തിരുവനന്തപുരം: ജില്ലയിൽ നിയമം ലംഘിച്ച് സ്ഥാപിച്ചിരിക്കുന്ന മുഴുവൻ ബോർഡുകളും 48 മണിക്കൂറിനകം നീക്കം ചെയ്യുന്നതിനുള്ള സ്‌പെഷ്യൽ ഡ്രൈവ് ആരംഭിച്ചു. ഹൈക്കോടതി ഉത്തരവ് നടപ്പാക്കുന്നതിന്റെ ഭാഗമായി കളക്ടർ ഡോ. നവ്‌ജ്യോത് ഖോസയുടെ നേതൃത്വത്തിലാണ് സ്‌പെഷ്യൽ ഡ്രൈവ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നിയമം ലംഘിച്ച് സ്ഥാപിച്ച ബോർഡുകൾ ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡും അതതു തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാരുടെ നേതൃത്വത്തിൽ നീക്കം ചെയ്യും. ഓരോ താലൂക്കിലും സ്‌പെഷ്യൽ ഡ്രൈവിന്റെ ചുമതല അതത് ആർ.ഡി.ഒ.മാർക്ക് നൽകി. സ്‌പെഷ്യൽ ഡ്രൈവ് നടത്തുന്ന ടീമുകൾക്ക് പൊലീസ് സഹായം ഉറപ്പാക്കുന്നതിന് സിറ്റി, റൂറൽ പൊലീസ് മേധാവികൾക്കും കളക്ടർ നിർദേശം നൽകി. ഇന്നലെ ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡ് ജില്ലയിൽ നടത്തിയ പരിശോധനയിൽ നിയമം ലംഘിച്ച് സ്ഥാപിച്ച 5657 പ്രചാരണ സാമഗ്രികൾ നീക്കി. ഏഴു സ്‌ക്വാഡുകളാണ് ജില്ലയിൽ പ്രവർത്തിക്കുന്നത്. 5,101 പോസ്റ്ററുകൾ, 336 ബോർഡുകൾ, 220 കൊടികൾ എന്നിവയാണ് സ്‌ക്വാഡ് ഇതുവരെ നീക്കം ചെയ്തത്.