voting

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ കേരള - തമിഴ്നാട് അതിർത്തി പ്രദേശങ്ങളിലെ പഞ്ചായത്ത് വാർഡുകളിൽ പലതിലും വിധി നിർണയിക്കുന്നത് കന്യാകുമാരി ജില്ലയിലെ വോട്ടർമാർ. ഇരുസംസ്ഥാനത്തും വോട്ടവകാശമുള്ള നിരവധിപേർ അതിർത്തി പഞ്ചായത്തുകളിലുണ്ട്. കഴിഞ്ഞ ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ വിവിധ രാഷ്ട്രീയ പാർട്ടിക്കാരുടെ ഇഷ്ടാനുസരണം കേരളത്തിലെത്തി വോട്ടുരേഖപ്പെടുത്തിയവർ നിരവധിയാണ്. തമിഴ്നാട്ടിൽ സ്ഥിരതാമസക്കാരായ ഈ വോട്ടർമാരുടെ വിവരങ്ങൾ കണ്ടെത്തി വോട്ടർപട്ടികയിൽ നിന്ന് നീക്കംചെയ്യാൻ വിവിധ സാമൂഹ്യ സംഘടനകൾ അധികൃതരെ സമീപിച്ചെങ്കിലും നടപടി ഉണ്ടായില്ലെന്ന ആക്ഷേപവും ശക്തമാണ്.

ഇത്തരത്തിൽ വോട്ട് ചെയ്യാനെത്തുന്ന പലർക്കും ഇരുസംസ്ഥാനത്തെയും വോട്ടർ പട്ടികയിലും റേഷൻകാർഡിലും പേരുണ്ട്. കാരോട്, കുളത്തൂർ, പാറശാല, കൊല്ലയിൽ, കുന്നത്തുകാൽ, മാങ്കോട്, വെള്ളറട പഞ്ചായത്തിലെ അതിർത്തി വാർഡുകളിലാണ് ഇത്തരക്കാർ ഏറെയും ഉള്ളത്. പാറശാല പഞ്ചായത്തിലെ പുത്തൻകട, ഇഞ്ചിവിള, കളിയിക്കാവിള, വന്യംങ്കോട്, ചെറുവാരക്കോണം വാർഡുകളിലും കാരോട് പഞ്ചായത്തിലെ അമ്പിലികോണം, ചെങ്കവിള, ഉച്ചക്കട വാർഡുകളിലും ഇരു സംസ്ഥാനങ്ങളിലും വോട്ടവകാശം ഉള്ളവർ നിരവധിയാണ്. അമ്പിലികോണം വാർഡിൽ മാത്രം ഇത്തരം അമ്പതിനടുത്ത് അനധികൃത വോട്ടർമാരെ വിവരാവകാശപ്രവർത്തകർ കണ്ടെത്തിയിരുന്നു. ഇവരെ വോട്ടർപട്ടികയിൽ നീക്കം ചെയ്യുന്നത് സംബന്ധിച്ച പരാതി ജില്ലാ കളക്ടറുടെ പരിഗണനയിലാണ്.