spider-statue-in-yerevan-

ലോകത്തിലെ തന്നെ ഏ​റ്റവും പഴക്കമുള്ള നഗരങ്ങളിൽ ഒന്നാണ് അർമേനിയൻ തലസ്ഥാനമായ യെറിവാൻ. ബി.സി 782 ൽ യുറാർതുവിലെ ആർഗിഷ്തി രാജാവ് സ്ഥാപിച്ച ഈ നഗരം 1920 മുതലാണ് അർമേനിയയുടെ തലസ്ഥാനമാകുന്നത്. പടിഞ്ഞാറൻ അർമേനിയയിൽ ഹ്രസ്ദാൻ നദിക്കരയിൽ സ്ഥിതിചെയ്യുന്ന ഈ പുരാതന നഗരം സംസ്‌കാരസമ്പന്നതയും കലാസൃഷ്ടികളുടെ ധാരാളിത്തവും കൊണ്ട് സഞ്ചാരികളെ അത്ഭുതപ്പെടുത്തും. ഇതിന് ഏ​റ്റവും മികച്ച ഉദാഹരണമാണ് നഗരത്തിലെ ചാൾസ് അസ്നാവൂർ സ്ക്വയർ.

ഫ്രഞ്ച് അർമേനിയൻ ഗായകനായിരുന്ന ചാൾസ് അസ്നാവൂറിന് സമർപ്പിച്ചിരിക്കുന്ന ഈ സ്ക്വയറിൽ മോസ്‌കോ സിനിമ, സ്​റ്റാനിസ്ലാവ്സ്‌കി റഷ്യൻ തിയേ​റ്റർ തുടങ്ങി നിരവധി ആകർഷണങ്ങൾ സഞ്ചാരികളെ കാത്തിരിക്കുന്നു. ചു​റ്റുമുള്ള മനോഹരമായ കെട്ടിടങ്ങൾ അവയുടെ മാ​റ്റ് കൂട്ടുന്നു. എവിടെ നോക്കിയാലും അർമേനിയൻ സംസ്‌കാരം പ്രതിഫലിപ്പിക്കുന്ന പ്രതിമകളും രൂപങ്ങളും കാണാം. ഇക്കൂട്ടത്തിൽ ഏ​റ്റവും ശ്രദ്ധയാകർഷിക്കുന്ന ഒന്നാണ് ലോഹഭാഗങ്ങൾ കൊണ്ട് നിർമ്മിച്ച ഭീമൻ ചിലന്തി പ്രതിമ.

റീസൈക്കിൾ ചെയ്ത ഗിയറുകൾ, പൈപ്പുകൾ, സ്പ്രിംഗുകൾ, ബോൾട്ടുകൾ മുതലായവ കൊണ്ടാണ് എട്ടു കാലുകൾ ഉള്ള ഈ ചിലന്തി പ്രതിമ നിർമ്മിച്ചിരിക്കുന്നത്. അരാ അലക്യാൻ എന്ന കലാകാരനാണ് ഈ സുന്ദരസൃഷ്ടിക്ക് പിന്നിൽ. പാഴ് ലോഹവസ്തുക്കൾ ഉപയോഗിച്ച് ഇത്തരം വ്യത്യസ്തമായ രൂപങ്ങൾ ഉണ്ടാക്കുന്നതിൽ ഏറെ പേരുകേട്ട ആളാണ് അലക്യാൻ.

1988 ൽ അർമേനിയയിലെങ്ങും ഉണ്ടായ ഭൂകമ്പത്തെത്തുടർന്ന്, തകർന്നുകിടക്കുന്ന കെട്ടിടങ്ങൾ നിരീക്ഷിച്ച സമയത്താണ് അലക്യാന് ഇങ്ങനെയൊരു ആശയം തോന്നിയത്.

എങ്ങും കണ്ട തുരുമ്പിച്ചതും തകർന്നതുമായ ലോഹ ഫ്രെയിമുകൾ അദ്ദേഹത്തിന് പ്രചോദനമായി. അവ ശേഖരിച്ച് അദ്ദേഹം പുതിയൊരു രീതി പരീക്ഷിക്കാൻ ആരംഭിച്ചു. ആളുകൾ ശ്രദ്ധിക്കാൻ തുടങ്ങിയതോടെ ആ പരീക്ഷണം വൻവിജയമായി മാറുകയും നിരവധിപ്പേർ സമാന ആശയം പിന്തുടരാൻ ആരംഭിക്കുകയും ചെയ്തു.

ചിലന്തിപ്രതിമയെ കൂടാതെ അലക്യാൻ ഇതേ രീതിയിൽ നിർമ്മിച്ച ഒരു കരടി പ്രതിമയും സ്ക്വയറിൽ കാണാം. തീ ഉപയോഗിച്ചാണ് ലോഹഭാഗങ്ങൾ വിളക്കിച്ചേർക്കുന്നത്. യെറിവാന് പുറമേ ബ്രസ്സൽസ്, ഇസ്താംബുൾ, മോസ്‌കോ എന്നിവയുൾപ്പെടെ ലോകമെമ്പാടുമുള്ള നഗരങ്ങളിൽ അലക്യാന്റെ ശിൽപങ്ങളുണ്ട്. ഇടയ്ക്കിടെ മനുഷ്യരൂപങ്ങൾ ഉണ്ടാക്കുമെങ്കിലും നാലു കാലുള്ള ജീവികളെ സൃഷ്ടിക്കാൻ ആണ് തനിക്ക് ഏറെ ഇഷ്ടം എന്ന് അലക്യാൻ പറയുന്നു.

ആർമേനിയയുടെ ഒരു സിഗ്‌നേച്ചർ ടൂറിസ്​റ്റ് സ്‌പോട്ടാണ് ചാൾസ് അസ്നാവൂർ ചത്വരം. രാജ്യം സന്ദർശിക്കുന്ന സഞ്ചാരികളെല്ലാം ഇവിടെയെത്തി കരടിപ്രതിമയുടെയും ചിലന്തിപ്രതിമയുടെയും മുന്നിലെത്തി ചിത്രങ്ങൾ എടുക്കുന്നത് പതിവാണ്. സോഷ്യൽ മീഡിയയിലെങ്ങും സൂപ്പർഹി​റ്റാണ് ഈ വ്യത്യസ്തമായ കലാസൃഷ്ടികൾ.