vehicle-found

വടക്കെക്കാട്: ഒരാളുടെ മരണത്തിനിടയാക്കിയ അപകടത്തെ തുടർന്ന് നിറുത്താതെ പോയ മിനി പിക്ക്അപ്പ് വാൻ കന്യാകുമാരിയിൽ നിന്ന് വടക്കെക്കാട് പൊലീസ് കണ്ടെത്തി. ഡ്രൈവർ കന്യാകുമാരി സ്വദേശി പണ്ടാറക്കാട് ആൻ്റണി അലക്‌സിനെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ നാലിന് അണ്ടത്തോട് കുമാരൻ പടിയിൽ രാത്രി പത്തോടെയാണ് അപകടമുണ്ടായത്. മത്സ്യം കയറ്റി പൊന്നാനി ഭാഗത്തേക്ക് പോകുകയായിരുന്ന മിനി പിക്അപ്പ് വാൻ എതിരെ വന്ന സ്‌കൂട്ടറിൽ തട്ടിയ ശേഷം നിറുത്താതെ പോകുകയായിരുന്നു. സ്‌കൂട്ടറിൽ സഞ്ചരിച്ചിരുന്ന യുവാക്കൾ റോഡിൽ വീഴുകയും, പിറകെ വന്ന മറ്റൊരു കാർ അപകടത്തിൽ പെടുകയും ചെയ്തു. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന അകലാട് പാട്ടരായിക്കൽ ഉമ്മറിൻ്റെ മകൻ സെഹീർ (22) പിന്നീട് മരിച്ചിരുന്നു. ആലപ്പുഴ മുതൽ പൊന്നാനി വരെയുള്ള ഇരുപത് സ്ഥലങ്ങളിലുള്ള സി.സി.ടി.വി കാമറകൾ വടക്കെക്കാട് എസ്.എച്ച്.ഒ: എം. സുരേന്ദ്രൻ, എസ്‌.ഐ: രാജീവ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പരിശോധിച്ചിരുന്നു. അന്വേഷണം ആലപ്പുഴ വരെ നീണ്ടപ്പോഴാണ് നിറുത്താതെ പോയ വാഹനത്തെക്കുറിച്ചുള്ള രൂപം ലഭിച്ചത്. വാഹനത്തിൻ്റെ വിവരങ്ങൾ ശേഖരിച്ച ശേഷം കുന്നംകുളം എ.സി.പി: ടി.എസ്. സനോജിൻ്റെ നിർദ്ദേശപ്രകാരം എ.എസ്‌.ഐ: അക്ബർ, സി.പി.ഒ: ലിനു, ഡെന്നിസ് എന്നിവരടങ്ങുന്ന പൊലീസ് സംഘം കന്യാകുമാരിയിലെത്തി വാഹനം കണ്ടെത്തുകയായിരുന്നു.