പേരാമ്പ്ര: ആവള കുറ്റിയോട്ടു നടയിൽ പൂത്ത ചല്ലിപ്പൂക്കൾ കൃഷി നശിപ്പിക്കുമോ എന്ന ആശങ്കയിലാണ് കർഷകർ. കാഴ്ചയിൽ മനോഹരമായ മുള്ളൻപായൽ എന്ന ഇനത്തിൽപ്പെട്ട ചല്ലി പൂക്കൾ അതിവേഗം വളർന്ന് വ്യാപിക്കുന്ന ഇനമാണെന്നും ഇത് മറ്റു കൃഷിയിനങ്ങളെ അതിവേഗം നശിപ്പിക്കുമെന്നും കർഷകർ ആശങ്കപ്പെടുന്നു. ഇവയെ പറ്റി പഠനം നടത്തണമെന്നും അവർ ആവശ്യപ്പെടുന്നു.
ആയിരക്കണക്കിന് ഏക്കർ വരുന്ന മലബാറിന്റെ നെല്ലറയായ ചെറുവണ്ണൂരിലെ ആവള പാണ്ടിയിൽ നിന്ന് ഇവ നീക്കം ചെയ്യാൻ ഉടൻ നടപടി സ്വീകരിക്കണമെന്നും ആവശ്യമുയർന്നു. നാല് വർഷത്തോളമായി ഈ ചല്ലി പൂക്കൾ ആവളയിൽ കണ്ടു തുടങ്ങിയിട്ട്. എന്നാൽ കഴിഞ്ഞ ദിവസമാണ് ഇവ പൂത്തത്. കണ്ണിനും മനസിനും കുളിരു പകരുകയാണ് മുള്ളൻപായൽ പൂക്കൾ. ഒടുവിൽ കൃഷിക്ക് വില്ലനാകുമോ എന്നാണ് കർഷകരുടെ ഉത്ക്കണ്ഠ. കുറ്റിയോട്ട് നടതോട്ടിലെ ജലപ്പരപ്പിൽ അരകിലോമീറ്ററോളം ദൂരത്തിൽ പായൽ പൂവിട്ടു നിൽക്കുന്ന കാഴ്ച കാണാൻ കഴിഞ്ഞ പണിമുടക്ക് ദിവസവും നൂറുകണക്കിന് സന്ദർശകരെത്തി. വയലറ്റ് നിറത്തിലുള്ള പൂക്കൾ കാമറയിൽ പകർത്തുവാൻ വിദ്യാർത്ഥികളും യുവാക്കളുമുൾപ്പെടെ കൂട്ടത്തോടെ എത്തുകയാണ്. സംഭവം സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായതോടെ സന്ദർശകരുടെ എണ്ണവും വർധിച്ചു. ശക്തമായ വെയിൽ ചൂടിൽ വയൽ 12നും 3 മണിക്കുമിടയിൽ മധ്യാഹ്നത്തിലാണ് പൂർണ്ണ സൗന്ദര്യം പ്രസരിപ്പിച്ച് പൂക്കൾ വിരിഞ്ഞു നിൽക്കുക. അതുകൊണ്ട് തന്നെ ഈ സമയത്ത് കാഴ്ചക്കാരുടെ എണ്ണവും കൂടുതലാണ്. പലരും കുളത്തിലും അക്വേറിയത്തിലും നിക്ഷേപിക്കാൻ ഇവകൊണ്ടു പോകുന്നു. കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചുള്ള പലരുടെയും സന്ദർശനം ആശങ്ക ഉയർത്തുന്നതായും പരിസരവാസികൾ പറഞ്ഞു.