒരേ സമയം റാലിയിൽ പങ്കെടുക്കും. ഓൺലൈൻ പരിപാടികളും ലൈവ് ടെലികാസ്റ്റുമടക്കം വിവര സാങ്കേതികവിദ്യകൾ പരമാവധി ഉപയോഗിക്കും. കാലികമായ രാഷ്ട്രീയനിലപാടുകളും സർക്കാരിന്റെയും ഇടതുമുന്നണിയുടെയും വികസന കാഴ്ചപ്പാടും ഭാവി കേരളത്തിന്റെ പൊതുകാഴ്ചപ്പാടും മുഖ്യമന്ത്രി വിശദീകരിക്കും. തെക്കൻ ജില്ലകളിലെ പ്രചാരണത്തിന് സമാപനം കുറിച്ചാകും ഇത്. തുടർന്നുള്ള ദിവസങ്ങളിൽ മറ്റിടങ്ങളിൽ പ്രചാരണപരിപാടികൾ സംഘടിപ്പിക്കും.