മുക്കം: തിരുവമ്പാടി ഡിവിഷൻ പിടിക്കാൻ തീപാറും പോരാട്ടം നടക്കുമ്പോൾ പ്രധാനപ്പെട്ട മൂന്നു സ്ഥാനാർത്ഥികളും കാരശ്ശേരിക്കാരാണ്. കാരശ്ശേരി പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന വി.പി. ജമീലയാണ് ഇടതു മുന്നണി സ്ഥാനാർത്ഥി. ആനയാംകുന്ന് ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപികയായിരുന്ന ബൽക്കീസിനെ യു.ഡി.എഫ് കളത്തിലിറക്കി. ബി.ജെ.പി കളത്തിലിറക്കിയതാകട്ടെ ജോയ്സി മാത്യുതറപ്പേലിനെയും.
ജമീലയും ജോയ്സി മാത്യുവും കാരശ്ശേരിയിൽ സ്ഥിരതാമസക്കാരും ബൽക്കീസ് മാവൂരിലേക്ക് വിവാഹം ചെയ്തയച്ച കാരമൂലകാരിയുമാണ്. ഇവർ ഏറെ കാലമായി ആനയാംകുന്ന് സ്‌കൂളിൽ അദ്ധ്യാപികയായതിനാൽ നാട്ടുകാർക്ക് സുപരിചിതയാണ്. വൈസ് പ്രസിഡന്റ് എന്ന നിലയിൽ തിളക്കമാർന്ന പ്രവർത്തനം കാഴ്ചവെച്ചതിന്റെ ആത്മവിശ്വാസത്തിലാണ് വി.പി. ജമീല. 2015ൽ യു.ഡി.എഫിലെ സി.കെ. കാസിം(മുസ്ലിം ലീഗ്) 226 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എൽ.ഡി.എഫിലെ ജോളി ജോസഫിനെ (സി.പി.എം) ഈ സിറ്റിൽ മലർത്തിയടിച്ചത്.
കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിലെ തിരുവമ്പാടി, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിലെ കുമാരനെല്ലൂർ, കാരശ്ശേരി, പന്നിക്കോട് ഡിവിഷനുകൾ ചേർന്നതാണ് ജില്ലാ പഞ്ചായത്ത് തിരുവമ്പാടി ഡിവിഷൻ. നാല് ഗ്രാമപഞ്ചായത്തുകളിലെ 36 വാർഡുകളാണ് ഈ ഡിവിഷനിൽ ഉൾപ്പെടുന്നത്. കൂടരഞ്ഞി പഞ്ചായത്തിലെ രണ്ടും തിരുവമ്പാടിയിലെ എട്ടും കാരശ്ശേരിയിലെ 18 ഉം കൊടിയത്തൂരിലെ എട്ടും വാർഡുകൾ ഉൾപെടും.
യു.ഡി.എഫ് സ്ഥാനാർത്ഥിയായ ബൽക്കീസ് ആനയാംകുന്ന് ഹൈസ്‌ക്കൂൾ സാമൂഹിക ശാസ്ത്ര അദ്ധ്യാപികയായിരുന്നു. ഇക്കഴിഞ്ഞ മേയ് 31 നാണ് വിരമിച്ചത്. കേരള സ്‌കൂൾ ടീച്ചേഴ്സ് യൂണിയൻ ജില്ലാ കമ്മിറ്റി ജോ കൺവീനറായും പ്രവർത്തിച്ചിട്ടുണ്ട്. മാവൂർ ശിശു സൗഹൃദ പൊലീസ് സ്‌റ്റേഷനിൽ കൗൺസലിംഗിന്റെ ചുമതലയുണ്ടായിരുന്നു. മന:ശാസ്ത്രത്തിലും ചരിത്രത്തിലും ബിരുദാനന്തര ബിരുദധാരിയാണ്.
ഇടതു മുന്നണി സ്ഥാനാർഥിയായ വി.പി. ജമീല കാരശ്ശേരി പഞ്ചായത്ത് കുടുംബശ്രീ എ.ഡി.എസ് പ്രസിഡന്റ്, ജനാധിപത്യ മഹിള അസോസിയേഷൻ കാരശ്ശേരി നോർത്ത് മേഖല പ്രസിഡന്റ് എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. സി.പി.എം ബ്രാഞ്ച് അംഗമായ ഇവർ ഹിന്ദി അദ്ധ്യാപന യോഗ്യത നേടിയിട്ടുമുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ലഭിച്ചതിന്റെ ഇരട്ടി വോട്ടങ്കിലും ഇത്തവണ ലഭിക്കുമെന്ന ആത്മ വിശ്വാസവുമായാണ് എൻ.ഡി.എ സ്ഥാനാർത്ഥി ജോയ്സി മാത്യു.