കല്യാശ്ശേരി: സി.പി.എമ്മിന്റെ ഉറച്ച കോട്ടകളെന്ന് വിലയിരുത്തുന്ന പാപ്പിനിശ്ശേരി, കല്യാശ്ശേരി, കണ്ണപുരം പഞ്ചായത്തുകൾ (11വാർഡ്) ഉൾപ്പെടുന്ന ഡിവിഷനാണ് കല്യാശ്ശേരി. കഴിഞ്ഞ ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ മികച്ച ഭൂരിപക്ഷം നേടിയ ഡിവിഷൻ കൂടിയാണ്. ലോക്‌സഭ തിരഞ്ഞെടുപ്പ് ഒഴിവാക്കിയാൽ മിക്ക തിരഞ്ഞെടുപ്പിലും മേൽക്കൈ ലഭിക്കുന്ന പ്രദേശങ്ങളാണ്. പാപ്പിനിശ്ശേരി പഞ്ചായത്തിലെ 20 വാർഡുകളും കല്യാശ്ശേരി പഞ്ചായത്തിലെ 18വാർഡുകളും കണ്ണപുരത്തെ 11 വാർഡുകളും അടക്കം മൊത്തം 49 വാർഡുകൾ ഇതിൽ ഉൾപ്പെടും. മൂന്ന് വർഡുകൾ മാത്രമാണ് യു.ഡി.എഫ്. പക്ഷത്തുള്ളത്. ഒരു വാർഡ് കഴിഞ്ഞ തവണ എസ്.ഡി.പി.ഐ. വിജയിച്ചതാണ്.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പാപ്പിനിശ്ശേരിയിൽ 1354 വോട്ട് എൽ.ഡി.എഫിനെക്കാൾ അധികം നേടിയതും മറ്റ് പഞ്ചായത്തുകളിൽ ഇടതു മുന്നണിയുടെ ലീഡ് കുറക്കാനായതുമാണ് യു.ഡി.എഫിന്റെ ഏക ആശ്വാസം. എന്നാൽ ഇക്കുറി കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ലഭിച്ച ഭൂരിപക്ഷത്തിനപ്പുറം കടത്തുമെന്നാണ് എൽ.ഡി.എഫ്. കേന്ദ്രങ്ങൾ അവകാശപ്പെടുന്നത്. ഭരണത്തിന് എതിരെയുള്ള ജനവികാരം വോട്ടിംഗിൽ പ്രതിഫലിക്കുമെന്ന് യു.ഡി.എഫ്. അവകാശപ്പെടുന്നു. ഇരു മുന്നണികളേയും ഞെട്ടിച്ച് കുതിപ്പ് സൃഷ്ടിക്കുമെന്നാണ് ബി.ജെ.പി. അവകാശവാദം.
ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷയാക്കാൻ പരിഗണിക്കുന്ന പി.പി. ദിവ്യയാണ് ഇടതു മുന്നണി സ്ഥാനാർത്ഥി. സി.പി.എം. ജില്ലാ കമ്മിറ്റി അംഗം, ഡി.വൈ.എഫ്.ഐ. കേന്ദ്ര കമ്മിറ്റിയംഗം. എന്നീ നിലകളിലും പ്രവർത്തിക്കുന്നു. മുൻ കണ്ണൂർ സർവകലാശാല വൈസ് ചെയർപേഴ്സണും സംസ്ഥാന വനിതാ ഫുട്‌ബാൾ ടീം അംഗവുമായിരുന്നു ദിവ്യ. യു.ഡി.എഫ്. സ്ഥാനാർത്ഥിയായി സി.എം.പിയുടെ കീഴിലുള്ള കേരള മഹിളാ ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കാഞ്ചന മാച്ചേരിയാണ് മത്സരിക്കുന്നത്. സി.എം.പി.യുടെ സംസ്ഥാന കൗൺസിൽ അംഗവുമാണ്. ദീർഘകാലം കണ്ണൂർ സർവീസ് സഹകരണ ബാങ്ക് ജീവനക്കാരിയായും പ്രവർത്തിച്ചിരുന്നു. ആദ്യമായാണ് തിരഞ്ഞെടുപ്പ് രംഗത്തിറങ്ങിയത്.
ബി.ജെ.പി. സ്ഥാനാർത്ഥിയായി മത്സരിക്കുന്നത് ആരോളി വടേശ്വരം സ്വദേശിനി ഗിരിജ രാധാകൃഷ്ണാണ്. മഹിളാ മോർച്ച ഭാരവാഹിയാണ്. കഴിഞ്ഞ രണ്ടു തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പുകളിലും പാപ്പനിശ്ശേരി ഗ്രാമ പഞ്ചായത്തിൽ സ്ഥാനാർത്ഥിയായി മൽസരിച്ചിരുന്നു. കഴിഞ്ഞ ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഡിവിഷനിൽ ഡി.വൈ.എഫ് ഐ . സംസ്ഥാന കമ്മിറ്റിയംഗം പി.പി. ഷാജിർ 20381 ഭൂരിപക്ഷത്തിനാണ് സി.എം.പി. നേതാവ് മാണിക്കര ഗോവിന്ദനെ പരാജയപ്പെടുത്തിയത്.
2015ലെ ഫലം
ആകെ വോട്ട് - 75960
പോൾ ചെയ്തത് - 465 87
പി.പി. ഷാജിർ (സി.പി.എം.)-30244
മാണിക്കര ഗോവിന്ദൻ സി.എം.പി.- 9863
ബിജു ത്യത്തി ബി.ജെ.പി. -5748
സൈനുദ്ദീൻ കരിവെള്ളൂർ (വെൽഫെയർ പാർട്ടി)- 682