chenkal

കുറുമാത്തൂർ: അധികൃതർ കണ്ണടച്ചതോടെ ചെങ്ങളായി മേഖലയിലെ അനധികൃത ചെങ്കൽ ഖനനം കൊഴുക്കുന്നു. ദേവസ്വം ഭൂമിയിലും മിച്ചഭൂമിയെന്നും വ്യത്യാസമില്ലാതെയാണ് വർഷങ്ങളായി ചെങ്കൽ ഖനനം നടക്കുന്നത്. അനുമതി ലഭിക്കുന്ന പണകളിലാകട്ടെ പതിന്മടങ്ങ് വിസ്തൃതിയിലും ഖനനം നടത്തുകയാണ്.

പരാതികൾ വ്യാപകമാകുമ്പോൾ റെയ്ഡ് നടത്തി ചെങ്കൽ ഖനനം നടത്തുന്ന ഉപകരണങ്ങളും വാഹനങ്ങളും ഉദ്യോഗസ്ഥർ പിടിച്ചെടുക്കും. എന്നാൽ ഖനന മാഫിയ സമ്മർദ്ദം ചെലുത്തി നടപടി ഒഴിവാക്കാനുള്ള ശ്രമവും തുടരുകയാണ്.

നിയമ വിധേയമായി ഓടുന്ന ലോറികളെ പോലും അധികൃതർ തടയുന്നു എന്നാണ് ഇവരുടെ വാദം. മിച്ചഭൂമിയിലും ദേവസ്വം ഭൂമിയിലുമായി ആയിരക്കണക്കിന് ഏക്കർ സ്ഥലത്ത് ഇപ്പോൾ അനധികൃത ഖനനം തുടരുന്നുണ്ട്. ജനരോഷത്തെ തുടർന്ന് അധികൃതർ തടഞ്ഞതോടെയാണ് പലയിടത്തും ചെങ്കൽ ഖനനം നിർത്തിവെക്കാൻ ഇടയാക്കിയത്.

നിർമ്മാണ മേഖല സ്തംഭിച്ചെന്നും തൊഴിലാളികൾ പട്ടിണിയിലാണെന്നും വാദിച്ച് തിരഞ്ഞെടുപ്പിന്റെ മറവിൽ വിട്ടു വീഴ്ച നേടാനാണ് ശ്രമമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തളിപ്പറമ്പ് മേഖലാ കമ്മറ്റി ആരോപിക്കുന്നു. പാരിസ്ഥിതികാഘാതം പഠിച്ച് സോഷ്യൽ ഓഡിറ്റിംഗ് നടത്തി ചെങ്കൽ ഖനന മേഖലയെ സമ്പൂർണമായും സാമൂഹ്യ നിയന്ത്രണത്തിൽ കൊണ്ടുവരണമെന്നാണ് ഇവരുടെ ആവശ്യം.