കൊയിലാണ്ടി: വിജയ സാദ്ധ്യതയുള്ള സീറ്റുകളെല്ലാം പഴയ പുലികൾ പിടിച്ചെടുത്തതോടെ ലീഗിലെ യുവ തുർക്കികൾക്ക് ലഭിച്ചത് തോൽക്കാൻ സാദ്ധ്യത കൂടിയ സീറ്റുകൾ മാത്രം. കൊയിലാണ്ടി നഗരസഭയിൽ ലീഗ് മത്സരിക്കുന്ന പത്ത് സീറ്റുകളിൽ ആറിലും പഴയ കൗൺസിലർമാരാണ് കളത്തിൽ ഇറങ്ങിയത്.
നാൽപ്പത്തിരണ്ടാം വാർഡിൽ സ്ഥാനാർത്ഥിക്ക് എതിരെ റിബലുമുണ്ട്. മുപ്പത്തി ഏഴാം ഡിവിഷൻ കൊയിലാണ്ടി സൗത്തിൽ മത്സരിക്കുന്ന ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് വി.പി. ഇബ്രാഹിം കുട്ടി മൂന്നാം തവണയാണ് ജനവിധി തേടുന്നത്. കഴിഞ്ഞ രണ്ട് തവണയും മുനിസിപ്പൽ കൗൺസിൽ അംഗമായിരുന്നു. മുപ്പത്തി ഒമ്പത് കൊയിലാണ്ടി ടൗൺ വാർഡിൽ മത്സരിക്കുന്ന എ. അസീസ്, നാൽപ്പത്തിരണ്ട് ഊരാകുന്നിൽ ജനവിധി തേടുന്ന കെ.എം. നജീബും മൂന്നാം തവണയാണ് മത്സരരംഗത്ത്. കഴിഞ്ഞ തവണ ഇരുവരും പരാജയപ്പെട്ടിരുന്നു.
മുപ്പത്തി എട്ട് താഴങ്ങാടിയിൽ മത്സരിക്കുന്ന കെ.ടി.വി. റഹ്മത്തും നാല്പത്തിനാലിൽ കണിയാം കുന്നിൽ ജനവിധി തേടുന്ന കെ.ടി സുമയും കഴിഞ്ഞ കൗൺസിലിൽ അംഗങ്ങളായിരുന്നു. നാല്പത്തിമൂന്ന് കൊല്ലം വെസ്റ്റിൽ മത്സരിക്കുന്ന വി.പി ഫക്രൂദ്ദീനും മുൻ കൗൺസിലറാണ്. വിജയം ഉറപ്പിക്കാവുന്ന ഈ അഞ്ച് ഡിവിഷനുകളിലും സ്ഥിരക്കാർ മത്സരിക്കുന്നതിനെതിരെ സംഘടനയ്ക്കകത്ത് എതിർപ്പ് ശക്തമാണ്. എന്നാൽ പരിചയ സമ്പന്നരെ രംഗത്തിറക്കി ഭരണം പിടിക്കാൻ വേണ്ടിയാണ് മുൻ കൗൺസിലർമാരെ മത്സരിപ്പിക്കുന്നതെന്ന് ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് ഹുസ്സയിൻ ബാഫക്കി തങ്ങൾ പറഞ്ഞു.
വിജയം അസാദ്ധ്യമായ കാവുംവട്ടം ഡിവിഷനിലാണ് പുതുമുഖമായ യൂത്ത് ലീഗ് നേതാവ് ഫാസിൽ മത്സരിക്കുന്നത്. വിദ്യാർത്ഥി യുവജന രംഗങ്ങളിൽ നേതൃത്വ ശേഷിയുള്ളവർ ഉണ്ടായിട്ടും അവരെ പരിഗണിക്കാത്തതിൽ വലിയ എതിർപ്പ് ഉണ്ടായിരുന്നു. സംസ്ഥാന നേതൃത്വം പുതുമുഖങ്ങളെ പരിഗണിക്കണമെന്നാവശ്യപ്പെട്ടിട്ടും കൊയിലാണ്ടിയിൽ അത് നടപ്പാക്കിയിട്ടില്ല. കൊയിലാണ്ടി നഗരസഭ പഞ്ചായത്തായിരുന്ന കാലത്ത് പ്രസിഡന്റ് പദവി പല ഘട്ടങ്ങളിലും ലീഗിനായിരുന്നു. സ്ഥിരം മുഖങ്ങളെ സ്ഥാനാർത്ഥിയാക്കുന്നത് ചൂണ്ടിക്കാണിച്ചാണ് എൽ.ഡി.എഫ് പ്രചരണം നടത്തുന്നത്.