തിരുവനന്തപുരം:കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ കവടിയാർ റസിഡന്റസ് അസോസിയേഷന്റെ സഹകരണത്തോടെ ആനാട് ഇക്കോഷോപ്പിലെ കർഷകർ കേരള ഫാം ഫ്രഷ് ആഴ്ചച്ചന്ത കവടിയാറിൽ നടത്തി. കാർത്തികച്ചന്ത കൃഷി ഡെപ്യൂട്ടി ഡയറക്ടർ ബൈജു സൈമൺ കാർത്തിക ദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. ആദ്യ കിഴങ്ങ്‌വർഗ കിറ്റ് കവടിയാർ റസിഡന്റ്‌സ് അസോസിയേഷൻ സെക്രട്ടറി അനിൽ രാധാകൃഷ്ണൻ ഏറ്റുവാങ്ങി.
ഉല്പാദകനും ഉപഭോക്താവും മുഖാമുഖം വരുന്ന ഈ വഴിയോരചന്തയിൽ നൂറു കണക്കിനാളുകൾ പതിവായി ഉത്പന്നം വാങ്ങാൻ എത്താറുണ്ട്. പ്രിൻസിപ്പൽ അഗ്രിക്കൾച്ചറൽ ഓഫീസർ അലക്സാണ്ടർ ജോർജ് കാർത്തികചന്ത സന്ദർശിച്ചു. ആനാടിലെ പാരമ്പര്യ കർഷകൻ പുഷ്കരപിള്ള, ആൽബർട്ട്, രാധാകൃഷ്ണൻ ,കൃഷി ഉദ്യോഗസ്ഥരായ എസ്.ജയകുമാർ, കെ.ജി.ബിനു ലാൽ, അസോസിയേഷൻ പ്രസിഡന്റ് പി.ജെ. മാത്യു തുടങ്ങിയവർ പങ്കെടുത്തു. തൃക്കാർത്തിക മുൻനിറുത്തി ഇന്നും 2 മണി മുതൽ 6 മണി വരെ പ്രത്യേക കാർത്തികച്ചന്ത കവടിയാറിൽ നടക്കും.