കാഞ്ഞങ്ങാട്: 1988 മുതൽ 2010 വരെ നാലു തിരഞ്ഞെടുപ്പുകളിലാണ് മുസ്ലീം ലീഗ് നേതാവ് ടി. അബൂബക്കർ ഹാജി മത്സരിച്ചത്. ഇതിൽ ഒന്നിൽ എതിരാളിയോട് അടിയറവ് പറഞ്ഞു. മറ്റൊരു തിരഞ്ഞെടുപ്പിൽ പരാജയം ഉറപ്പിച്ച് വീട്ടിലിരുന്നതാണ്. വോട്ടെണ്ണിക്കഴിഞ്ഞപ്പോൾ എതിരാളിയേക്കാൾ 40 വോട്ട് അധികം നേടി വിജയിയായി. അബൂബക്കർ ഹാജിയുടെ മനസിൽ, ഇപ്പോഴും തങ്ങിനിൽക്കുന്നത് ആ തിരഞ്ഞെടുപ്പാണ്. 2010 ലെ തിരഞ്ഞെടുപ്പിൽ തനിക്കെതിരെ മത്സരിച്ചത് തന്റെ പാർട്ടിക്കാരൻ തന്നെയായ ടി.പി. അബ്ദുള്ളയാണ്. എൽ.ഡി.എഫിന്റെ പിന്തുണയോടെയായിരുന്നു അബ്ദുള്ളയുടെ രംഗപ്രവേശം. പ്രചാരണം കൊടുമ്പിരികൊണ്ടു. മുസ്ലീം ലീഗിലൊരു വിഭാഗം ടി.പിയോട് അനുഭാവം പ്രകടിപ്പിക്കാൻ തുടങ്ങിയതോടെ താൻ പരാജയം മണത്തതാണ്. എന്നാൽ പ്രതീക്ഷിക്കാത്ത ഇടങ്ങളിൽ നിന്നും വോട്ടു കിട്ടി. അതോടെ തന്റെ കീഴിൽ രാഷ്ട്രീയപ്രവർത്തനം ആരംഭിച്ച ടി.പി. അബ്ദുള്ളയെ തോൽപ്പിക്കാനുമായി. മൂന്നു കൗൺസിലുകളിൽ അംഗമായെങ്കിലും 88 ലെ ആദ്യ കൗൺസിലിലെ അംഗം എന്ന നിലയിൽ ഒട്ടേറെ കാര്യങ്ങൾ ചെയ്യാൻ കഴിഞ്ഞു. പുതിയ ബസ് സ്റ്റാൻഡ് അലാമിപ്പള്ളിയിൽ വേണമെന്ന് ആദ്യം ശുപാർശ ചെയ്തത് ആ കൗൺസിലാണ്. ഇതിനു പുറമെ കോട്ടക്കടവ് റോഡ് ടാറിംഗും കോട്ടക്കടവ് തൂക്കു പാലവും താൻ കൗൺസിലറായിരുന്ന കാലയളവിലാണ് വന്നതെന്നും അദ്ദേഹം പറഞ്ഞു. 2020 ൽ വീണ്ടുമൊരു തിരഞ്ഞെടുപ്പ് വരുമ്പോൾ അബൂബക്കർ ഹാജി വീട്ടിൽ വിശ്രമത്തിലാണ്.