building

ആലക്കോട്: ലക്ഷങ്ങൾ ചെലവഴിച്ച് നിർമ്മിച്ചും പരിഷ്കരിച്ചും ഉണ്ടാക്കിയ ഒരു കെട്ടിടം അഴിമതിയുടെ സ്മാരകമായി ആലക്കോട് നഗരത്തിലുണ്ട്. ബസ് സ്റ്റാൻഡ് കെട്ടിടത്തിന്റെ ഭാഗമായി നിർമ്മിക്കുകയും പിന്നീട് ജീപ്പ് സ്റ്റാൻഡ് എന്ന് പേര് മാറ്റുകയും ഒടുവിൽ മത്സ്യ മാർക്കറ്റായും പേരു മാറ്റിയ കെട്ടിടമാണ് ജനങ്ങളെ നോക്കി കൊഞ്ഞനം കുത്തുന്നത്. ഒരു കാലത്തും ആർക്കും ഉപകാരപ്പെടാത്ത കെട്ടിടം പൊളിച്ചു നീക്കണമെന്നും ആവശ്യം ഉയരുന്നുണ്ടെങ്കിലും അധികൃതർ ഇതൊന്നും കണ്ട ഭാവം നടിക്കുന്നില്ല.

കാൽ നൂറ്റാണ്ട് മുൻപാണ് ആലക്കോട് പഞ്ചായത്ത് ഭരണസമിതി ബസ് സ്റ്റാന്റ് വികസനത്തിനെന്ന പേരിൽ ഈ കെട്ടിടം പണിതത്. നഗരമദ്ധ്യത്തിൽ പണിത ബസ് സ്റ്റാൻഡിൽ കയറാൻ വർഷങ്ങളായിട്ടും ബസുകൾ പോലും തയ്യാറായിട്ടില്ല. ബസ് സ്റ്റാൻഡിനോട് ചേർന്നാണ് ജീപ്പ് സ്റ്റാന്റിന് വേണ്ടി ഈ കെട്ടിടം നിർമ്മിച്ചത. എന്നാൽ കെട്ടിടം ടൗണിലെ ടാക്സി ജീപ്പുകൾ ഇവിടേയ്ക്ക് മാറ്റാൻ ടാക്സി തൊഴിലാളികളും തയ്യാറായില്ല. ഇതേ തുടർന്ന് ഈ കെട്ടിടം 10 മുറികളുള്ള മത്സ്യമാർക്കറ്റാക്കാൻ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചു. മുറികൾ പണിയുന്നതിനും വയറിംഗ് ജോലികൾക്കും ഷട്ടറുകൾ നിർമ്മിക്കുന്നതിനുമൊക്കെയായി ലക്ഷക്കണക്കിനു രൂപ വീണ്ടും ചെലവഴിച്ചു.

എന്നാൽ നിർമ്മാണം പൂർത്തിയാക്കി കഴിഞ്ഞപ്പോഴാണ് നിയമ വിരുദ്ധമായിട്ടാണ് ഈ കെട്ടിടം നിർമ്മിച്ചിരിക്കുന്നതെന്ന പരാതി ഉയർന്നു വന്നത്. പഞ്ചായത്ത് റോഡിൽ നിന്നും നിശ്ചിത അകലം പാലിക്കാതെ നിർമ്മിച്ച കെട്ടിടത്തിനു മുകളിൽ കൂടി ഹൈടെൻഷൻ വൈദ്യുതി ലൈനും കടന്നുപോകുന്നുണ്ട്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി നൽകിയ പരാതിയിൽ കഴമ്പുണ്ടെന്ന് ബോദ്ധ്യമായതോടെ ഈ കെട്ടിടം എത്രയും പെട്ടെന്ന് പൊളിച്ചുനീക്കണമെന്ന ആവശ്യവുമായി ഒരു വിഭാഗം ആളുകൾ രംഗത്തെത്തി. ഇതോടെ ഈ കെട്ടിടത്തെ പഞ്ചായത്ത് കയ്യൊഴിഞ്ഞു. ഭഭരണസമിതികൾ മാറിമാറി വന്നിട്ടും ഈ വിവാദ കെട്ടിടം വഴിമുടക്കിയായി നിൽക്കുകയാണ്.